കോട്ടയം ഭരണങ്ങാനത്ത് ഉരുള്‍പൊട്ടല്‍; ഏഴു വീടുകള്‍ തകര്‍ന്നു; വന്‍ കൃഷിനാശം, മണ്ണിടിച്ചില്‍; കനത്ത മഴ തുടരുന്നു; വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു
കോട്ടയം: കനത്ത മഴയില്‍ കോട്ടയത്ത് വ്യാപക നാശനഷ്ടങ്ങള്‍. ഭരണങ്ങാനത്ത് ഉരുള്‍പൊട്ടലുണ്ടായി. ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ രീതിയില്‍ കൃഷിനാശവും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലും വെള്ളംകയറിയിട്ടുണ്ട്. കോട്ടയത്തിനൊപ്പം എറണാകുളത്തും റെഡ് അലർട്ട് തുടരുകയാണ്.
രാവിലെ മുതൽ കോട്ടയത്തെ മലയോര മേഖലകളിലും പൂഞ്ഞാർ ഉൾപ്പെടെയുള്ളിടങ്ങളിലും ശക്തമായ മഴയായിരുന്നു. തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. നരിമറ്റം ചോവൂർ ഇലവുമ്പാറ റോഡ് തകർന്നു. വാഗമൺ റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. റോഡിന് മുകളിലെ പുരയിടത്തിൽനിന്ന് കല്ലും മണ്ണും വൻതോതിൽ റോഡിലേയ്‌ക്കെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. മാർമല അരുവിയിൽ അതിശക്തമായ ഒഴുക്കുണ്ട്. ഇവിടേയ്ക്കുള്ള പ്രവേശനം പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാല്‍ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here