എക്സിറ്റ് പോളുകൾ പ്രകാരം ബിജെപി 400 സീറ്റുകൾ കടന്നേക്കാം; ഒരൊറ്റ തവണ കോൺഗ്രസ് മാത്രം ഈ മാന്ത്രികസംഖ്യ നേടി; ചരിത്രത്തിലെ ഏക ‘ചാർ സൗ പാർ’ എങ്ങനെയെന്ന് ഒരന്വേഷണം

എക്സിറ്റ് പോളുകൾ നൽകുന്ന സൂചനകൾ പ്രകാരം ബിജെപി 400 സീറ്റുകൾ നേടിയാൽ അത്ഭുതപ്പെടേണ്ടതില്ല. രാജ്യത്തിൻ്റെ 72 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിനിടയിൽ ഒരേ ഒരു തവണയാണ് 400 സീറ്റിലധികം നേടി ഒരു പാർട്ടി അധികാരത്തിലെത്തിയത്. 1984ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 48.12 % വോട്ടും 414 സീറ്റും നേടി അധികാരം പിടിച്ചെടുത്തു. ഇതിന് മുമ്പോ ശേഷമോ ഒരു പാർട്ടിക്കും സ്വപ്നതുല്യമായ ഈ നേട്ടം കൈവരിക്കാനായിട്ടില്ല. 414 സീറ്റ് നേടി അധികാര ത്തിലേറിയ രാജീവ് ഗാന്ധിയുടെ മകൻ രാഹുൽ ഗാന്ധി നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ലോക്സഭയുടെ മൊത്തം അംഗസംഖ്യയുടെ 10% സീറ്റു പോലും നേടാനാകാത്ത ഗതികേടിലാണ്.

2014ൽ കേവലം 44 സീറ്റും 19.31 % വോട്ടുമാണ് നേടിയത്. 2019ൽ 52 സീറ്റും 19.49% സീറ്റുകളും നേടാനേ കഴിഞ്ഞുള്ളു. ഇത്തവണയും പാർട്ടിയുടെ നില മെച്ചപ്പെടാനുള്ള ഒരു സാധ്യതയും എക്സിറ്റ് പോളുകൾ പ്രകാരം കാണുന്നുമില്ല. കഴിഞ്ഞ തവണ കിട്ടിയ സീറ്റുകൾ പോലും നിലനിർത്താനാവില്ല എന്നാണ് എക്സിറ്റ് പോളുകൾ കോൺഗ്രസിന് നൽകുന്ന അപായകരമായ സൂചനകൾ.

രാജ്യത്ത് 1952ൽ നടന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ 1977 വരെ നടന്ന പൊതുതിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിന് ഏകപക്ഷീയമായ വിജയമായിരുന്നു ലഭിച്ചിരുന്നത്. ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻ്റെ ചോദ്യം ചെയ്യാനാവാത്ത നേതൃത്വം ഉണ്ടായിരുന്ന കാലത്ത് പോലും കോൺഗ്രസിന് 400 സീറ്റ് നേടാൻ കഴിഞ്ഞിട്ടില്ല. 1957ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ 371 സീറ്റ് നേടിയതാണ് 1984ന് മുമ്പുള്ള പാർട്ടിയുടെ റെക്കോർഡ്‌ ഭുരിപക്ഷം. 1984ന് ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല എന്ന ദുരന്തവും പാർട്ടിയെ തുറിച്ചുനോക്കുന്നുണ്ട്. 1991, 2004, 2009 എന്നീ വർഷങ്ങളിൽ മുന്നണി ഉണ്ടാക്കി കോൺഗ്രസ് അധികാരത്തിൽ വന്നെങ്കിലും കേവല ഭൂരിപക്ഷം പോലും പാർട്ടിക്ക് ലഭിച്ചിരുന്നില്ല. 1991ൽ പി.വി.നരസിംഹ റാവുവിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസിന് 244 സീറ്റ് മാത്രമാണ് ലഭിച്ചത്. ലോക്സഭയിലെ കേവല ഭൂരിപക്ഷമായ 272 ലെത്താൻ 28 സീറ്റുകളുടെ കുറവുണ്ടായിരുന്നു. 2004ൽ 145 സീറ്റും 2009ൽ 206 സീറ്റുകളുമാണ് ലഭിച്ചത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാത്തവിധം ശോഷിച്ച അവസ്ഥയിലേക്ക് കുപ്പുകുത്തുന്നതും കാണാനായി.

1984ൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഏതാണ്ട് പൂർണമായി തുടച്ചുനീക്കപ്പെട്ട അവസ്ഥയാണ് തിരഞ്ഞെടുപ്പിന് ശേഷം കണ്ടത്. 414 സീറ്റ് നേടിയ കോൺഗ്രസിന് തൊട്ടുപിന്നിൽ രണ്ടാമത്തെ വലിയ കക്ഷി സിപിഎമ്മായിരുന്നു. 22 സീറ്റുകളും അഞ്ചു ശതമാനം വോട്ടും നേടാൻ മാർക്സിസ്റ്റ് പാർട്ടിക്ക് അന്ന് കഴിഞ്ഞു. 1980ൽ ബിജെപി രൂപീകരിച്ച ശേഷം നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു 1984ലേത്. അന്ന് 7.4% വോട്ട് നേടിയെങ്കിലും കേവലം രണ്ട് സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. എ.ബി.വാജ്പേയ്, എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി, വിജയ് രാജേസിന്ധ്യ തുടങ്ങി പാർട്ടിയുടെ മുൻനിര നേതാക്കളത്രയും തോറ്റുതുന്നംപാടി. അത്തവണ അമിതാബ് ബച്ചൻ അലഹബാദിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. പ്രാദേശിക പാർട്ടികൾ 79 സീറ്റു നേടിയപ്പോൾ, ദേശീയ പാർട്ടിയെന്ന പദവിയുണ്ടായിരുന്ന കക്ഷികൾക്കെല്ലാം കൂടി വെറും 48 മാത്രമാണ് നേടാൻ കഴിഞ്ഞത്. ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ലാത്ത സ്ഥിതിയുണ്ടായി. ഹിന്ദി മേഖലയിലെ സംസ്ഥാനങ്ങളിൽ കോൺഗ്രസിൻ്റെ തേരോട്ടമായിരുന്നു നടന്നത്. ഇന്ന് ബിജെപി ഹിന്ദി ഹൃദയഭൂമികളിൽ നേടുന്നതിന് സമാനമായ വിജയമാണ് രാജീവ് ഗാന്ധിയുടെ പാർട്ടിക്ക് ലഭിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന പദവിയോടെയാണ് നാൽപതാം വയസിൽ അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. അമ്മയുടെ മരണത്തെത്തുടർന്ന് 1984 ഒക്ടോബറിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. ഇന്ദിരയുടെ മരണം സൃഷ്ടിച്ച സഹതാപ തരംഗമാണ് ഇത്ര വലിയ നേട്ടം കൈവരിക്കാൻ പാർട്ടിയെ സഹായിച്ചത്.

1984ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ഒരു പാർട്ടി പരസ്യ ഏജൻസിയെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെന്ന പ്രത്യേകതയുമുണ്ട്. റെഡിഫ്യൂഷൻ (Rediffusion) എന്ന പരസ്യ ഏജൻസിയാണ് കോൺഗ്രസ് പ്രചരണത്തിൻ്റെ ചുക്കാൻ പിടിച്ചത്. പത്രമാധ്യമങ്ങളിൽ ഈ പരസ്യങ്ങൾ തരംഗമായി. പുറമേ വീഡിയോ കാസറ്റുകളിൽ ഇന്ദിരയുടേയും രാജീവിൻ്റേയും പ്രസംഗങ്ങൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പ്രദർശിപ്പിച്ച് വലിയ തരംഗം സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ഇന്ദിരയുടെ ഓർമ്മകൾ പരമാവധി ജ്വലിപ്പിച്ചു നിർത്താനാണ് ശ്രമിച്ചത്. പ്രത്യേകിച്ച് ഒഡീഷയിൽ അവർ നടത്തിയ അവസാന പ്രസംഗം രാജ്യത്തെ ജനങ്ങളെ ഇളക്കി മറിച്ച ഒന്നായിരുന്നു. “എൻ്റെ ജീവൻ്റെ അവസാന തുള്ളി രക്തം വരെ രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കു വേണ്ടി ഉപയോഗിക്കും” എന്ന പ്രവചന സ്വഭാവമുള്ള പ്രസംഗം വോട്ടർമാരെ വല്ലാതെ സ്വാധീനിച്ചു. രാജീവിന് ജനങ്ങൾ സമ്മാനിച്ച 400 സീറ്റെന്ന മോഹ സംഖ്യയിലേക്ക് എത്താൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞാൽ അതൊരു മഹാസംഭവമാകും. ‘ഇസ് ബാർ ചാർസൗ പാർ’ (ഇത്തവണ 400 കടക്കും) എന്ന മോഹത്തിനാണ് മോദി വോട്ട് തേടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top