യുവതി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍; മുനിയാണ്ടിയുടെ വീട്ടില്‍ ലക്ഷ്മി എത്തിയത് രണ്ട് ദിവസം മുന്‍പ്; മരണത്തില്‍ ദുരൂഹത

ഇടുക്കി: ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍. ഇടുക്കി മൂന്നാറിലെ തോട്ടം തൊഴിലാളി കാളിമുത്തുവിന്റെ ഭാര്യ ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാളിമുത്തുവിന്റെ സുഹൃത്ത് മുനിയാണ്ടിയുടെ വീട്ടിലാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടത്.

മാട്ടുപെട്ടി ടോപ് ഡിവിഷനിലാണ് മുനിയാണ്ടിയുടെ വീട്. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് ലക്ഷ്മി ഭര്‍ത്താവുമൊത്ത് മുനിയാണ്ടിയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ രാത്രിയില്‍ കാളിമുത്തു ജോലി ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയിരുന്നു. മുനിയാണ്ടിയും ബന്ധുക്കളുമാണ് മരണവിവരം എസ്റ്റേറ്റ് മാനേജ്‌മെന്റിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെന്ന് മൂന്നാര്‍ പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “മുനിയാണ്ടിയെയും കാളിമുത്തുവിനെയും ചോദ്യം ചെയ്ത് വിട്ടയച്ചു. ലക്ഷ്മിയുടെ ആദ്യഭര്‍ത്താവ് മുന്‍പേ മരിച്ചു. പിന്നീട് കാളിമുത്തുവിനെ രണ്ടാം വിവാഹം ചെയ്തതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ലക്ഷ്മിയുടെ മരണത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.” – പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top