ബിജെപിയെ പിന്തുണച്ചതിനെ ചൊല്ലി കെസിബിസിയില്‍ അടി മൂക്കുന്നു; വഖഫ് ഭേദഗതി നിയമം മുനമ്പത്തുകാരെ പറ്റിച്ചെന്ന് ലത്തീന്‍ ബിഷപ്പ്

ബിജെപിയുമായി ചങ്ങാത്തം കൂടാന്‍ ഒരുമ്പെട്ടിറങ്ങിയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തീരുമാനത്തെ പരിഹസിച്ച് കോഴിക്കോട് ലത്തീന്‍ അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലയ്ക്കല്‍. വഖഫ് ഭേദഗതി നിയമം വന്നാല്‍ മുനമ്പത്തുള്ളവരുടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കെസിബിസി കരുതിയത്. എന്നാല്‍ ആ തീരുമാനം തെറ്റായിപ്പോയെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സമിതിയില്‍ സിറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്ക എന്നീ സഭാ വിഭാഗങ്ങളില്‍പ്പെട്ട മെത്രാന്‍മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സഭകളിലൊന്നായ സിറോ മലബാര്‍ സഭയാണ് കെസിബിസിയിലെ നിര്‍ണായക ശക്തി. ഈ സഭയില്‍പ്പെട്ട ഒരു സംഘം മെത്രാന്‍മാരാണ് ഇഡി പേടിയുടെ പേരില്‍ വഖഫ് ബില്ലിനെ പിന്തുണയ്ക്കാന്‍ ഇറങ്ങി പുറപ്പെട്ടത്. ഇതിന്റെ ഭാഗമായാണ് ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കെസിബിസി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് കത്തയച്ചത്. പുതിയ നിയമ ഭേദഗതി കൊണ്ട് മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു തന്നെ വെളിപ്പെടുത്തിയതോടെ സംഘപരിവാര്‍ പക്ഷപാതികളായ മെത്രാന്‍മാര്‍ മാളത്തിലൊളിച്ചു.
മുനമ്പത്തെ ഭൂമി പ്രശ്‌നബാധിതരില്‍ ബഹുഭൂരിപക്ഷവും ലത്തീന്‍ സഭയില്‍പ്പെട്ടവരാണ്. ഇവരുടെ പേരും പറഞ്ഞാണ് ഒരു പറ്റം മെത്രാന്‍മാര്‍ മുതലെടുപ്പിന് ശ്രമിച്ചത്. ബിജെപിയുമായി ചങ്ങാത്തം കൂടുന്നതില്‍ തുടക്കം മുതലേ ലത്തീന്‍ മെത്രാന്‍മാര്‍ക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ക്രൈസ്തവരെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ വിയോജിപ്പ് പരസ്യമാക്കേണ്ട എന്ന് കരുതി അവര്‍ മിണ്ടാതിരുന്നു. നിയമ ഭേദഗതി കൊണ്ട് മുനമ്പത്തുകാര്‍ക്ക് ഗുണമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ലത്തീന്‍ മെത്രാന്‍മാര്‍ പരസ്യമായി പ്രതികരിച്ചു തുടങ്ങി.
വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല. പിന്തുണയില്‍ പുനര്‍വിചിന്തനത്തെ കുറിച്ച് ആലോചിക്കുമെന്നും ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കി. താന്‍ അമേരിക്കയിലായിരുന്ന കാലത്താണ് പിന്തുണക്കാനുള്ള തീരുമാനമെടുത്തത്. എല്ലായിടത്തും രാഷ്ടീയ മുതലെടുപ്പിനാണ് ശ്രമമെന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍.
‘നിയമത്തിന് മുന്‍കാല പ്രാബല്യമില്ലെന്നും നിയമ ഭേദഗതി കൊണ്ട് ഉപകാരമില്ലെന്നുമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഫാറൂഖ് കോളജ് അധികൃതരുടെ നിലപാട് കോടതി അംഗീകരിച്ചാല്‍ പിന്നെ പ്രശ്‌നമുണ്ടാകില്ല. പ്രശ്‌നങ്ങളെ വൈകാരികമായി എടുക്കാതെ വിവേകത്തോടെ സമീപിക്കം’ ചക്കാലയ്ക്കല്‍ പറഞ്ഞു. ഈ തുറന്ന് പറച്ചിലില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. പാവപ്പെട്ട ലത്തീന്‍ വിശ്വാസികളെ മുന്നില്‍ നിര്‍ത്തി ബിജെപിയുമായി സഖ്യം കൂടാനുളള നീക്കം നടത്തിയ സിറോ മലബാര്‍ സഭയിലെ മെത്രാന്‍മാര്‍ക്കുള്ള താക്കീതാണ് വര്‍ഗീസ് ചക്കാലയ്ക്കലിന്റെ ഒളിയമ്പ്.
മുനമ്പം വിഷയത്തില്‍ മുതലെടുപ്പിനു ശ്രമിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണമെന്ന് ചൂണ്ടിക്കാട്ടി ലത്തീന്‍സഭയുടെ മുഖമാസികയില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ‘ജീവനാദ’ത്തിന്റെ മുഖപ്രസംഗത്തിലാണ് കെസിബിസിയുടെ പേര് പറയാതെ കടുത്ത വിയോജിപ്പുകള്‍ തുറന്നു പറഞ്ഞത്.
‘ജെപിസിയുടെ ഭേദഗതികള്‍ അടങ്ങിയ ബില്‍ ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജ്ജു ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കെസിബിസിയും സിബിസിഐയും ഇറക്കിയ പ്രസ്താവനകള്‍ മുനമ്പത്തെ ‘ക്രൈസ്തവരുടെ പ്രശ്‌നം’ ഹൈലൈറ്റ് ചെയ്‌തെന്നും പറയുന്നു. 655 പേജുള്ള ജെപിസി റിപ്പോര്‍ട്ടില്‍ ഒരിടത്തും മുനമ്പം പരാമര്‍ശിക്കപ്പെട്ടിരുന്നില്ല . മുന്‍കാല പ്രാബല്യമില്ലാത്തതാണ് വഖഫ് ഭേദഗതി നിയമമെന്ന് അമിത്ഷായും കിരണ്‍ റിജിജുവും ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. മുനമ്പം പ്രശ്‌നത്തിനു പ്രതിവിധിയായി ബില്ലില്‍ നിര്‍ദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന് ഹൈബി ഈഡന്‍ എം.പി ചോദിച്ചിട്ടും മറുപടിയുണ്ടായില്ല. ന്യൂനപക്ഷകാര്യ സഹമന്ത്രിയായ ജോര്‍ജ് കുര്യനെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടിയിരുന്നു’ എന്നായിരുന്നു ജീവനാദം എഡിറ്റോറിയിലെ വിമര്‍ശനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here