കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ സഭ; മണിപ്പൂരില്‍ ക്രൂരപീഡനം നടക്കുന്നു; അഭിപ്രായം അറിയിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും ബിഷപ്പ് തോമസ് ജെ. നെറ്റോ
തിരുവനന്തപുരം : മണിപ്പൂര്‍ വിഷയം ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ. അന്ധകാര ശക്തികളില്‍ നിന്ന് ക്രൈസ്തവര്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നു. മണിപ്പൂരിലും ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിലും ക്രൈസ്തവര്‍ വേട്ടയാടപ്പെടുകയാണ്. ഫലപ്രദമായ ഇടപെടലുകള്‍ ഔദ്യോഗിക പക്ഷത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ലത്തീന്‍ സഭ ബിഷപ്പ് തോമസ് ജെ. നെറ്റോ വിമര്‍ശിച്ചു.
ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളില്‍ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരും തിരിച്ചറിയണം. അഭിപ്രായം വ്യക്തമായി പ്രകടിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും ബിഷപ്പ് പറഞ്ഞു. പൗരത്വ നിയമഭേദഗതിയുടെ പേരില്‍ മതാധിപത്യ സങ്കുചിത മനോഭാവം വളര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ സമൂഹത്തിലെ അനീതിക്കെതിരെ പോരാടാന്‍ കഴിയുകയുള്ളൂ. അതിജീവനത്തിനുള്ള കരുത്താണ് വേണ്ടത്. അതിന് എല്ലാ ക്രൈസ്തവസഭകളും ഒരുമിച്ച് നില്‍ക്കണം. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കാന്‍ ഇത് ആവശ്യമാണെന്നും ബിഷപ്പ് പറഞ്ഞു. ദുഃഖവെള്ളിയോട് അനുബന്ധിച്ച് വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ബിഷപ്പ് തോമസ് ജെ. നെറ്റോ കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ എണ്ണി പറഞ്ഞത്.
മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു. ഏത് ന്യൂനപക്ഷങ്ങള്‍ക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ് ഭരണഘടന ഉറപ്പു നല്‍കുന്നത്. എന്നാല്‍ രാജ്യത്ത് ഭയപ്പെട്ട് ജീവിക്കുന്ന ഏതെങ്കിലും ദുര്‍ബല മനുഷ്യരുണ്ടെങ്കില്‍ അത് ആ രാജ്യത്തിന്റെ പരാജയമാണ്. കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താന്‍ നോക്കിയാല്‍ നടക്കില്ലെന്നും മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ക്രൈസ്തവ സഭകളോട് അടുക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടിയാണ് വിവിധ സഭകളുടെ ഈ നിലപാട് വ്യക്തമാക്കല്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here