അപൂർവയിനം മുതലമുട്ടകൾ കണ്ടെത്തി; കംബോഡിയ കാർഡമം നാഷണൽ പാർക്കിൽ 60 എണ്ണം വിരിഞ്ഞുവെന്ന് റിപ്പോർട്ട്

പടിഞ്ഞാറൻ കംബോഡിയയിലെ വന്യജീവി സങ്കേതത്തിൽ വംശനാശ ഭീഷണി നേരിടുന്ന സയാമീസ് ഇനത്തിൽപ്പെട്ട മുതലകളുടെ 106 മുട്ടകൾ കണ്ടെത്തി. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ കണ്ടെത്തലാണിത്. കാർഡമം നാഷണൽ പാർക്കിൽ നിന്നാണ് മുട്ടകൾ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കണ്ടെത്തലാണിതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അപൂർവ ഇനത്തിൽപ്പെട്ട മുതലകളുടെ നിലനിൽപ്പിനെക്കുറിച്ച് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് പുതിയ കണ്ടെത്തൽ. മെയ് പകുതിയോടെയാണ് നാഷണൽ പാർക്കിൽ അഞ്ച് സയാമീസ് മുതലക്കൂടുകൾ കണ്ടെത്തിയത്. കൂടുകളിൽ 106 മുട്ടകൾ ഉണ്ടായിരുന്നു. ഇതിൽ 60 മുട്ടകൾ ജൂൺ 27നും 30നും ഇടയിൽ വിരിഞ്ഞെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

തെക്കുകിഴക്കൻ ഏഷ്യയിൽ ഒരുകാലത്ത് സാധാരണയായി കണ്ടിരുന്ന സയാമീസ് മുതലകൾ ഇപ്പോൾ വംശനാശ ഭീഷണിയിലാണ്. വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നാശം എന്നിവ കാരണമാണ് 1990-കളോടെ മുതലകൾ അപ്രത്യക്ഷമായി തുടങ്ങിയത്. നിലവിൽ, ഏകദേശം 1,000 സയാമീസ് മുതലകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ, അവയിൽ 300ലധികം കംബോഡിയയിലാണ്.

2017ൽ കോ കോങ് പ്രവിശ്യയിലെ ശ്രീ ആംബെൽ ജില്ലയിൽനിന്ന് ഗവേഷകർ ആറ് മുട്ടകൾ കണ്ടെത്തിയിരുന്നു. പിന്നീട്, 2021 സെപ്തംബറിൽ, കിഴക്കൻ കംബോഡിയയിലെ സ്രീപോക്ക് വന്യജീവി സങ്കേതത്തിൽ എട്ട് മുതല കുഞ്ഞുങ്ങളെ കണ്ടെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top