കെസിബിസിയേയും സിബിസിഐയേയും തേച്ചൊട്ടിച്ച് ലത്തീന്‍സഭ; മുനമ്പത്ത് വെറുപ്പിന്റ വിദ്വേഷക്കൊടി പാറിക്കരുത്

മുനമ്പം ഭൂമി പ്രശ്‌നം ക്രൈസ്തവ – മുസ്ലീം സമുദായിക വിഷയമായി കത്തിച്ചു നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്നവരുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിയണമെന്ന് ലത്തീന്‍സഭാ മാസിക. കേരളത്തിന്റെ മലയോര കൂടിയേറ്റ മേഖലകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനായതുപോലെ തീരപ്രദേശത്തും വെറുപ്പിന്റെ വിദ്വേഷക്കൊടി പാറിക്കാന്‍ മുനമ്പം കളമൊരുക്കുമെന്ന ഉമ്മീദില്‍ ഊറ്റം കൊള്ളുന്നവര്‍ പുതുമഴയിലെ ഈയാമ്പാറ്റകളെ പോലെ ഈ കടപ്പുറത്തു തന്നെ അടിഞ്ഞുകൂടുമെന്ന് സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ജീവനാദത്തിന്റെ ‘ഉമ്മീദിലെ നിയ്യത്ത്’ എന്ന എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

മുനമ്പം ഭുമി വിഷയത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിയും (KCBC) അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സമിതിയും (CBCI) മുനമ്പം നിവാസികള്‍ക്ക് നീതി ലഭിക്കാന്‍ നടപടിവേണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഒപ്പം കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ വഖഫ് ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസും സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തുമാണ് കേന്ദ്ര സര്‍ക്കാരിനും സംയുക്ത പാര്‍ലമെന്ററി കമ്മറ്റിക്കും പരാതി നല്‍കിയത്.
മുനമ്പം നിവാസികളില്‍ ബഹുഭുരിപക്ഷവും ലത്തീന്‍ സഭാ വിശ്വാസികളാണ്. അവരെ മുന്നില്‍ നിര്‍ത്തി ബിജെപിയുമായി സന്ധി ചെയ്യാന്‍ കത്തോലിക്ക മെത്രാന്‍ സമിതികള്‍ നടത്തുന്ന ഗൂഢ പദ്ധതികളെ തള്ളിപ്പറയുകയാണ് ലത്തീന്‍ കത്തോലിക്ക സഭ. വരേണ്യ ക്രിസ്ത്യാനികള്‍ എന്നവകാശപ്പെടുന്നവരുടെ രാഷ്ടീയക്കളികള്‍ക്ക് തങ്ങളെ കിട്ടില്ലെന്ന വ്യക്തമായ സന്ദേശമാണ് ലത്തീന്‍ സഭ നല്‍കുന്നത്.
‘മുനമ്പത്തെ ഭൂമിയില്‍ വഖഫ് അവകാശവാദം ഉറപ്പിക്കുന്നതിന് ആധാരമായ 1995-ലെ വഖഫ് നിയമത്തിലെ ചില വകുപ്പുകള്‍ എടുത്തുകാട്ടി, പൗരരുടെ സ്വത്തവകാശത്തിന്മേല്‍ കൈകടത്താനായി അത്തരം വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതു തടയണമെന്നും മുനമ്പം നിവാസികള്‍ക്ക് നീതി ലഭിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകാനും വേണ്ട നിയമവ്യവസ്ഥ അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി അധ്യക്ഷന്‍ സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്, സിബിസിഐ അധ്യക്ഷന്‍ സീറോ മലബാര്‍ സഭയുടെ തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍, വഖഫ് ഭേദഗതി ബില്ല് പുനഃപരി ശോധിക്കാന്‍ ചുമതലപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) അയച്ച നിവേദനങ്ങള്‍ ആദ്യം ദേശീയശ്രദ്ധയിലേക്കു കൊണ്ടുവന്ന കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു, ജെപിസിയുടെ ഭേദഗതി നിര്‍ദേശങ്ങള്‍ അടങ്ങിയ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോഴും കെസിബിസിയും സിബിസിഐയും ഈ വിഷയത്തില്‍ ഇറക്കിയ പ്രസ്താവനകള്‍ അനുസ്മരിച്ചുകൊണ്ട്, മുനമ്പത്തെ ക്രൈസ്തവരുടെ പ്രശ്‌നം’ ഹൈലൈറ്റ് ചെയ്യുകയുണ്ടായി’ മെത്രാന്‍ സമിതി നേതാക്കളെ ഉന്നം വെച്ച് ജീവനാദം മുഖപ്രസംഗം പരിഹസിക്കുന്നു.

655 പേജുള്ള ജെപിസി റിപ്പോര്‍ട്ടില്‍ ഒരിടത്തും മുനമ്പം പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. മുന്‍കാല പ്രാബല്യമില്ലാത്തതാണ് 2025-ലെ വഖഫ് ഭേദഗതി നിയമം എന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും മന്ത്രി റിജിജുവും ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍തന്നെ വ്യക്തമാക്കിയിരുന്നു. മുനമ്പം പ്രശ്‌നത്തിനു പ്രതിവിധിയായി ബില്ലില്‍ നിര്‍ദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന് മുനമ്പം പ്രദേശം ഉള്‍പ്പെടുന്ന എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ ചര്‍ച്ചയ്ക്കിടെ എടുത്തുചോദിക്കുന്നുണ്ട്. അമിത് ഷായോ റിജിജുവോ അതിനു മറുപടി പറഞ്ഞില്ല. ന്യൂനപക്ഷകാര്യ സഹമന്ത്രിയായ ജോര്‍ജ് കുര്യനെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതായിരുന്നു എന്നും ജീവനാദം കുറ്റപ്പെടുത്തുന്നുണ്ട്.
ബിജെപിയെ പ്രീണിപ്പിച്ച് മുനമ്പത്തിന്റെ പേരില്‍ താല്‍ക്കാലിക നേട്ടം കൊയ്യാനുള്ള സിറോ മലബാര്‍ സഭയുടെ കുതന്ത്രങ്ങള്‍ക്ക് നേരെയുള്ള കടുത്ത അമര്‍ഷമാണ് ലത്തീന്‍ സഭ പ്രകടിപ്പിച്ചതെന്ന് വ്യക്തം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here