അബ്ദുള്ളയുടെ കാരുണ്യം കാടുപിടിച്ച് കിടക്കുന്നു; മുഖ്യമന്ത്രിക്ക് നല്‍കിയ ഒരേക്കറിന്റെ അവസ്ഥ കാണുക

കൊല്ലം: “ഞാൻ ചെയ്തത് ഭൂലോക മണ്ടത്തരമാണ്. ഇന്നതില്‍ ഞാന്‍ ദു:ഖിക്കുന്നു”- ലൈഫ് പദ്ധതിക്ക് വീടുവച്ചു നൽകാൻ ഒരേക്കർ ഭൂമി മുഖ്യമന്ത്രിക്ക് കൈമാറിയ തമിഴ്നാട് സ്വദേശി അബ്ദുള്ളയുടെ വിലാപമാണിത്. വീടില്ലാത്തവര്‍ക്ക് വീടുവച്ചു നല്‍കാനായിട്ടാണ് അബ്ദുള്ള ഭൂമി നല്‍കിയത്. പുളിയംകുളത്ത് നിന്നും കടയ്ക്കലിൽ എത്തി നാല് പതിറ്റാണ്ടായി കപ്പലണ്ടി വ്യാപാരം നടത്തുന്ന അബ്ദുള്ള 10 ലക്ഷം രൂപ വിലയ്ക്ക് വാങ്ങിയാണ് ഭൂമി കൈമാറിയത്. നാല് വർഷം കഴിഞ്ഞിട്ടും ഭൂമി ഉപയോഗശൂന്യമായി കാടുകയറിക്കിടക്കുകയാണ്.
2020 ജനുവരി 22 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് ജീവിതത്തിൽ നിന്നും മിച്ചം പിടിച്ച തുകയ്ക്ക് വാങ്ങിയ ഭൂമിയുടെ ആധാരം കൈമാറിയത്. ലൈഫ് പദ്ധതിക്കൊരു കൈത്താങ്ങെന്നും അബ്ദുള്ളയുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നുമാണ് മുഖ്യമന്ത്രി അന്ന് അബ്ദുള്ളയുടെ ചിത്രത്തിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചത്. പഞ്ചായത്തിൽ അന്വേഷിക്കുമ്പോൾ ഫണ്ടില്ലെന്നാണ് മറുപടി നൽകുന്നതെന്ന് അബ്ദുള്ള മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഭൂമി വാങ്ങി നൽകാൻ താല്പര്യമുണ്ടെന്ന് 2018-ൽ പറഞ്ഞപ്പോൾ ധൃതിവെച്ച് തന്നെക്കൊണ്ട് ഭൂമി വാങ്ങിപ്പിക്കാൻ കടയ്ക്കല്‍ മുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ശ്രമം നടന്നു. ഇതിൻ്റെ ഭാഗമായി മറ്റൊരു ഭൂമിക്ക് പത്ത് ലക്ഷം രൂപ പണവും നൽകി. ആ വസ്തുവുമായി ബന്ധപ്പെട്ട് ചിലബാധ്യതകളും പ്രശ്നങ്ങളും ഉണ്ടായിരുന്നതിനാൽ ഭൂമി ലഭിച്ചില്ല. നൽകിയ പണവും പോയി. അത് ലഭിക്കാൻ അഞ്ച് വർഷമായി കേസ് നടത്തുകയാണ്. പെട്ടന്ന് വീട് വച്ച് നൽകാം എന്ന് പറഞ്ഞ് നിർബന്ധിപ്പിച്ചാണ് കൈമാറിയ ഭൂമിയും വാങ്ങിപ്പിച്ചത്. വർഷം ഇത്ര കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് അബ്ദുള്ള പറഞ്ഞു.
“കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിനാണ് ഭൂമി വാങ്ങിയത്. ഒരു വീടു പോലും വച്ച് നൽകിയിട്ടില്ല. നിങ്ങൾ ആദ്യം പത്ത് വീടെങ്കിലുംവച്ച് നൽകു. ബാക്കി എണ്ണത്തിനുള്ള തുക നമുക്ക് ഒരുമിച്ച് കണ്ടെത്താം എന്ന് പറഞ്ഞിട്ടും ഒരനക്കുവുമില്ല. ഒരേക്കർ ഭൂമി വാങ്ങി നൽകിയത് മണ്ടത്തരമാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. നാലോ അഞ്ചോ സെൻ്റോ നൽകിയാൽ മതിയായിരുന്നു. മുഖ്യമന്ത്രിക്ക് നേരിട്ടാണ് ഞാൻ ആധാരം കൈമാറിയത്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് പരിപാടിയിൽ പരാതി അറിയിച്ചിരുന്നു. ഉടൻ നടപടിയുണ്ടാകും എന്നാണ് മറുപടി ലഭിച്ചത്. ഇതു വരെ ഒന്നും നടന്നില്ല. ഈ മാസം 20 ന് നവകേരള സദസിൻ്റെ ഭാഗമായി മുഖ്യമന്ത്രി എത്തുന്നുണ്ട്. അവിടെ ഒരു പരാതി നൽകാനാണ് തീരുമാനം. നമ്മൾ വലിയ പണക്കാരൊന്നുമല്ല. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ തുകയാണ് ആർക്കും ഉപയോഗമില്ലാതെ പോയത്. ആരോട് പറയാൻ. പറഞ്ഞിട്ട് ഒരു കാര്യവുമില്ല” – അബ്ദുള്ള മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
മുഖ്യമന്ത്രി അന്ന് ഫേസ്ബുക്കിൽ കുറിച്ചത്
“ത്യജിക്കാനും സ്നേഹിക്കാനും കഴിയുന്നവരാണ് ഈ ലോകത്തിൻ്റെ ശക്തി. അവരുടെ ചിറകിലാണ് ചരിത്രം എന്നും മുന്നോട്ടു കുതിച്ചിട്ടുള്ളത്. അക്കൂട്ടത്തിലൊരാളെ ഇന്നലെ കണ്ടുമുട്ടാനിടയായി. കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുള്ള. എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി ഗവണ്മെൻ്റ് ആവിഷ്കരിച്ച ലൈഫ് പദ്ധതിയ്ക്ക് കൈത്താങ്ങായി കടയ്ക്കൽ പഞ്ചായത്തിലെ കോട്ടപ്പുറം വാർഡിൽ തൻ്റെ പേരിലുള്ള ഒരു ഏക്കർ ഭൂമിയുടെ ആധാരം കൈമാറാൻ തിരുവനന്തപുരത്ത് വന്നതായിരുന്നു അദ്ദേഹം. കടയ്ക്കലിൽ 87 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കാൻ സാധിക്കുന്ന ഫ്ലാറ്റ് സമുച്ചയമാണ് അദ്ദേഹത്തിൻ്റെ മഹാമനസ്കത കൊണ്ടു സാധ്യമാകുന്നത്.

തമിഴ്നാട് സ്വദേശിയായ അബ്ദുള്ള 1983-ൽ ആണ് കടയ്ക്കലിൽ എത്തുന്നത്. കൂലിപ്പണി ചെയ്തു ജീവിതം തുടങ്ങിയ അദ്ദേഹം കഠിനാദ്ധ്വാനത്തിലൂടെ ചെറുകിട ബിസിനസിലേയ്ക്ക് വളർന്നു. അന്വേഷിച്ചപ്പോൾ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം തൻ്റെ സമയവും സമ്പത്തും ചിലവഴിക്കുന്നു എന്നു മനസ്സിലാക്കാൻ സാധിച്ചു. അദ്ദേഹത്തോട് ഈ സമൂഹം കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു. സമൃദ്ധിയും സമാധാനവും നിറഞ്ഞ നവകേരളം നിർമ്മിക്കാൻ അബ്ദുള്ളയെപ്പോലെ മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാൻ സാധിക്കണം.”– അബ്ദുള്ള ആധാരം കൈമാറുന്ന ചിത്രം പങ്കുവയ്ച്ചുകൊണ്ട് പിണറായി വിജയന്‍ കുറിച്ചു.
നാൽപ്പത് വർഷം മുമ്പാണ് കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കപ്പലണ്ടി കടയില്‍ ജോലിക്കായി എത്തിയതാണ് അബ്ദുള്ള . പിന്നീട് സ്വന്തമായി ഉന്തുവണ്ടിയിൽ കച്ചവടം തുടങ്ങി. അങ്ങനെയാണ് തമിഴ്നാട് പുളിയന്‍കുടിക്കാരന്‍ കൊല്ലം കടയ്ക്കലുകാരനാകുന്നത്. പിന്നീട് കടയ്ക്കൽ ജംഗ്ഷനിൽ സ്റ്റേഷനറിക്കട ആരംഭിച്ചു. വീടുവാങ്ങി സ്ഥിര താമസക്കാരനായി. അബ്ദുള്ളയ്ക്ക് ജീവിതം നല്‍കിയ നാടിനോടുള്ള നന്ദിയുടെ ഭാഗമായിട്ടാണ് ലക്ഷങ്ങള്‍ മുടക്കി പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ ഒരേക്കര്‍ സ്ഥലം വാങ്ങി നൽകിയത്. കടയ്ക്കൽ പഞ്ചായത്തിലെ ഭൂരഹിതരായ പാവപ്പെട്ട 87 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു അധികൃതർ ഭൂമി കൈമാറുമ്പോൾ നൽകിയ വാഗ്ദാനം. ഒരുസെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാതിരുന്നൊരു ഭൂതകാലത്തില്‍നിന്നും തനിക്ക് എല്ലാം നൽകിയ നാടിന് അബ്ദുള്ള തിരിച്ച് നൽകിയ സ്നേഹമാണ് ഇപ്പോൾ കാടുകയറിക്കിടക്കുന്നത്.
അബ്ദുള്ള കൈമാറിയ ഭൂമിയിൽ വീടുകൾ നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കടയ്ക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.മനോജ് കുമാര്‍ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. സർക്കാരാണ് ആദ്യം വീട് വച്ച് നൽകുമെന്ന വാഗ്ദാനം നല്‍കിയത്. അത് ഹോം കെയർ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. ഇപ്പോൾ ലയൺസ് ക്ലബും, തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് വിവിധ ജില്ലകളിൽ വീട് നിർമിക്കുന്നതിൻ്റെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിലും കുറച്ച് വീടുകൾ നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വീടുകൾ നിർമിക്കാൻ സഹകരണ വകുപ്പുമായും ചർച്ചകൾ നടക്കുന്നു. ഏതാണ് ആദ്യം ശരിയാക്കുന്നത് അവരുമായി ധാരണയാകും. ലയൺസ് ക്ലബും തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് 25 വീടുകൾ നിർമ്മിക്കാനും സഹകരണ വകുപ്പുമായി ചേർന്ന് 35 കുടുംബങ്ങൾക്കായി ഫ്ലാറ്റ് നിർമിക്കാനുമാണ് ആലോചനകള്‍ നടക്കുന്നുണ്ട്. നവകേരള സദസിൻ്റെ തിരക്കിലായതിനാലാണ് ഇപ്പോൾ നപടികൾ വൈകുന്നത്. ഒരാഴ്ചയ്ക്കകം തീരുമാനമാകുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. എല്‍ഡഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ മരുന്നിനുപോലും പ്രതിപക്ഷമില്ല. 19 വാര്‍ഡുകളിലും ഇടത് അംഗങ്ങളാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here