പ്രതിഭയുടെ മകൻ്റെ കേസ് പൊളിച്ചത് ഉദ്യോഗസ്ഥ വീഴ്ച തന്നെ; എംഎൽഎയുടെ സ്വാധീനമല്ല!! കനിവിനെതിരെ തെളിവില്ലെന്ന് മാധ്യമ സിൻഡിക്കറ്റ് ആദ്യമേ പറഞ്ഞു

കഞ്ചാവു കൈവശം വച്ചുവെന്ന് കാണിച്ച് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെതിരെ എക്സൈസ് എടുത്ത കേസിൽ തെളിവില്ലെന്നും, ഉദ്യോഗസ്ഥരുടെ നടപടി അടിമുടി അബദ്ധമാണെന്നും ആദ്യം പറഞ്ഞത് മാധ്യമ സിൻഡിക്കറ്റ് ആണ്. അപ്പോൾ ഇന്നാട്ടിലെ മാധ്യമങ്ങൾ അടക്കം എല്ലാവരും പ്രതിഭയെയും മകനെയും മാത്രം ടാർഗറ്റ് ചെയ്തുള്ള നീക്കത്തിലായിരുന്നു. അതുകൊണ്ട് തന്നെ എക്സൈസിൻ്റെ വീഴ്ച കാണാതെ പോയി.
കേസ് എടുത്തത് ഡിസംബര്‍ 28ന് ആണെങ്കിൽ ജനുവരി 4ന് തന്നെ വീഴ്ചകൾ വിശദമായി റിപ്പോർട്ട് ചെയ്തു. ഒമ്പതുപേർ അറസ്റ്റിലായെങ്കിലും ഒരാളുടെ കയ്യിൽ നിന്ന് മൂന്നുഗ്രാം കഞ്ചാവ് മാത്രമാണ് കണ്ടെത്തിയത്. ഈ കേസിൽ ഓരോരുത്തരുടെയും പങ്ക് തെളിയിക്കാൻ ശരീരസ്രവങ്ങളുടെ പരിശോധന കൂടിയേ തീരൂവെന്നും, ഇത് ഉണ്ടായില്ലെന്നും മാധ്യമ സിൻഡിക്കറ്റ് ചൂണ്ടിക്കാട്ടി. വീണ്ടും ഒന്നരമാസത്തിന് ശേഷമാണ് ഇതേ വീഴ്ചകൾ വ്യക്തമാക്കി എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് കിട്ടിയത്. പ്രതിഭ, എക്സൈസ് മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു ഇത്. ഇതോടെ കേസ് മറ്റൊരു സംഘത്തെ ഏൽപിച്ചു.
ഇപ്പോഴിതാ ഗത്യന്തരമില്ലാതെ എക്സൈസ് തിരുത്തിയിരിക്കുന്നു. പ്രതിഭയുടെ മകൻ കനിവിനെതിരെ എടുത്ത കേസ് നിലനിൽക്കില്ലെന്നും, പ്രതികളായി ചേർത്ത ഒമ്പതിൽ ഏഴുപേരെയും ഒഴിവാക്കുകയാണ് എന്നും അറിയിച്ച് കോടതിക്ക് എക്സൈസ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി. മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെയാണ് ഒഴിവാക്കിയത്. ലഹരി കൈവശം വച്ചതായി കണ്ടെത്തിയ ഒന്നും രണ്ടും പ്രതികൾക്കെതിരെ മാത്രം ഇനി കേസ് തുടരും.
Also Read: കനിവിന് പ്രത്യേക കരുതല്‍; പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ്
ഡിസംബര്‍ 28ന് കുട്ടനാട് തകഴിയില്‍ നിന്ന് പിടികൂടിയ സംഘത്തിന്റെ കൈവശത്ത് നിന്ന് മൂന്നു ഗ്രാം കഞ്ചാവും ഇത് ഉപയോഗിക്കാനുള്ള ഉപകരണവും ആണ് പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതിനും, ലഹരി കൈവശം വച്ചതിനുമുള്ള ചെറിയ വകുപ്പുകൾ ചേർത്താണ് കേസ്. എന്നാല്‍ മകനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഭ രംഗത്ത് എത്തിയതോടെ കേസ് വൻ ചർച്ചയായി മാറി. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പ്രതിഭ പരാതി നല്‍കുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here