മൂന്ന് മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഹിറ്റ്; വര്‍ക്കുകളെല്ലാം എണ്ണം പറഞ്ഞ സംഗീതഞ്ജര്‍ക്കൊപ്പം; വണ്ടര്‍ ലിറിസിറ്റ് ലക്ഷ്മി ശ്രീകുമാര്‍

എഴുതിയ എല്ലാ ഗാനങ്ങളും ഹിറ്റ്. അതില്‍ മൂന്ന് മോഹന്‍ലാല്‍ ചിത്രങ്ങളും. ആരും കൊതിക്കുന്ന നേട്ടം സ്വന്തമാക്കി ഗാനരചനയിലെ വണ്ടറായി മാറിയിരിക്കുകയാണ് ലക്ഷ്മി ശ്രീകുമാര്‍ എന്ന പെണ്‍കുട്ടി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മകള്‍ എന്ന ലേബലില്‍ നിന്നും ഏറെ മുന്നോട്ടു പോയിരിക്കുന്നു ലക്ഷ്മി. ഒടിയനില്‍ തുടങ്ങിയ സിനിമാ യാത്ര ഇപ്പോള്‍ ബറോസില്‍ എത്തി നില്‍ക്കുകയാണ്. മെലഡിയും അടിപൊളി പാട്ടുകളും ഒരു പോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ഇനിയും ഏറെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്ന് ശ്രീലക്ഷ്മി മാധ്യമ സിന്‍ഡിക്കറ്റിനോട് പങ്കുവച്ചു.

ബറോസ് എന്ന വിസ്മയം; പ്രിമിയറിന് മോഹന്‍ലാലിൻ്റെ ക്ഷണം ഞെട്ടിച്ചു

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസിലാണ് ലക്ഷ്മി അവസാനമായി പാട്ടെഴുതിയത്. ആദ്യമായി പാട്ടെഴുതിയത് മോഹന്‍ലാല്‍ ചിത്രമായ ഓടിയനില്‍. അവിടെ തുടങ്ങിയ ആ ബന്ധമാണ് ബ്രോ ഡാഡി വഴി ബറോസിലേക്ക് എത്തിയത്. ഫോണിലൂടെ വിശദമായി കാര്യങ്ങള്‍ പറഞ്ഞുതന്ന ശേഷം ലൊക്കേഷനില്‍ ഒരുമിച്ചിരുന്ന് തയാറാക്കിയതാണ് ബറോസിലെ പാട്ട്. പെര്‍ഫെക്ഷന്‍ നോക്കി ഓരോ വരിയിലും തിരുത്തലുകള്‍ നിര്‍ദേശിച്ചു. അങ്ങനെ ഒത്തിരി സമയമെടുത്ത് എഴുതിയ ആദ്യ പാട്ടാണ്. വരികള്‍ ഇഷ്ടമായി എന്ന് പറയുന്നതു വരെ എഴുതി. നാലു വരി മാത്രമാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. പാട്ടെഴുതിയത് നല്ല അനുഭവമാണെങ്കിലും അതിലും ഞെട്ടിച്ചത് ചിത്രത്തിന്റെ പ്രിമിയര്‍ കാണാന്‍ മോഹന്‍ലാല്‍ നേരിട്ട് ക്ഷണിച്ചപ്പോഴാണ്. മഹാനടനോടൊപ്പമിരുന്നു സിനിമ കണ്ടപ്പോള്‍ സ്വപ്‌നത്തിലാണ് എന്നാണ് തോന്നിയത്. ഇനിയുളള യാത്രയില്‍ അത് വലിയൊരു ഊര്‍ജമായി ഉണ്ടാകും എന്ന് ഉറപ്പാണ്.

പ്ലസ് വണിന് പഠിക്കുമ്പോള്‍ ആദ്യ കവിത മാതൃഭൂമിയില്‍

കുട്ടിക്കാലം മുതല്‍ എഴുത്തുണ്ട്. എന്നാല്‍ സിനിമയില്‍ പാട്ടെഴുതും എന്ന് കരുതിയിരുന്നില്ല. കവിതയെഴുത്ത് മത്സരത്തിലൊന്നും പങ്കെടുത്തിട്ടുമില്ല. പ്ലസ് വണിന് പഠിക്കുമ്പോള്‍ ആദ്യ കവിത മാതൃഭൂമി ആഴ്ച പതിപ്പില്‍ അച്ചടിച്ചുവന്നു. അതോടെയാണ് ഒരു കോണ്‍ഫിഡന്‍സ് വന്നത്. സീരിയസായി എഴുത്തിനെ കണ്ടു. അതിലേക്ക് വേണ്ട ശ്രമങ്ങള്‍ തുടങ്ങി.

ആദ്യം എഴുതിയത് ഒടിയനില്‍ അല്ല

അച്ഛന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനില്‍ ആയിരുന്നില്ല ആദ്യമായി പാട്ടെഴുതിയത്. പ്ലസ്ടു കഴിഞ്ഞ സമയത്ത് ഔസേപ്പച്ചന്‍ സാര്‍ സംഗീതം നല്‍കിയ ഒരു ചിത്രത്തിനു വേണ്ടി പാട്ടെഴുതി. എന്നാല്‍ ആ ചിത്രം റിലീസായില്ല. അതില്‍ നിന്നാണ് അച്ഛന് വിശ്വാസം തോന്നിയതും ഒടിയനില്‍ പാട്ടെഴുതാന്‍ അവസരം നല്‍കിയതും. ഒരു പരീക്ഷണമായിരുന്നു നടത്തിയത്. മുത്തപ്പന്റെ ഉണ്ണി എന്ന പാട്ടാണ് എഴുതിയത്. നാലുവരി എഴുതിനോക്കാം എന്ന് പറഞ്ഞായിരുന്നു തുടങ്ങിയത്. നാലുവരി സെറ്റായതോടെ മുഴുവന്‍ പാട്ടും എഴുതി. നെഞ്ചിലെ കാളകൊളമ്പ കണ്ണില് കാരിരുള്‍ മുള്ള് എന്ന ഒടിയനിലെ മറ്റൊരു ഹിറ്റ് പാട്ടിനുള്ള അവസരവും ലഭിച്ചു. ആദ്യ സിനിമയും പാട്ടുകളും തീയറ്ററില്‍ ഇരുന്ന് കണ്ടപ്പോള്‍ വല്ലാത്തൊരു ഫീൽ ആയിരുന്നു.

റഫീക്ക് അഹമ്മദ് സാറിന്റെ ആ ഉപദേശം

ഒടിയനിലെ മറ്റ് പാട്ടികള്‍ എഴുതിയത് റഫീഖ് അഹമ്മദ് സാറായിരുന്നു. വലിയ സീനിയറായ ആളായതിനാല്‍ കരുതലോടെയാണ് അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍ ഞെട്ടിക്കുന്ന പ്രതികരണമാണ് ഉണ്ടായത്. ചെറിയ കാര്യങ്ങള്‍ പോലും പറഞ്ഞുതന്നു. തിരുത്തേണ്ടവ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു. ഒപ്പം വലിയൊരു ഉപേദശവും. ഒരുപാട് എഴുതി, എല്ലാവര്‍ക്കും ഇഷ്ടമായി എന്ന ചിന്തവരുമ്പോള്‍ നമുക്ക് മുന്നേ എഴുതിയവരുടെ പാട്ടുകള്‍ കേള്‍ക്കണം, അപ്പോള്‍ മനസിലാകും നമ്മള്‍ നിസാരരാണെന്ന്. ഇതല്ല ബെസ്റ്റ് എന്നും. ഇനിയും മുന്നോട്ട് പോകണം എന്നും.

ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ദീപക് ദേവ്, എല്ലാവരും വമ്പന്‍മാര്‍

ചുരുക്കം ചിത്രങ്ങളാണ് ചെയ്തതെങ്കിലും എല്ലാം ഇന്‍ഡസ്ട്രിയിലെ വമ്പന്‍ സംഗീത സംവിധായകര്‍ക്കൊപ്പം എന്നത് ഭാഗ്യമായാണ് കാണുന്നത്. ആദ്യം ചെയ്തത് ഔസേപ്പച്ചന്‍ സാറിനൊപ്പമായിരുന്നു. പ്ലസ് വണ്‍ ടൈമില്‍ ആയിരുന്നതിനാല്‍ ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞു തരികയാണ് ചെയ്തത്. ഇത് വലിയൊരു ട്രെയിനിംഗായി. എന്തൊക്കെ കഴിവുണ്ടെന്ന് മനസിലാക്കിതന്നു എന്ന് തന്നെ പറയാം. ഒടിയനില്‍ എം ജയചന്ദ്രന്‍ സർ ഒരു ടീച്ചറുടെ ശൈലിയിലാണ് സമീപിച്ചത്. ബ്രയിന്‍വര്‍ക്ക് ചെയ്യിച്ചു. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് എഴുതിച്ചു. തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിച്ചു. ഏറെ സമയം എടുത്തായാലും പെര്‍ഫെക്ഷനാണ് പ്രധാനം എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ബ്രോ ഡാഡിയില്‍ ദീപക് ദേവ് മറ്റൊരു ശൈലിയിലാണ് കാര്യങ്ങളെ സമീപിച്ചത്. സമയം എന്നത് പ്രധാനമാണെന്നും ക്രിയേറ്റിവിറ്റി പറഞ്ഞ് സമയം കളയരുത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ രീതി. സിനിമയുടെ അതേ രീതിയില്‍ രസകരമായാണ് പാട്ടിന്റെ കാര്യവും പറഞ്ഞത്. രാത്രിയില്‍ പറഞ്ഞു. രാവിലെ എഴുതി നല്‍കി. ഉടന്‍ തന്നെ അപ്രൂവലുമായി. എല്ലാം അതിവേഗം കഴിഞ്ഞ സ്ഥിതി.

കസ കസ വലിയ വെല്ലുവിളി

തെക്ക് വടക്ക് സിനിമയിലെ കസ കസ എന്ന പാട്ടാണ് ഏറെ വെല്ലുവിളിയായത്. അതുവരേയും എഴുതിയതില്‍ നിന്നെല്ലാം വ്യത്യസ്തമായി കോമഡി ശൈലിയിലുള്ള ഗാനം. ഇതുവരേയും പരീക്ഷിക്കാത്ത രീതി. കോമഡി ഗാനങ്ങള്‍ കേട്ടിട്ടുണ്ട്. അത് ആസ്വദിച്ചിട്ടുമുണ്ട്. അതെല്ലാം മനസില്‍ വച്ച് എന്‍ജോയ് ചെയ്താണ് എഴുതിയത്. കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. സിഎസ് ശ്യാമിന്റെ മ്യൂസിക് കൂടിയായതോടെ അത് ഹിറ്റാവുകയും ചെയ്തു. അതോടെ വഴങ്ങുന്ന പാട്ടുകള്‍ അല്ലാത്ത പാട്ടുകള്‍ ഇല്ല, എല്ലാം ചെയ്യാം എന്ന കോണ്‍ഫിഡന്‍സ് ലഭിച്ചു.

ഇത് തന്നെയാണ് വഴി. ഇനിയും എഴുതണം

ഇനിയും ഏറെ പാട്ടുകള്‍ എഴുതണം. വഴിതെറ്റി വന്നയാളായി വേഗത്തില്‍ മടങ്ങാന്‍ തയ്യാറാല്ല. ഏറെ ആലോചിച്ച് ഉറപ്പിച്ചു തന്നെയാണ് ഈ വഴി തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് എംഎ മലയാളത്തില്‍ ഒന്നാം റാങ്കോടെ പാസായ ശേഷം അവിടെ തന്നെ അധ്യപികയായി ലഭിച്ച ജോലിയും ഉപേക്ഷിച്ച് വന്നത്. ഫാമിലി ബിസിനസും പാട്ടെഴുത്തും അത് തന്നെയാണ് തന്റെ വഴി എന്ന് ഉറപ്പിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top