സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മുടിവടിച്ച ലതിക സുഭാഷ് ആശമാരുടെ തലമുണ്ഡനം കണ്ടില്ലേ? ഇടതുമുന്നണിയുടെ കണ്ണുരുട്ടലാണോ മൗനത്തിന് കാരണം

കൃത്യം നാല് വര്‍ഷം മുമ്പ് ഇതുപോലൊരു മാര്‍ച്ച് മാസത്തില്‍ വനിതകള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മതിയായ പ്രാധിനിധ്യം കിട്ടാത്തതിന്റെ പേരില്‍
സംസ്ഥാനത്തെ മുതിര്‍ന്ന വനിത നേതാവും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ലതിക സുഭാഷ് ഇന്ദിരഭവന് മുന്നില്‍ തലമുണ്ഡനം ചെയ്തത് വലിയ വിവാദമായിരുന്നു. ഇന്നിപ്പോൾ ലതിക ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എന്‍സിപിയുടെ നേതാവും കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണുമാണ്. ആശമാരുടെ മുടിമുറിക്കല്‍ സമരത്തെക്കുറിച്ച് ലതിക പ്രതികരിക്കുമോ എന്നറിയാൻ ആശമാർക്കും കൌതുകമുണ്ട്. ഇടതുമുന്നണിയിലെ ഒട്ടുമിക്ക ഘടക കക്ഷികളും ആശാസമരത്തോട് മുഖംതിരിച്ച് നില്‍ക്കുകയാണ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിലെ വനിതകള്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് 2021 മാര്‍ച്ച് 14ന് വൈകുന്നേരം കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വെച്ച് അവര്‍ തല മൊട്ടയടിച്ചത്. പാര്‍ട്ടി നേതൃത്വം അടിമുടി വിറച്ചുപോയ സംഭവമായിരുന്നു. അന്ന് ഇടതുപക്ഷ നേതാക്കളും ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരുമൊക്കെ ലതികയുടെ മുടിമുറിക്കലിനെ വലിയ ത്യാഗമായിട്ടും ധീരതയുടെ പ്രതീകമായിട്ടും വാഴ്ത്തിപ്പാടി. പക്ഷേ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ധാരാളം ആശമാര്‍ ഇന്ന് മുടിമുറിച്ച് പ്രതിഷേധിച്ചിട്ടും ഇടതുമുന്നണിയിലെ വനിത നേതാക്കന്മാര്‍ മിണ്ടാട്ടം മുട്ടി നില്‍ക്കുകയാണ്. കഴിഞ്ഞ 50 ദിവസമായി ആശാ വര്‍ക്കേഴ്സ് സെക്രട്ടറിയേറ്റ് നടയില്‍ സമരത്തിലാണ്.
തലമുണ്ഡനം ചെയ്ത ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാജി വെച്ചിരുന്നു. പിന്നീടവര്‍ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മുടിവടിച്ച ലതിക സുഭാഷ് , ജീവിക്കാനായി സമരം നടത്തുന്ന ആശമാര്‍ മുടിവടിച്ചതിനെക്കുറിച്ച് പ്രതികരിക്കാനിടയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്‍സിപിയുടെ സംസ്ഥാന ഉപാധ്യക്ഷയായ ലതികയ്ക്ക് പാര്‍ട്ടി അച്ചടക്കത്തിന്റെ പേര് പറഞ്ഞ് പ്രതികരിക്കാതിരിക്കാനും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വന്തം മക്കളുടെ മരണത്തില്‍ പ്രതിഷേധിച്ച് അവര്‍ക്ക് ഇതുവരെ ലഭിക്കാതെ പോയ നീതിയുടെ പേരില്‍ വാളയാറിലെ അമ്മയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുടി പൂര്‍ണമായി നീക്കം ചെയ്തിരുന്നു. പിന്നീടവര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here