മുട്ടിലിഴച്ചതിൽ ഇടവകയെ തള്ളി രൂപത; പ്രാകൃതശിക്ഷ അനുവദിക്കില്ലെന്ന് മോണ്‍. യൂജിന്‍ പെരേര; അന്വേഷണം തുടങ്ങി ലത്തീന്‍ അതിരൂപത

തിരുവനന്തപുരം : ക്രിസ്മസ് ദിനത്തില്‍ ശിക്ഷാ നടപടിയുടെ ഭാഗമായി യുവാവിനെ പള്ളിയില്‍ മുട്ടിലിഴയിപ്പിച്ച സംഭവത്തെക്കുറിച്ച് ലത്തീന്‍ അതിരൂപത അന്വേഷണം ആരംഭിച്ചു. പള്ളിയ്ക്കുളളില്‍ വിശ്വാസിയെ മുട്ടിലിഴയിച്ച് മാപ്പ് പറയിപ്പിച്ച സംഭവം പ്രാകൃതമായ ശിക്ഷാ രീതിയാണെന്ന് അതിരൂപതാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. 2002 ല്‍ തന്നെ ഇത്തരം ശിക്ഷാ നടപടികള്‍ സഭ അവസാനിപ്പിച്ചതാണ്. തികച്ചും മനുഷ്യാവകാശ ലംഘനമാണ് നടന്നത്. കര്‍ശനമായ നടപടി സ്വീകരിക്കും. വെള്ളിയാഴ്ച (ഡിസംബര്‍ 29) ഇരുകൂട്ടരേയും വെള്ളയമ്പലം ബിഷപ്പ് ഹൗസിലേക്ക് ചര്‍ച്ചക്കായി വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരിംങ്കുളം സെന്റ് ആന്‍ഡ്രൂസ് പള്ളിയിലാണ് വിവാദമായ സംഭവം നടന്നത്. പള്ളിയുടെ ഉടമസ്ഥതയിലുള്ള വസ്തു രൂപതയ്ക്ക് കൈമാറുന്നതില്‍ ഇടവകാംഗമായ മെന്‍ഡ്രൂസ് എന്ന യുവാവ് എതിര്‍പ്പറിയച്ചതിന്റെ പേരിലാണ് വികാരിയും കമ്മറ്റിക്കാരും ചേര്‍ന്ന് ശിക്ഷിച്ചത്. കരിംങ്കുളത്ത് കോളജ് സ്ഥാപിക്കുന്നതിന് അതിരൂപത പള്ളിക്ക് സമീപം വസ്തു വാങ്ങിയിരുന്നു. ഇതിന് സമീപത്തായി ഇടവകയും കുറെ സ്ഥലം വാങ്ങിയിരുന്നു. ഈ വസ്തു രൂപതയ്ക്ക് കൈമാറാന്‍ ഇടവക കമ്മറ്റി തീരുമാനിക്കുകയായിരുന്നു. കടലാക്രമണത്തില്‍ വീട് തകരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ലക്ഷം രൂപയ്ക്ക് പ്രസ്തുത സ്ഥലം വാങ്ങാന്‍ വിശ്വാസികള്‍ തയാറായതിനു പിന്നാലെയാണ് ആരോടും ആലോചിക്കാതെ വികാരിയും കമ്മറ്റിക്കാരും ചേര്‍ന്ന് രൂപതയ്ക്ക് സ്ഥലം കൈമാറിയത്.

ക്രിസ്മസ് തലേന്ന് ഞായറാഴ്ചയിലെ ആദ്യ കുര്‍ബാന കഴിഞ്ഞ ശേഷമാണ് പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ ജോണ്‍ ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. ഇതിനെതിരെ എതിര്‍പ്പുയരുകയും ചെയ്തു. മെന്‍ഡ്രൂസ് പളളി മേടയിലെത്തി വികാരിയോട് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ഒന്നും പറയാന്‍ അദ്ദേഹം തയാറായില്ല. ഇതോടെ തര്‍ക്കമാകുകയും രണ്ടാം കുര്‍ബാന വൈകുകയും ചെയ്തു. ഈ സംഭവത്തിലാണ് പള്ളി കമ്മറ്റി യുവാവിന് ശിക്ഷ വിധിച്ചത്. പള്ളിയുടെ വാതില്‍ മുതല്‍ വിശ്വാസികള്‍ക്കിടയിലൂടെ മുട്ടിലിഴയാനും അള്‍ത്താരയിലെത്തി മാപ്പ് പറയാനുമായിരുന്നു ശിക്ഷ. ക്രിസ്മസ് ദിനത്തില്‍ ദിവ്യബലിക്കിടയില്‍ ഈ ശിക്ഷ നടപ്പാക്കുകയും ചെയ്തു. ഊരുവിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിനെ കൊണ്ട് ശിക്ഷ നടത്തിച്ചത്. പുറത്തു വന്ന വീഡിയോയില്‍ മെന്‍ഡ്രൂസ് മാപ്പപേക്ഷിച്ച് പറയുന്നത് ഇങ്ങനെയാണ്.

‘എനിക്ക് എഴുതാനും വായിക്കാനൊന്നുമറിയില്ല.കടലിലാണ് ജോലി ചെയ്യുന്നത്. ( കമ്മറ്റിയംഗം ഇടപെടുന്നു. മാപ്പ് പറയാമെന്ന് യുവാവ് മറുപടി നല്‍കുന്നു) ഞാന്‍ മാപ്പ് ചോദിക്കാനാണ് വന്നത്. ഇവിടെ രണ്ട് വരി വീട് പോകുന്നുണ്ട്. ഗവണ്‍മെന്റ് വീട് തരുന്നില്ല. അപ്പൊ ജനങ്ങളെ എവിടെ കൊണ്ടു പോയി പാര്‍പ്പിക്കും. അതിനാല്‍ ഇവര്‍ ഭൂമി കൊടുത്തപ്പോള്‍ ഞാന്‍ പോയി ചോദിച്ചു. അതിനാണ് ഈ ശിക്ഷ. ഞായറാഴ്ച രണ്ടാമത്തെ കുര്‍ബാന സമയത്ത് ചെയ്തത് ഞാന്‍ തന്നെയാണ്. ആദ്യത്തെ കുര്‍ബാനയിലാണ് അച്ഛന്‍ വിളിച്ചു പറഞ്ഞത്. അത് കഴിഞ്ഞ് പോയി ചോദിച്ചപ്പോള്‍ അച്ഛന് പറയാന്‍ പറ്റൂല. ഇവിടെ കമ്മറ്റിക്കാരുണ്ടെന്നാണ് അവരുടെ വാദം. ഞാന്‍ ചോദിച്ചു എന്നെ പോലുള്ളവര്‍ കടലില്‍ ജോലി ചെയ്താണ് ഇതെല്ലാം ഉണ്ടാക്കിയത്. ഇപ്പോള്‍ 1.45 ലക്ഷം രൂപയ്ക്ക് കൊടുത്താല്‍ കടല്‍ കയറുന്ന സമയത്ത് വീടുകള്‍ തകര്‍ന്നാല്‍ എവിടെ പോയി കിടക്കും. എന്നതാണ് എന്റെ ചോദ്യം. നിങ്ങള്‍ തന്നെ ആലോചിക്ക്. കൊടുത്തു കഴിഞ്ഞിട്ടാണ് പള്ളിയില്‍ വിളിച്ചു പറഞ്ഞത്. ഞാന്‍ നിങ്ങള്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നു’

ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ വ്യാപകമായ വിമര്‍ശനമാണുയര്‍ന്നത്. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ അടിമകളാക്കി മാറ്റുകയാണെന്നും തിരുവായ്ക്ക് എതിര്‍വാക്ക് പാടില്ലെന്ന സ്ഥിതിയാണെന്നും വിശ്വാസികള്‍ക്കുള്ളില്‍ തന്നെ വിമര്‍ശനമുയരുന്നുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ ലത്തീന്‍ അതിരൂപത അന്വേഷണം ആരംഭിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് ചില വൈദികര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പ്രാകൃതമായ ഇത്തരത്തിലുളള ശിക്ഷാ രീതികള്‍ സഭ ഉപേക്ഷിച്ചിട്ടും ഇപ്പോഴും ഇത് തുടരുന്നത് ഞെട്ടലുളവാക്കിയിരിക്കുകയാണ്. പരിഷ്‌കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത തരത്തിലുള്ള ഇത്തരം നടപടികളോട് സര്‍ക്കാരും ഉത്തരവാദിത്വപ്പെട്ട ഏജന്‍സികളും എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നാണ് ഇനിയറിയേണ്ടത്.

Logo
X
Top