34 വർഷം പുറത്ത് വരാത്ത സത്യം: തൊണ്ടി തിരിമറി കോടതി മുൻപേ അറിഞ്ഞു!! മജിസ്ട്രേറ്റിൻ്റെ മൊഴി മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു

ഹാഷിഷുമായി പിടിയിലായി

വലിയതുറ: ഹാഷിഷ് കടത്താൻ ശ്രമിച്ച ഓസ്ട്രേലിയക്കാരൻ പിടിയിലായി. അണ്ടർവെയറിനുള്ളിൽ ഒളിച്ചു കടത്താൻ ശ്രമിച്ച 60 ഗ്രാം ഹാഷിഷുമായി ആൻഡ്രൂസ് സെൽവേറ്റർ എന്ന 22കാരനാണു സുരക്ഷിതത്വ പരിശോധനയ്ക്കിടയിൽ എയർപോർട്ട് ഉദ്യോഗസ്‌ഥന്മാരുടെ പിടിയിലായത്. കഴിഞ്ഞ ജനുവരിയിൽ കോവളത്തെത്തിയ ആൻഡ്രൂസ് ബോംബെയ്ക്ക് പോകാനാണ് വിമാനത്താവളത്തിൽ എത്തിയത്. വലിയതുറ പോലീസ് പ്രതിയെ അറസ്‌റ്റുചെയ്‌തു കോടതിയിൽ ഹാജരാക്കി. 18 വരെ റിമാൻഡ് ചെയ്തു.”

തൊണ്ടിമുതൽ തിരിമറിക്കേസ് അഥവാ, വിദേശ പ്രതിയുടെ അണ്ടർവെയർ വെട്ടിച്ചെറുതാക്കിയെന്ന പേരിൽ വൻ വിവാദമായ, മുൻമന്ത്രി ആൻ്റണി രാജു പ്രതിസ്ഥാനത്ത് നിൽക്കുന്ന, മൂന്നു പതിറ്റാണ്ടായ ആ കേസിൻ്റെ തുടക്കം ഇങ്ങനെയായിരുന്നു. 1990 ജൂലൈ ആറിൻ്റെ പത്രത്തിലെ ഒറ്റക്കോളം വാർത്തയാണ് ഞാൻ ഈ വായിച്ചത്. ഇത്ര പഴക്കംചെന്ന്, ചാരംമൂടിയത് പോലെ കിടന്ന, ഇനിയൊന്നും ചെയ്യാനില്ലെന്ന് പലരും ഉറപ്പിച്ച കേസിനെ വീണ്ടും വിചാരണയിലേക്ക് എത്തിക്കാൻ എനിക്ക് കഴിഞ്ഞുവെന്നതിൻ്റെ അഭിമാനത്തിലാണ് ഈ ഘട്ടത്തിൽ കുറച്ച് കാര്യങ്ങൾ കൂടി പറയാൻ ഉദ്ദേശിക്കുന്നത്. കേസിൻ്റെ ഗുരുതര സ്വഭാവം തിരിച്ചറിഞ്ഞ സുപ്രീം കോടതിയുടെ ഇടപെടലോടെയാണ് ഇന്ന് വിചാരണ തുടങ്ങുന്നത്. അതാണ് പ്രധാന കാര്യം.

ഒരുകാര്യം ഉറപ്പിച്ച് പറയാം. നമ്മുടെ നാട്ടിലെ നീതിന്യായ സംവിധാനം, ജുഡീഷ്യറി ഇത്രമേൽ കബളിപ്പിക്കപ്പെട്ട, ഒപ്പം പരിഹാസ്യമായ ഒരു കേസ് വേറെ ഉണ്ടാകില്ല. അത്രയധികം ആണ് മുപ്പത് വർഷത്തിനിടെ ഇതിൽ ഉണ്ടായിട്ടുള്ള അട്ടിമറി നീക്കങ്ങൾ. ഇതിൻ്റെ കാലതാമസം മനസിലാക്കണം. ഒന്നാലോചിച്ചുനോക്കൂ, ഇന്നിപ്പോൾ ഈ വീഡിയോ കാണാൻ ഇടയുള്ളവർ പലരും ജനിക്കും മുൻപേ തുടങ്ങിയ കേസ്. അന്ന് ഈ വാർത്തകൾ വായിച്ചു പരിചയിച്ച തലമുറയിലെ പലരും ഇന്ന് ഇത് കാണാൻ ജീവിച്ചിരിക്കുന്നും ഉണ്ടാകില്ല. 1990ൽ റിലീസായ ആനവാൽമോതിരം എന്ന സിനിമയുടെ പ്രമേയം തന്നെ അമ്പരപ്പിക്കുന്ന ഈ കേസായിരുന്നു.

അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുമ്പോൾ ആൻ്റണി രാജു എന്ന ഇന്നത്തെ ‘മുൻമന്ത്രി’ തിരുവനന്തപുരം വഞ്ചിയൂർ ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. തൻ്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് ആൻഡ്രൂവിൻ്റെ വക്കാലത്തെടുത്ത് രാജു നടത്തിയ കേസ് പക്ഷെ തോറ്റുപോയി. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചുകിട്ടി.

തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്ത് പ്രഗൽഭനായിരുന്ന കുഞ്ഞിരാമ മേനോൻ വക്കീലിനെ ഇറക്കി. അത് ഫലംകണ്ടു, പ്രതിയെ വെറുതെവിട്ട് ഉത്തരവായി. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം, അതായത് ലഹരിമരുന്ന് ഒളിപ്പിച്ചുവച്ച അണ്ടർവെയർ പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയൽ ഒബ്ജക്ട്, അഥവാ MO2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി.

ഇതോടെ കേസിൽ തട്ടിപ്പ് നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോസ്ഥൻ സിഐ കെകെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് മുന്നിലെത്തുന്നു. മൂന്നുവർഷത്തെ പരിശോധനക്ക് ഒടുവിൽ തൊണ്ടിവസ്തുവായ വിദേശിയുടെ അണ്ടർവെയറിൽ കൃത്രിമം നടന്നുവെന്ന് ഉറപ്പിക്കുന്നു. തുടർന്നാണ് പോലീസ് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിക്കുന്നത്.

ഇവിടെ പ്രതിയായ വിദേശിയെ രക്ഷിക്കാനുള്ള തട്ടിപ്പ് നടന്നത് തൊണ്ടിയായ അടിവസ്ത്രത്തിലാണെന്ന് വ്യക്തമായല്ലോ. ഈ തട്ടിപ്പ് കണ്ടെത്തിയത് കോടതിയിലെ തൊണ്ടി റജിസ്റ്ററിൻ്റെ പരിശോധനയിലൂടെയാണ്. അതിനെക്കുറിച്ച് കൂടി പറഞ്ഞ് വിഷയത്തിലേക്ക് വരാം.

തിരുവനന്തപുരം ജുഡീഷ്യൽ സെക്കൻഡ് ക്ലാസ് കോടതി 1990ൽ എഴുതി സൂക്ഷിച്ച ഈ തൊണ്ടി റജിസ്റ്റർ അക്കാലത്തിന് ശേഷം പിന്നീട് പുറത്തുവരുന്നത് രണ്ടരവർഷം മുൻപാണ്. കൃത്യമായി പറഞ്ഞാൽ 2022 ജൂലൈ 18ന്. സർക്കാരിനെ ബുദ്ധിമുട്ടിക്കുന്ന ഈ വാർത്ത അന്ന് ഞാൻ ജോലിചെയ്തിരുന്ന സ്ഥാപനം വഴി പുറത്തുവിടാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ എൻ്റെ ഫെയ്സ്ബുക്ക് അക്കൌണ്ടിലാണ് ആദ്യം പോസ്റ്റ് ചെയ്യുന്നത്. കോടതിയുടെ സേഫ് കസ്റ്റഡിയിൽ, ചെസ്റ്റിൽ സൂക്ഷിക്കേണ്ട തൊണ്ടിവസ്തുവായ അണ്ടർവെയർ ആൻ്റണി രാജു കൈക്കലാക്കിയെന്നും നാലു മാസം കയ്യിൽ വച്ചിരുന്നു എന്നുമുള്ള കാര്യത്തിൽ ഒരു സംശയത്തിനും ഇടനൽകാത്ത രേഖയാണിത്. റിസീവ്ഡ് എന്നും റിട്ടേൺഡ് എന്നും ഇതിൽ എഴുതി ഒപ്പിട്ടത് ആൻ്റണി രാജു തന്നെയെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെ പറഞ്ഞതിലൊന്നും ആർക്കും തർക്കമുണ്ടാകില്ല, പ്രതികൾക്കൊഴികെ. എന്നാൽ ഇനിയുള്ളത് ശ്രദ്ധിക്കണം. തൊണ്ടി റജിസ്റ്ററിൻ്റെ ഈ പേജിൽ ബോൾഡാക്കി കുറിച്ചിരിക്കുന്ന രണ്ടുവരികൾ, Order dtd 05.10.90, Submit the MOs. അതായത് കേസിലെ Meterial Objects, MOs, തൊണ്ടിവസ്തുക്കൾ സമർപ്പിക്കാനാണ് കോടതിയുടെ ഓർഡറായി എഴുതിയിരിക്കുന്നത്. കോടതിയുടെ ചെസ്റ്റിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ ഹാജരാക്കാൻ പ്രത്യേകമായി ഉത്തരവിടേണ്ട ആവശ്യം മജിസ്ട്രേറ്റിന് ഉണ്ടോ? ഈ ഉത്തരവിൻ്റെ സാഹചര്യം എന്താണ്? തൊണ്ടിവസ്തുക്കൾ പുറത്തുപോയെന്ന്, അല്ലെങ്കിൽ കോടതിയുടെ കസ്റ്റഡിയിൽ ഇല്ലെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെടുന്നു. എങ്കിൽ മാത്രമേ ഇത്തരമൊരു ഉത്തരവ് ഇറക്കേണ്ട സാഹചര്യം വരുന്നുള്ളൂ.

മജിസ്ട്രേറ്റുമാർ സാധാരണ ഗതിയിൽ ഈ റജിസ്റ്ററിൽ നേരിട്ടൊന്നും എഴുതാറില്ല. അവർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഇതുപോലെ ഇതിലേക്ക് പകർത്തുന്നത് ക്ലാർക്ക് ആകും. അതുകൊണ്ട് സ്വാഭാവികമായും ഇത് എഴുതിയിരിക്കുന്നതും ഈ തൊണ്ടി റജിസ്റ്ററിൻ്റെ കസ്റ്റോഡിയനായ തൊണ്ടി ക്ലാർക്ക് തന്നെയാകണം. അദ്ദേഹമാണ് ഈ കേസിൽ ഒന്നാം പ്രതിസ്ഥാനത്തുള്ള കെ എസ് ജോസ്. ഇത് എഴുതുമ്പോൾ അദ്ദേഹത്തിനും വ്യക്തമായി അറിയാം, പ്രധാന തൊണ്ടിയായ അണ്ടർവെയർ പ്രതിഭാഗത്തിൻ്റെ പക്കലാണെന്ന്. അദ്ദേഹം അത് അറിയിച്ചത് അനുസരിച്ച് മാത്രമേ മജിസ്ട്രേറ്റിന് ഇത്തരമൊരു ഉത്തരവ് ഇറക്കാനാകൂ. അല്ലാതെ ഒരു മജിസ്ട്രേറ്റും നേരിട്ട് തൊണ്ടിയോ തൊണ്ടി റജിസ്റ്ററോ പരിശോധിക്കാറില്ല എന്നതാണ് വാസ്തവം.

അങ്ങനെ വരുമ്പോൾ, Submit the MOs എന്നിങ്ങനെ എഴുതിവച്ച് തൊണ്ടി തിരികെ വരുത്തി ഒന്നുമറിയാത്തത് പോലെ മറ്റ് തെളിവുകൾക്കൊപ്പം വച്ച് വിചാരണക്ക് അയച്ചതിൻ്റെ ഉത്തരവാദിത്തം ക്ലാർക്കിന് മാത്രമാണോ? ആൻ്റണി രാജുവെന്ന പ്രതിഭാഗം അഭിഭാഷകനിലും തീരുമോ ഇതിൻ്റെ പാപം? തിരികെയെത്തിക്കാൻ ആവശ്യപ്പെട്ടിട്ടും ഒരുമാസം കഴിഞ്ഞ്, 1990 ഡിസംബർ 5ന് മാത്രമാണ് ആൻ്റണി രാജു ഈ തൊണ്ടി അടിവസ്ത്രം തിരിച്ച് കോടതിക്ക് നൽകുന്നത്. എടുത്തു കൊണ്ടുപോയത് 90 ആഗസ്റ്റ് 9ന്. അങ്ങനെ ആകെ നാലുമാസത്തോളം പ്രതിഭാഗം കയ്യിൽവച്ചിരുന്ന തൊണ്ടിയാണ് ഒരു പരിശോധനയും നടത്താതെ വിചാരണക്ക് ഹാജരാക്കിയത്.

ഇനി, ഇപ്പോൾ ഞാനീ പറഞ്ഞ വസ്തുതകൾ ഭാഗികമായി ശരിവച്ചു കൊണ്ട് അന്നത്തെ മജിസ്ട്രേറ്റ് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയും ഇതാദ്യമായി പുറത്തുവിടുകയാണ്. തൊണ്ടിവസ്തു പുറത്തുപോയ വിവരം താനറിഞ്ഞില്ലെന്നും മറ്റും തുടക്കത്തിൽ വിശദീകരിക്കുന്ന അദ്ദേഹം അതിന് ശേഷം വ്യക്തമായി പറയുന്നു, തൊണ്ടിയായ അണ്ടർവെയർ പുറത്തുപോയെന്നും അതിൽ തിരിമറി നടന്നതായി സംശയിക്കുന്നു എന്നും അന്നത്തെ പ്രോസിക്യൂട്ടറോട് താൻ പറഞ്ഞിരുന്നുവെന്ന്. അങ്ങനെയെങ്കിൽ ആ ഘട്ടത്തിൽ വിചാരണ നിർത്തിവയ്ക്കാൻ അദ്ദേഹം എന്തുകൊണ്ട് ഇടപെട്ടില്ല. തൻ്റെ കോടതിയിൽ വച്ചുണ്ടായ വീഴ്ച അദ്ദേഹം വേണ്ട ഗൌരവത്തിൽ കൈകാര്യം ചെയ്തില്ല എന്ന കുറ്റസമ്മതം തന്നെയാണ് ഈ മൊഴി. കേസ് തോറ്റതിൻ്റെ ഉത്തരവാദിത്തം ആർക്കെല്ലാം എന്ന് ആവർത്തിച്ച് ചോദിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്.

അതീവ സുരക്ഷയോടെ സൂക്ഷിക്കേണ്ട തൊണ്ടിമുതൽ എങ്ങനെ പ്രതിഭാഗത്തിൻ്റെ കസ്റ്റഡിയിലെത്തി, ഏത് അവസ്ഥയിൽ അവരത് തിരികെ എത്തിച്ചു എന്നെല്ലാം അന്ന് പരിശോധിച്ചെങ്കിൽ ഈ കേസിനീ ഗതി ഉണ്ടാകില്ലായിരുന്നു എന്നിന്ന് ഉറപ്പിച്ച് പറയാം. എന്നിട്ടും പിന്നെയും നീണ്ട 34 വർഷങ്ങൾ. ഇന്നാട്ടിലെ കോടതികളുടെ, ജുഡീഷ്യറിയുടെ മൂക്കിന് കീഴിലാണ് ഈ കേസ് ഈവിധമായത്. തട്ടിപ്പ് നടന്നെന്ന് ഉറപ്പിച്ച് 1991ൽ ഹൈക്കോടതി ഉത്തരവിട്ടത് പ്രകാരം തുടങ്ങിയ അന്വേഷണം, 94ൽ റജിസ്റ്റർ ചെയ്ത കേസ്, 2002ൽ എഴുതിത്തള്ളാൻ പോലീസിൻ്റെ ശ്രമം, 2005ൽ വീണ്ടും അന്വേഷണം, 2006ൽ ആൻ്റണി രാജുവിൻ്റെ പങ്ക് വ്യക്തമാകുന്നു, കുറ്റപത്രം കോടതിയിൽ എത്തുന്നു, പിന്നെ കേസിനൊരു നീണ്ട അവധി, എട്ടുവർഷം വഞ്ചിയൂർ കോടതിയിൽ, പിന്നൊരു എട്ടുവർഷം നെടുമങ്ങാട് കോടതിയിൽ.

എന്തേ വിചാരണ തുടങ്ങണ്ടേ, എന്നൊരു കോടതിയും ചോദിച്ചില്ല. കേസ് വിളിച്ചില്ലേ എന്ന് ചോദിച്ചാൽ, രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വിളിക്കുന്നു, സമൻസ് അയക്കുന്നു, പ്രതികളാരും ഹാജരാകാത്തതിനാൽ വീണ്ടും അയക്കുന്നു, എന്നല്ലാതെ ഹാജരാകാത്ത പ്രതികൾക്കായി ഒരൊറ്റ തവണയും ഒരു വാറണ്ട് പോയില്ല. മറ്റൊരു കേസിലും കാണിക്കാത്ത ഈ സൌമനസ്യം, ഒന്നോ രണ്ടോ വർഷമല്ല, നീണ്ട 16 വർഷം കോടതികളുടെ ഭാഗത്ത് നിന്നുണ്ടായി എന്ന് അറിയുമ്പോഴാണ് ഞെട്ടിപോകുന്നത്. ഇതിനിടയിലാണ് കേസിനെന്ത് പറ്റിയെന്ന് അറിയാൻ 2022 മെയ്, ജൂൺ മാസങ്ങളിൽ ഞാൻ എത്തുന്നത്. നെടുമങ്ങാട് കോടതിയിൽ നിന്ന് അന്നുണ്ടായ പ്രതികരണം വിശദീകരിച്ച് പറയേണ്ടിവരും. അത് നാളെ.

വീഡിയോ സ്റ്റോറി കാണാം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top