വിവാഹം ലെന മുൻകൂട്ടി അറിയിച്ചത് ഒരാളെ മാത്രം; മോഹൻലാലിനെ; രഹസ്യം ഉള്ളിലൊതുക്കി ലാലും; കൗതുകമായ വിവാഹത്തിലെ സർപ്രൈസ് ഇനിയും

കൊച്ചി: കല്യാണക്കാര്യം ലെന മുന്‍കൂട്ടി പറഞ്ഞത് ഒരാളോട് മാത്രം! സാക്ഷാല്‍ മോഹൻലാലിനോട്. രാജ്യത്തിന്റെ ബഹിരാകാശ യാത്രികനെ ജീവത പങ്കാളിയായി തിരഞ്ഞെടുത്ത വിവരം സഹപ്രവർത്തകരിൽ മോഹൻലാലിനോട് മാത്രമാണ് ലെന പറഞ്ഞത്. ലാലും ഇത് പരമ രഹസ്യമാക്കി സൂക്ഷിച്ചു. അടുത്ത കുടുംബാഗങ്ങളില്‍ മാത്രമായി ഈ വിവരം ലെന ഒതുക്കുകയും ചെയ്തു. അങ്ങനെ ഗഗന്‍യാനിലെ രഹസ്യം സിനിമാക്കാരില്‍ മോഹന്‍ലാലില്‍ മാത്രമായി ചുരുങ്ങി. ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സ് ആണ് ഈ വിവാഹമെന്ന് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും പറഞ്ഞു. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഗ്രൂപ്പ് ലീഡറാണ് പ്രശാന്ത്.

വിവാഹത്തിന് മുമ്പ് തന്നെ മോഹന്‍ലാലിനോട് ലെന കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ജനുവരിയില്‍ വിവാഹം കഴിഞ്ഞിട്ടും പുറത്തറിയിക്കാതിരുന്നത് പ്രശാന്ത് അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും ലെന പറഞ്ഞു. ഇവരുടെ വിവാഹത്തിന് പിന്നില്‍ ചാലക ശക്തിയായി നിന്നത് പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ് എന്നും സൂചനകളുണ്ട്. സുരേഷ് പിള്ളയുടെ അടുത്ത സുഹൃത്തുക്കളാണ് ലെനയും പ്രശാന്ത് ബാലകൃഷ്ണനും. ബംഗ്ലൂരിലെ വിവാഹ റിസപ്ഷന്‍ വീഡിയോ പങ്കുവച്ചതും ഷെഫ് സുരേഷ് പിള്ളയാണ്.

ആത്മീയ മേഖലയുമായി ഏറെ ബന്ധമുണ്ട് പ്രശാന്തിന്. സ്വാമി ബോധാനന്ദയെ പോലുള്ള ഗുരുക്കന്മാരുണ്ട്. ചിന്മയാ സ്‌കൂളിലെ വിദ്യാഭ്യാസമാണ് ഇതിന് വഴിയൊരുക്കിയത്. ജനുവരി 17ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ ഇരുവരുടെയും വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്. ആത്മീയത, മാനസികാരോഗ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായ ലെനയുടെ യൂട്യൂബ് വിഡിയോ പ്രശാന്തും കാണാനിടയായിരുന്നു. ആ വിഡിയോ കണ്ടാണ് ലെനയെ പ്രശാന്ത് വിളിക്കുന്നത്. ആ സൗഹൃദം മുന്നോട്ടുപോകുകയും അത് വിവാഹാലോചനയില്‍ എത്തുകയുമായിരുന്നു.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെന തന്റെ ഭര്‍ത്താവ് ആരെന്ന് പുറം ലോകത്തെ അറിയിച്ചത്. താനും ഗഗന്‍യാന്‍ ദൗത്യ തലവന്‍ പ്രശാന്തും വിവാഹിതരായെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം വിവരം പുറത്തറിയിക്കാന്‍ കാത്തതാണെന്നും ലെന വെളിപ്പെടുത്തിയിരുന്നു. ”മതം, ആത്മീയത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയൊക്കെ ഞാന്‍ അന്നത്തെ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. അതിന്റെ വീഡിയോ വൈറലായതോടെ ട്രോളുകളും ലൈക്കുകളും ഡിസ് ലൈക്കുകളുമൊക്കെയായി വന്‍ ബഹളമായിരുന്നു. ആ വീഡിയോ കണ്ടാണ് പ്രശാന്ത് എന്നെ വിളിക്കുന്നത്. പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ രണ്ടാളും ഒരേ ‘വേവ് ലെങ്ക്ത്’ ഉള്ളവരാണെന്ന് മനസ്സിലായി. കുടുംബങ്ങള്‍ ആലോചിച്ചാണ് വിവാഹത്തിലെത്തിയത്. ജാതകം നോക്കിയപ്പോഴും നല്ല ചേര്‍ച്ചയുണ്ടെന്നു മനസ്സിലായി” -ലെന പറഞ്ഞു.

”പ്രധാനമന്ത്രി ഗഗന്‍യാന്‍ സംഘത്തെപ്പറ്റി രാജ്യത്തോട് പ്രഖ്യാപിക്കുന്നതുവരെ പ്രശാന്തിന്റെ കാര്യം എനിക്ക് ആരോടും പറയാന്‍ കഴിയുമായിരുന്നില്ല. പ്രോട്ടക്കോള്‍ പ്രശ്‌നങ്ങളായിരുന്നു കാരണം. വിവാഹത്തിന് പ്രശാന്തിന്റെ അച്ഛനമ്മമാര്‍ മാത്രമാണുണ്ടായിരുന്നത്” -ലെന പറയുന്നു. ”ഒരുദിവസം യുട്യൂബിലൂടെയാണ് ഞാന്‍ ലെനയുടെ വീഡിയോ കണ്ടത്. അതില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതിനോടും എനിക്ക് യോജിപ്പു തോന്നിയിരുന്നു. കല്യാണാലോചനയുമായി ചെന്നപ്പോള്‍ അവള്‍ക്കും അതേ സന്തോഷം” – പ്രശാന്തും പ്രതികരിച്ചത് ഇങ്ങനെയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top