വിപ്ലവകവി ഗദ്ദറിൻ്റെ മകൾ കോൺഗ്രസ് സ്ഥാനാർത്ഥി; വെണ്ണിലയുടെ സ്ഥാനാർത്ഥിത്വം ചർച്ചയാവുന്നു

ഹൈദരാബാദ്: ഒരിക്കല്‍ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്ത തെലങ്കാനയുടെ മാവോയിസ്റ്റ് കവി ഗദ്ദറിന്റെ മകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങുന്നു. സെക്കന്തരാബാദ് കന്റോണ്‍മെന്റ് സംവരണ മണ്ഡലത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഡോ. ജി.വി.വെണ്ണില മത്സരത്തിനിറങ്ങുന്നത്. സിറ്റിംഗ് എംഎല്‍എയായ സായണ്ണയുടെ മകള്‍ ലാസ്യ നന്ദിതയാണ് ഭരണകക്ഷിയായ ബിആര്‍എസിന്റെ സ്ഥാനാര്‍ഥി.

മാവോയിസ്റ്റായിരുന്ന ഗദ്ദര്‍ തന്റെ അവസാനകാലമായപ്പോൾ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ കാണുകയും നല്ലബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.

മാവോയിസ്റ്റ് പ്രവർത്തനകാലത്ത് ഗദ്ദർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രചാരണം നടത്തുകയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2017ൽ മാവോയിസം ഉപേക്ഷിച്ച ഗദ്ദർ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗദ്ദര്‍ തയ്യാറായിരുന്നില്ല. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ടിക്കറ്റ് വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.

2023ല്‍ ഗദ്ദർ പ്രജാ പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു തെലങ്കാനാ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു തീരുമാനം. അതിനിടയിൽ ഈ വർഷം ആഗസ്റ്റ് 6ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.

ഗുമ്മാഡി വിറ്റല്‍ റാവു എന്നാണ് യഥാര്‍ഥ പേരെങ്കിലും ഗദ്ദര്‍ എന്ന മൂന്നക്ഷരത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തെലങ്കാന പ്രക്ഷോഭത്തിന്‍റെ സജീവസാന്നിധ്യമായിരുന്നു ഗദർ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനായിരുന്നു. സാമൂഹിക അസമത്വത്തിനെതിരായ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച ഗദ്ദറിന്റെ ആയുധം നാടോടി ഗാനങ്ങളായിരുന്നു. തെലങ്കാന സംസ്ഥാന രൂപീകരണ പ്രക്ഷോഭം പുനരാരംഭിച്ചപ്പോള്‍ പിന്തുണയുമായി ഗദ്ദർ വീണ്ടും രംഗത്തെത്തിയിരുന്നു.

Logo
X
Top