നെടുങ്കണ്ടത്ത് ഉരുൾപ്പൊട്ടൽ; ഒഴിവായത് വൻ ദുരന്തം; പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാൻ നിർദേശം

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ ഉരുള്‍പൊട്ടല്‍. ആൾ താമസമില്ലാത്ത കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഒരേക്കറോളം കൃഷിയിടം പൂർണ്ണമായും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പച്ചടി ചൊവ്വേലിൽകുടിയിൽ വിനോദിന്റെ കുരുമുളക് കൃഷിയിടമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആള്‍താമസമില്ലാത്ത സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായതിനാൽ വൻ അപകടമാണ് ഒഴിവായത്. 25 ഓളം കുടുംബങ്ങളാണ് മേഖലയില്‍ ചെങ്കുത്തായ മലഞ്ചെരുവില്‍ താമസിക്കുന്നത്.

രാവിലെ മാത്രമാണ് ഉരുള്‍പൊട്ടലുണ്ടായ വിവരം നാട്ടുകാര്‍ അറിഞ്ഞത്. കല്ലും മണ്ണും ചെളിയും ആള്‍താമസമുള്ള സ്ഥലത്തേക്ക് ഒഴുകിയെത്തിയതോടെയാണ് ഉരുള്‍പൊട്ടലുണ്ടായത് കണ്ടെത്തിയത്. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയുണ്ടായിരുന്നു. ഇന്നും കനത്ത മഴയുണ്ടായാല്‍ മണ്ണിടിച്ചില്‍ സാധ്യതയേറെയാണെന്നും നാട്ടുകാര്‍ പറയുന്നു. മേഖലയിൽ ദുരിതശ്വാസ ക്യാമ്പ് തുറന്നു.

മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ റവന്യൂ ഉദ്യോഗസ്ഥർ ഉരുൾപൊട്ടിയ സ്ഥലത്ത് എത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി മറ്റ് അപകടങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. കൃഷിയിടത്തിൻ്റെ താഴ്ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ നിർദേശിച്ചു.

സമീപത്തുള്ള വീടുകൾക്കും പത്തുവളവ് റോഡിനും അപകട ഭീഷണിയുണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രളയ കാലത്ത് റെഡ് സോണ്‍ ആയി കണ്ടെത്തിയ മേഖലയാണ് പച്ചടി, പത്ത്‌വളവ് മേഖല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഉരുൾപൊട്ടിയ മേഖലയിലെ ജനങ്ങളെ മാറ്റിപാർപ്പിക്കാൻ നിര്‍ദേശം നല്‍കി. ഇടുക്കി ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനാണ് നിര്‍ദേശം ലഭിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top