മനുഷ്യരാശിയുടെ നിലനിൽപ്പ് ഭീഷണിയിലെന്ന് ഐഎസ്ആർഒ; കാത്തിരിക്കുന്നത് ദിനോസറുകളുടെ അവസ്ഥയോ

മനുഷ്യൻ്റെ നിലനിൽപ്പിന് ഭീഷണിയായി ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്നുവെന്ന മുന്നറിയിപ്പുമായി ഐഎസ്ആർഒ. സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ. അപ്പോഫിസ് എന്ന വലിയ ഛിന്നഗ്രഹത്തിൻ്റെ ഭീഷണിയാണ് ഭൂമി നേരിടുന്നത്. 2029 ഏപ്രിൽ 13 ന് ഭൂമിയുമായി ഏറ്റവും അടുത്തെത്തും. എന്നാൽ അപ്പോൾ അത് ഭൂമിയിൽ പതിക്കാൻ സാധ്യതയില്ല. പിന്നീട് 2036ലും അത് തൊട്ടരികിൽ എത്തുമെന്നും ഇന്ത്യൻ ബഹിരാകാശ ഏജൻസി മുന്നറിയിപ്പ് നൽകി.

ഈജിപ്ഷ്യൻ ദൈവമായ ചാവോസിൻ്റെ പേരിലുള്ള ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് അടുത്തു വരുന്നതിൻ്റെ ആശങ്ക ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥും പങ്കുവച്ചു. നെറ്റ്‌വർക്ക് ഫോർ സ്‌പേസ് ഒബ്ജക്റ്റ്സ് ട്രാക്കിംഗ് ആൻഡ് അനാലിസിസ് (NETRA) അപ്പോഫിസിനെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണ്. ഈ വലിയ ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ മനുഷ്യരാശി തന്നെ ഇല്ലാതാവുന്നതിന് കാരണമാകും. സമീപകാലത്ത് ഈ ഛിന്നഗ്രഹത്തിൻ്റെയും ഇനി ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഭീഷണികളെയും ഒഴിവാക്കാൻ മറ്റ് രാജ്യങ്ങളുമായി സഹകരിക്കുമെന്നും സോമനാഥ് പറഞ്ഞു.

ഭൂമിയിൽ നിന്ന് 32,000 കിലോമീറ്റർ ഉയരത്തിലാണ് ഈ ഛിന്നഗ്രഹമെത്തുന്നത്. ഇത്രയും വലിപ്പമുള്ള മറ്റൊരു ഛിന്നഗ്രഹവും ഇതിന് മുമ്പ് ഭൂമിയുടെ ഇത്രയും അടുത്ത് വന്നിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയെക്കാളും ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാളും വലുതാണ് അപ്പോഫിസ്.

ഈ ഛിന്നഗ്രഹത്തിന് ഏകദേശം 340 മുതൽ 450 മീറ്റർ വരെ വ്യാസമുണ്ട്. 140 മീറ്ററിൽ കൂടുതൽ വ്യാസമുള്ള ഇത്തരം വസ്തുക്കൾ ഭൂമിയുടെ ഏറ്റവും അടുത്തുകൂടി കടന്നുപോകുന്നത് അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു. 2004 ലാണ് അപ്പോഫിസ് ആദ്യമായി കണ്ടെത്തിയത്. ഓരോ തവണ ഭൂമിയുടെ സമീപത്ത് കൂടി കടന്നു പോകുമ്പോഴും ദൂരം കുറഞ്ഞത് വരുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്.

അതേസമയം ഐഎസ്ആർഒയുടെ ചുമതലകളിൽ പ്ലാനറ്ററി ഡിഫൻസ് എന്ന പേരിൽ ഒരു പുതിയ ഒരു വിഭാഗം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമിക്ക് പുറത്തുള്ള വസ്തുക്കളിൽ നിന്നും ഗ്രഹത്തെ സംരക്ഷിക്കുക എന്നതാണ് അതിൻ്റെ ഉത്തരവാദിത്വം. മഹാരാഷ്ട്രയിലെ ലോണാറിൽ ഏകദേശം 500,000 വർഷങ്ങൾക്ക് മുമ്പ് ഒരു ഉൽക്ക പതിച്ചിരുന്നു. ഇതിൻ്റെ ഫലമായിട്ട് രൂപപ്പെട്ടതാണ് ലോണാർ ഉപ്പുജല തടാകം.

ഭൂമിയിൽ പതിച്ച ധൂമകേതുവോ ഛിന്നഗ്രഹമോ ആയിരിക്കാം ദിനോസറുകളുടെ വംശനാശത്തിന് ഇടയാക്കിയത് വിലയിരുത്തപ്പെടുന്നത്. അതിനു തെളിവായി മെക്സിക്കോയിൽ സ്ഫോടനത്തിലെന്ന വണ്ണം ഉണ്ടായൊരു കൂറ്റനൊരു വിള്ളലാണ് ഗവേഷകര്‍ ചുണ്ടിക്കാട്ടുന്നത്. അതിനകത്തെ ഇറിഡിയത്തിന്റെ സാന്നിധ്യമാണ് ഇതുസംബന്ധിച്ച സൂചനകൾ ഗവേഷകർക്കു നൽകിയത്.

ഹിമയുഗത്തിന് സമാനമായ ഒരു കാലം ഭൂമിയിൽ 12,800 വർഷം മുൻപ് ഭൂമിയിൽ ഉണ്ടായിരുന്നു. ഏകദേശം 1400 വർഷത്തോളം ഇത് തുടരുകയും ചെയ്തു. യങർ–ഡ്രയസ് എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തിലാണ് മാമത്തുകൾ എന്ന ആനയോടു രൂപസാദൃശ്യമുള്ള ജീവിവർഗം ഇല്ലാതായത്. അതിനുകാരണവും ഉൽക്കയോ ഛിന്നഗ്രഹമോ പോലുള്ള വസ്തുക്കൾ ഭൂമിയിൽ പതിച്ചതാണ് എന്നാണ് കരുതപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top