അവസാന കച്ചിത്തുരുമ്പുമായി ആൻ്റണി രാജു; തൊണ്ടിമുതൽ തിരിമറിയിൽ 34 വർഷം പഴക്കമുള്ള രേഖ സുപ്രീം കോടതിക്ക് സമർപ്പിച്ചു; വൈകിയുദിച്ച ബുദ്ധി!!
ലഹരികടത്തിൽ പ്രതിയായ വിദേശിയെ, തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കി കേസിൽ നിന്നൂരിയ അഭിഭാഷകനായ മുൻ മന്ത്രി ആൻ്റണി രാജു അവസാനത്തെ അടവുമായി സുപ്രീം കോടതിയിൽ. അന്നത്തെ മജിസ്ട്രേറ്റ് ഉത്തരവിട്ടത് പ്രകാരമാണ് തൊണ്ടി താൻ കോടതിയിൽ നിന്ന് ഏറ്റുവാങ്ങിയത് എന്നാണ് പുതിയ വാദം. തൻ്റെ കക്ഷിയായ ലഹരിക്കേസ് പ്രതിക്ക് ഇത് വിട്ടുനൽകാൻ മജിസ്ട്രേറ്റ് നിർദേശിച്ചുവെന്ന് അവകാശപ്പെട്ടാണ് 1990ലെ ഒരു രേഖ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഫലത്തിൽ, പിഴവ് പറ്റിയത് മജിസ്ട്രേറ്റിന് ആണെന്ന് സ്ഥാപിക്കുകയാകും ലക്ഷ്യം. നാളെ കേസ് വീണ്ടും കോടതി വീണ്ടും പരിഗണിക്കാനിരിക്കെ ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ വാദങ്ങൾ ഉയരും.
കോടതി നടപടികൾ മജിസ്ട്രേറ്റ് സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയതിൻ്റെ കോപ്പിയാണിത്. തീയതി: 03/08/1990. “പ്രതിയെ ഹാജരാക്കിയിട്ടുണ്ട്. വക്കീൽ ഇല്ല. വ്യക്തിപരമായ ഉപയോഗത്തിനുള്ള വസ്തുക്കൾ തിരിച്ചുകിട്ടാൻ അപേക്ഷ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ട് വിളിച്ചുവരുത്തിയിരുന്നു. എതിർപ്പ് അറിയിച്ചിട്ടില്ല. സർക്കാർ വാദവും കേട്ടു. ആവശ്യപ്പെട്ട വസ്തുക്കളെല്ലാം വിട്ടുനൽകിയിട്ടുണ്ട്. കേസ് സെഷൻസ് കോടതിയിലേക്ക് അയച്ചുകഴിഞ്ഞു. ഇനിയെല്ലാം അവിടെ ഹാജരാക്കുക.”
ഇത്രയും കുറിച്ചത് കോടതി ഉത്തരവിൻ്റെ പദാനുപദ തർജമയാണ്… ഇതിന് ശേഷം ഇതിന്മേൽ മജിസ്ട്രേറ്റിൻ്റെ ഒരു കൂട്ടിച്ചേർക്കൽ കൂടിയുണ്ട്; വിട്ടുകൊടുക്കാവുന്ന വസ്തുക്കളുടെ നമ്പർ ആണ് വ്യക്തമാക്കിയിട്ടുള്ളത്. ഐറ്റം നമ്പർ 1-41, 45, 46, 49 എന്നിവ വിട്ടുനൽകാം എന്നാണ് കൂട്ടിച്ചേർത്ത് എഴുതിയിട്ടുള്ളത്. കേസിനാധാരമായ തൊണ്ടിവസ്തു തൻ്റെ പക്കൽ എത്തിച്ചേരാൻ കാരണം മജിസ്ട്രേറ്റിൻ്റെ ഈ എഴുത്താണെന്നും, ദുരുദ്ദേശ്യത്തോടെ താൻ കൈക്കലാക്കിയതല്ല എന്നുമുള്ള ന്യായീകരണമാണ് ഈ രേഖ ഹാജരാക്കിയതിലൂടെ ആൻ്റണി രാജു ഉന്നയിക്കുന്നത്.
എന്നാൽ അഭിഭാഷകൻ കൂടിയായ പ്രതി ആൻ്റണി രാജു ഇതിനൊപ്പം കോടതിയിൽ വിശദീകരിക്കേണ്ട കാര്യങ്ങൾ പലതുണ്ട്. Return of personal properties (വ്യക്തപരമായ ഉപയോഗത്തിനുള്ള വസ്തുക്കൾ വിട്ടുകിട്ടാൻ) എന്ന ആവശ്യം ഉന്നയിച്ച് വരുന്ന അപേക്ഷയിൽ All articles are released (എല്ലാം വിട്ടുകൊടുക്കാം) എന്ന് ഓർഡർ എഴുതിയാൽ, അതിലെങ്ങനെ കേസിലെ തൊണ്ടിവസ്തു ഉൾപ്പെടും? അറസ്റ്റിൻ്റെ സമയത്ത് പോലീസ് പിടികൂടി കോടതിയിൽ കൊടുത്ത സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്റിക്കോർഡർ, ബാഗ് തുടങ്ങിയ പേഴ്സണൽ പ്രോപർട്ടീസ് കൊടുക്കാൻ എഴുതിയ ഓർഡറിൻ്റെ മറവിൽ തൊണ്ടിവസ്തു എങ്ങനെ എടുത്ത് കൊണ്ടുപോകും.
50ലേറെ വസ്തുക്കൾ ഇരിക്കുന്നതിൽ നിന്ന് ഓരോന്ന് എടുത്തപ്പോൾ അബദ്ധം പറ്റിയതാകുമോ? ഒരിക്കലും സംഭവിക്കില്ല. കാരണം വിട്ടുകൊടുക്കാൻ പറഞ്ഞ ഈ വസ്തുക്കളും തൊണ്ടിമുതലും സൂക്ഷിക്കുന്നത് ഒരേസ്ഥലത്തല്ല. പേഴ്സണൽ പ്രോപ്പർട്ടീസ് വയ്ക്കുന്നത് വെറും സ്റ്റോറിലും, തൊണ്ടിവസ്തുക്കൾ അതീവ ഭദ്രമായി സൂക്ഷിക്കുന്നത് കോടതിയുടെ ചെസ്റ്റിലുമാണ്. പോലീസ് പിടികൂടുന്ന ഘട്ടം മുതൽ ഈ സൂക്ഷ്മതയുണ്ട്. പേഴ്സണൽ പ്രോപ്പർട്ടീസ് പിടികൂടുന്നത് ഇൻവെൻട്രി (വെറും ലിസ്റ്റ്) തയ്യാറാക്കിയാണെങ്കിൽ, തൊണ്ടിയാകേണ്ട വസ്തുക്കൾ മഹസർ (Mahassar) എഴുതിയാണ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇരുപട്ടികകൾക്കും പ്രത്യേകം നമ്പറുകളും നൽകിയിട്ടുണ്ട്; വിദേശി ലഹരിവസ്തു ഒളിപ്പിച്ച അണ്ടർവെയർ അടക്കം തൊണ്ടിയെല്ലാം T241/90 ആയും, പേഴ്സണൽ പ്രോപ്പർട്ടികൾ T243/90 ആയും നമ്പറിട്ടിരുന്നു. ഇതെല്ലാം കൊണ്ടാണ് മജിസ്ട്രേറ്റിൻ്റെ എഴുത്ത് കൊണ്ടോ, അബദ്ധത്തിലോ മാറിപ്പോകില്ല എന്ന് ഉറപ്പിച്ച് പറയാനാകുന്നത്.
വസ്തുത ഇതെല്ലാം ആണെന്നിരിക്കെ മജിസ്ട്രേറ്റിൻ്റെ പിഴവിൽ ‘തൊണ്ടി പാവമെൻ്റെ കൈയ്യിലെത്തിപ്പെട്ടു’ എന്ന ന്യായം പറയാൻ 34 വർഷം കാത്തിരിക്കേണ്ടി വന്നുവെന്നത് മറ്റൊരു തമാശ. ഇനി മജിസ്ട്രേറ്റിൻ്റെ ഓർഡർ പ്രകാരമാണ് തൊണ്ടിയായ അണ്ടർവെയർ തൻ്റെ കൈയ്യിലെത്തിയത് എങ്കിൽതന്നെ, അത് നിയമപരമല്ലെന്ന് തിരിച്ചറിയാൻ വക്കീലായ പ്രതിക്ക് എത്ര നാൾ വേണ്ടിവന്നു? 09/08/1990 എന്ന് തീയതിയെഴുതി ഒപ്പിട്ട് ഏറ്റുവാങ്ങിയ തൊണ്ടിവസ്തു, നാലുമാസത്തിന് ശേഷം 05/12/1990ന് മാത്രമാണ് ആൻ്റണി രാജു കോടതിയിൽ തിരിച്ച് ഏൽപിക്കുന്നത്. മജിസ്ട്രേറ്റ് ഓർഡറിട്ട് നൽകിയ നടപടി ശരിയാണെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെന്തിന് തിരിച്ചേൽപിക്കാൻ പോയി എന്നതാണ് ഇതിൻ്റെ മറുവശം.
മുൻമന്ത്രിയാണെന്നോ മുന്നണിയുടെ നേതാവാണെന്നോ ഉള്ള പരിഗണനയില്ലാതെ സർക്കാർ പക്ഷം വാദിച്ചാൽ സുപ്രീം കോടതിയിൽ ഉയരേണ്ട ചോദ്യങ്ങളാണ് ഇതെല്ലാം. “കേസ് ഗൗരവ സ്വഭാവമുള്ളതാണ്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ ആൻ്റണി രാജു അടക്കം പ്രതികൾ നടത്തിയ തിരിമറി കാരണം രക്ഷപെട്ടുപോയത് ലഹരിക്കടത്ത് പോലെ ഗുരുതര സ്വഭാവമുള്ള കേസിൽ പ്രതിയായിരുന്ന വിദേശിയാണ്. പ്രതിയുടെ രാഷ്ട്രീയഭാവി ഇല്ലാതാക്കാനുള്ള കേസാണെന്ന വാദം നിലനിൽക്കുന്നതല്ല” – ഇക്കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതിയിൽ സർക്കാർ വിശദീകരണം സമർപ്പിച്ചത് ഇങ്ങനെയായിരുന്നു.
തൊണ്ടിമുതൽ തിരിമറിക്കേസ് റജിസ്റ്റർ ചെയ്തിട്ട് 30 വർഷം, കുറ്റപത്രം സമർപ്പിച്ചിട്ട് 18 വർഷം, വിചാരണക്കായി കോടതി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് 16 വർഷം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ 2006ൽ കുറ്റപത്രം സമർപ്പിച്ച കേസ്, 2014ൽ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റിയ ശേഷം വിചാരണ തുടങ്ങാനായി ആൻ്റണി രാജുവിൻ്റെ സൌകര്യം കാത്തിരിക്കുകയായിരുന്നു 2022 വരെ. പ്രതി ഹാജരാകാത്തതിനാൽ വിചാരണ തുടങ്ങാനാകുന്നില്ല എന്ന വിവരം 2022 ജൂലൈയിൽ പുറത്തുവന്നതിന് പിന്നാലെ കേസ് റദ്ദാക്കാനായി ആൻ്റണി രാജു ഹൈക്കോടതിയിലെത്തി.
ഒരുവർഷത്തോളം നീണ്ട നടപടികൾക്ക് ശേഷം ഹൈക്കോടതി കേസ് റദ്ദാക്കി. എന്നാൽ കേസെടുത്തതിൽ ആൻ്റണി രാജു ചൂണ്ടിക്കാട്ടിയ സാങ്കേതിക പിഴവ് തിരുത്തി വീണ്ടും കേസ് വിചാരണ നടത്താൻ ഉത്തരവിട്ടത് വൻ തിരിച്ചടിയായി. ഈ വിധിക്കെതിരെ സമർപ്പിച്ച ഹർജിയാണ് ഒരുവർഷത്തോളമായി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നത്. അഭിഭാഷകനെന്ന നിലയിൽ നാലു പതിറ്റാണ്ടോളം പ്രവൃത്തി പരിചയമുള്ള പ്രതിക്ക് വൈകിയുദിച്ച ബുദ്ധിയാണ് ഈ പുതിയ (പഴയ) രേഖക്ക് പിന്നിലെന്ന് തോന്നാമെങ്കിലും അതത്ര മോശം ബുദ്ധിയല്ല. ഇപ്പോൾ തന്നെ ഇത്ര വൈകിയ കേസിൻ്റെ വിചാരണയെ വീണ്ടും വൈകിപ്പിക്കാൻ ഇത് ഉപകരിച്ചേക്കാം എന്നതാണ് ഗുണം.
ഇനിയെന്ന് വിചാരണ തുടങ്ങിയാലും സാക്ഷികളുടെ പ്രായം കേസിനെ കാത്തിരിക്കുന്ന ഗുരുതര പ്രതിസന്ധിയാണ്. കോടതി ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരുമായ 29 സാക്ഷികളും ജോലിയിൽ നിന്ന് വിരമിച്ച് പല നാടുകളിലാണ്. ശരാശരി പ്രായം 75നും 85നും ഇടയിൽ. മൂന്നുപേർ മരിച്ചുപോയി. ശേഷിച്ചവരിൽ പലർക്കും വിചാരണക്ക് കൃത്യമായി ഹാജരാകാനുള്ള സാഹചര്യമില്ലെന്ന് 2022ൽ ഹൈക്കോടതി വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യക്തമായതാണ്. ഇങ്ങനെയെല്ലാം പരിഗണിച്ചാൽ കേസ് റദ്ദായി കിട്ടിയില്ലെങ്കിലും നീണ്ടുപോകുന്നത് തന്നെ പ്രതിഭാഗത്തിന് അനുഗ്രഹമാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here