തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വ്യക്തമായ രാഷ്ട്രിയ സന്ദേശവുമായി ലത്തീൻസഭ; വിഴിഞ്ഞം സമരത്തിൻ്റെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ദൈനംദിന കാര്യങ്ങളെല്ലാം സ്തംഭനത്തിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തെ തുടര്‍ന്ന് ലത്തീന്‍ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് വെളിപ്പെടുത്തി ആര്‍ച്ചുബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ. പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഗുരുതര ആരോപണം ഉന്നയിച്ചത്. ഇതുവരെയും നടപടി പിൻവലിച്ചിട്ടില്ലെന്നും മിഷൻ പ്രവർത്തനം അടക്കം ദൈനംദിന കാര്യങ്ങൾക്ക് പോലും സഭ ബുദ്ധിമുട്ടുകയാണെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ ഇക്കാര്യം വിശ്വാസികളെ അറിയിച്ചത് കണക്കുകൂട്ടി തന്നെയാണെന്ന് കരുതാം. അതേസമയം കേന്ദ്രത്തെയാണോ സംസ്ഥാന സർക്കാരിനെയാണോ കുറ്റപ്പെടുത്തുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

‘വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷാരംഭം മുതല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കാറുണ്ടായിരുന്ന സാധാരണ സാമ്പത്തിക സഹായം പോലും സ്വീകരിക്കാന്‍ കഴിയാത്ത തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടികള്‍ നമുക്ക് മേല്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നുമുണ്ടായി. അത് ഇപ്പോഴും തുടരുന്നു’ ഇടയലേഖനത്തില്‍ ആരോപിക്കുന്നു. വൈദിക വിദ്യാര്‍ത്ഥികളുടെ പരിശീലനവുമായി ബന്ധപ്പെട്ട് വരുന്ന ചെലവുകള്‍ പരാമര്‍ശിക്കുന്ന ഘട്ടത്തിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച കാര്യം വിശ്വാസികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

രാജ്യത്ത് മതധ്രുവീകരണം നടത്തുന്നവര്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ ആര്‍ച്ച് ബിഷപ്പ് നെറ്റോ കഴിഞ്ഞ മാസവും ഇടയലേഖനം പുറപ്പെടുവിച്ചിരുന്നു.
‘മതധ്രുവീകരണം രാജ്യത്തെ സാമൂഹിക സൗഹാര്‍ദം തകര്‍ക്കുകയും ജനാധിപത്യത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നുവെന്നായിരുന്നു മാര്‍ച്ച് 17ലെ ഇടയലേഖനത്തില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ലംഘിക്കപ്പെടുകയും ക്രിസ്ത്യാനികള്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളും ഭീഷണികളും നിത്യസംഭവമായി മാറുകയും ചെയ്യുകയാണെന്നാണ് അന്ന് ചൂണ്ടിക്കാട്ടിയത്.

തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ലത്തീന്‍ സഭാ വിഭാഗക്കാരായ വോട്ടർമാര്‍ നിര്‍ണായ ശക്തിയാണ്. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ നിലപാടാണ് ഇവര്‍ സ്വീകരിക്കാറുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top