374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ കേസ്; സുപ്രീംകോടതിയില്‍ മാറ്റിവയ്ക്കപ്പെടുന്നത് 34-ാം തവണ; സിബിഐ പിണറായിയെ രക്ഷിക്കുന്നോ എന്ന ചോദ്യത്തിന് ഉത്തരവുമില്ല; പ്രസക്തി നഷ്ടമായി ലാവലിന്‍ കേസ്

തിരുവനന്തപുരം: ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഇതാദ്യമായിട്ടായിരിക്കും ഒരു സംസ്ഥാന മുഖ്യമന്ത്രി പ്രതിയായ അഴിമതിക്കേസ് ഈ രീതിയില്‍ നിരവധി തവണ മാറ്റിവയ്ക്കപ്പെടുന്നത്. പരമോന്നതമായ സുപ്രീംകോടതിയിലാണ് ഈ അഴിമതിക്കേസ് മാറ്റിവയ്ക്കപ്പെടുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. സിബിഐയുടെ അസൗകര്യം കാരണമാണ് കേസ് 34-ാം തവണയും സുപ്രീംകോടതി മാറ്റിവെച്ചത്.

സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നു ആരോപണം നേരിടുന്ന ലാവലിന്‍ കേസ് എന്തുകൊണ്ടാണ് പരമോന്നത കോടതിയില്‍ നിന്നും മാറ്റിവയ്ക്കപ്പെടുന്നത് എന്നതിന്റെ കാരണങ്ങള്‍ രഹസ്യമായി തുടരുകയാണ്. ഈ കേസില്‍ പിണറായി അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തതാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് നീണ്ടു നീണ്ടു പോകുന്നതോടെ കേസിന്റെ പ്രസക്തി തന്നെ നഷ്ടമാവുകയാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രണ്ടര പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ അഴിമതിക്കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കുകയുമാണ്‌.

മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയ്ക്ക് എതിരെയാണ് സിബിഐ പരമോന്നത കോടതിയിലേക്ക് നീങ്ങിയത്. പല വിധ കാരണങ്ങളാണ് കേസ് മാറ്റിവയ്ക്കപ്പെടുന്നതിന് പിന്നില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേസില്‍ സുപ്രീംകോടതി പ്രതികൂലമായ നിരീക്ഷണം നടത്തിയാല്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനം ഒഴിയേണ്ടി വരും. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ ഫലമായാണ് കേസില്‍ സിബിഐ മുന്നോട്ടു നീങ്ങാത്തത് എന്നാണ് സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളുടെ ആരോപണം. 34 ആം തവണയും കേസ് മാറ്റിവയ്ക്കപ്പെട്ടതോടെ ഈ ആരോപണത്തിനു കൂടുതല്‍ സാധുതയും വരുന്നുണ്ട്.

പിണറായിയെയും കൂട്ടുപ്രതികളെയും കുറ്റവിമുക്തരാക്കിയ വിധിയില്‍ തന്നെ കേസില്‍ വിചാരണ നടക്കേണ്ടതുണ്ടെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതായത് അഴിമതി നടന്നിട്ടുണ്ടെന്നു അസന്നിഗ്ധമായി ഹൈക്കോടതി ചൂണ്ടിക്കാട്ടുകയാണ്. പിണറായിയും കൂട്ടരും കുറ്റവിമുക്തരെങ്കില്‍ പ്രതിപ്പട്ടികയിലുള്ളവരേയും കുറ്റവിമുക്തരാക്കണം എന്നതാണ് കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളുടെ വാദം. സിബിഐയ്ക്ക് ഒപ്പം ഇവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിനു കോടികളുടെ നഷ്ടമുണ്ടാക്കിയ അഴിമതിക്കേസില്‍ തീരുമാനമെടുത്ത രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികളെ ഒഴിവാക്കി താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ മാത്രം പ്രതികളാക്കിയത് സുപ്രീംകോടതിയും അംഗീകരിക്കാന്‍ സാധ്യത കുറവാണ്. പിണറായിയ്ക്ക് എതിരെ പ്രതികൂല പരാമര്‍ശം വന്നാല്‍ കേരളത്തില്‍ രാഷ്ട്രീയ ഭൂകമ്പമുണ്ടാകും. മുഖ്യമന്ത്രി ഒഴിയേണ്ട രാഷ്ടീയ അവസ്ഥയും വരും. ഈ കാരണങ്ങള്‍ കേസ് മാറ്റിവയ്ക്കലിനു പിന്നിലുണ്ട് എന്നാണ് ഉയരുന്ന ആരോപണം.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാര്‍ വഴി വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജി, ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ടി വരുന്ന വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികൾ തുടങ്ങിയവയാണു കോടതിയുടെ പരിഗണനയിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top