മനോജ് എബ്രഹാം എന്നും പോലീസുകാരുടെ ഹൃദയപക്ഷത്ത്; എംആർ സകലരെയും ശത്രുപക്ഷത്താക്കി !! പോലീസിലെ കസേരമാറ്റം ആരെ തുണയ്ക്കും

2005ലെ തിരുവനന്തപുരം എംജി കോളജ് സംഘർഷത്തിനിടെ വിദ്യാർത്ഥികളെ കൈകാര്യം ചെയ്ത പോലീസുകാരിൽ ഒരാളെ ഐജി ടിപി സെൻകുമാർ സ്ഥലത്ത് തന്നെ സസ്പെൻഡ് ചെയ്ത് പുറത്താക്കിയപ്പോൾ കമ്മിഷണർ ആയിരുന്ന മനോജ് എബ്രഹാം അയാളെ ചേർത്തുപിടിച്ച്അവിടെ നിന്ന് മാറ്റി കൊണ്ടുപോയ രംഗം കേരളത്തിൽ കാക്കികുപ്പായം ഇട്ടവരാരും മറക്കില്ല. അതിന് മുമ്പും ശേഷവും പോലീസുകാർക്കൊരു പ്രശ്നം വന്നാൽ ഒപ്പം നിൽക്കുമെന്ന് ഏവരും ഒറ്റക്കെട്ടായി ഉറപ്പിച്ച് പറയുന്ന പേരാണ് മനോജ് എബ്രഹാമിൻ്റേത്. ഒരുപക്ഷേ ഈ റാങ്കിലുള്ള പോലീസ് ഉന്നതരെ ആകെ പരിഗണിച്ചാലും ഇക്കാര്യത്തിന് ഈയൊരു പേരേ കാണൂ.

കേരളത്തിൽ ഏതു ഭാഗത്തുമുള്ള ഏതു ഉദ്യോഗസ്ഥനെയും പേരെടുത്ത് വിളിക്കാനും ചുമതലകൾ ഏൽപിച്ച് നൽകാനുമുള്ള പരിചയവും ധാരണയും മനോജ് എബ്രഹാമിന് ഉണ്ട്. ക്രസമാധാന ചുമതലയുള്ള എഡിജിപിയുടെ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിനു ഏറ്റവും മുതൽക്കൂട്ട് ആകുന്നതും ഈ പരിചയ സമ്പത്ത് ആകും. ഏറ്റവും രാഷ്ട്രീയ പ്രശ്നങ്ങൾ നിറഞ്ഞ കാലത്ത് കണ്ണൂർ എസ്പി ആയിരുന്നത് അടക്കം പലയിടത്തും ജോലി ചെയ്തുണ്ടായ ബന്ധങ്ങളാണ് ഇതിൻ്റെയെല്ലാം അടിസ്ഥാനം.

തെക്കും വടക്കും രണ്ടു എഡിജിപിമാർ വഹിച്ചിരുന്ന ചുമതലകൾ ഒന്നാക്കി ക്രമസമാധാന ചുമതല ഒറ്റ എഡിജിപിക്ക് നൽകാൻ തീരുമാനിച്ച 2020 മുതൽ ഇതിലേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെട്ട പേരാണ് മനോജ് എബ്രഹാമിൻ്റേത്. എന്നാൽ ഈ കാലത്തെല്ലാം വിജിലൻസ്, ഇൻ്റലിജൻസ് പോലെ മുൻപ് ചെയ്തിട്ടില്ലാത്ത ജോലികളിലാണ് സർക്കാർ അദ്ദേഹത്തെ നിയമിച്ചത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി ഇൻ്റലിജൻസ് മേധാവി ആയിരുന്നു കൊണ്ട് സർക്കാരിനോടും മുഖ്യമന്ത്രിയോടും ഏറ്റവും ചേർന്ന് പ്രവർത്തിച്ചതിൻ്റെ പരിചയവും, നിലവിലെ സാഹചര്യത്തിൽ പോലീസിനാകെ ഉണ്ടായിട്ടുള്ള ഇമേജ് നഷ്ടവും പരിഗണിച്ച് ആണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സർക്കാർ ഇപ്പോൾ തീരുമാനിച്ചത്.

ആരെയും കൂസാത്ത, എന്നാൽ അർഹിക്കുന്ന ബഹുമാനം ഒട്ടും കുറയാതെ നൽകാൻ അറിയുന്ന പ്രകൃതം. അനാവശ്യമായി ആരെയും പ്രീണിപ്പിക്കാൻ പോകാറില്ല. അതുകൊണ്ട് തന്നെ ഉന്നത സ്ഥാനങ്ങളിലേക്കെല്ലാം സ്വാഭാവിക ചോയ്സ് ആയി തന്നെയാണ് ഈ പേര് ഉയർന്നു വരാറുള്ളത്. സൂപ്പർ ഡിജിപിയെന്ന് പലരും പറയുന്ന തരത്തിൽ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബുമായുള്ള ബന്ധം വഷളായ നിലയിലാണ് എംആർ അജിത് കുമാർ കസേര ഒഴിഞ്ഞു പോകുന്നത്. ദർവേഷ് സാഹിബിന് ഒരു വർഷത്തോളം കാലാവധി ബാക്കിയുള്ള സാഹചര്യത്തിൽ അദ്ദേഹവുമായും ഒത്തുപോകുന്ന ആളെ തന്നെ ഇതിലേക്ക് കൊണ്ടുവരണം എന്നതും സർക്കാരിൻ്റെ പരിഗണന ആയിരുന്നു.

മുകളിൽ പോലീസ് മേധാവിതലം മുതൽ താഴേത്തട്ടിലേക്ക് പോയാലും ഇടപെടുന്ന അധികമാരുമായും നല്ല ബന്ധം സൂക്ഷിക്കാൻ കഴിയാതെ പോയ ആളാണ് എംആർ അജിത് കുമാർ. അഴിമതി അടക്കം മറ്റു താൽപര്യങ്ങൾ ഒന്നുമില്ലാത്തതിനാൽ തന്നെ ഇടപെട്ട കേസുകളിലെല്ലാം വിട്ടുവീഴ്ച ഒട്ടും ചെയ്യാതെ പുറത്തും വേണ്ടുവോളം ശത്രുക്കളെ ഉണ്ടാക്കി. സ്വർണ ഇടപാടിലെ പങ്ക് അടക്കം പിവി അൻവർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് ഒന്നിനും ഡിജിപിയുടെ അന്വേഷണത്തിലും തെളിവൊന്നും കിട്ടിയിട്ടില്ല എന്നാണ് സൂചന.

2005ൽ താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാങ്ങിയിട്ട ഭൂമിയിലാണ് കവടിയാറിൽ വീട് പണിയുന്നത്. അക്കാലത്ത് തന്നെ ഇതടക്കമുള്ള ആസ്തിവിവരമെല്ലാം ഡിക്ലയർ ചെയ്തിട്ടുള്ളത് ഓൺലൈനിൽ ആർക്കും പരിശോധിക്കാവുന്ന നിലയിൽ ഇപ്പോഴും ഉണ്ട്. അൻവർ ഉന്നയിച്ചത് പോലെ പതിനായിരം സ്‌ക്വയർ ഫീറ്റിന് മേലുള്ള വൻമാളിക ഒന്നുമല്ലെന്നും, 4000നടുത്ത് വരുന്ന വീട് മാത്രമാണെന്നും പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിട്ടുണ്ട്. ഫ്ലാറ്റ് വാങ്ങി കുറഞ്ഞ നാൾ കൊണ്ട് മറിച്ചുവിറ്റുവെന്ന ആരോപണത്തിലും ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്നിരുന്നാലും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിജിലൻസ് അന്വേഷണം പൂർത്തിയാകാൻ മാസങ്ങൾ വേണ്ടിവരും എന്നതിനാൽ ഉദ്യോഗസ്ഥൻ എന്ന നിലയിൽ അജിതിന് അൻവർ ഉദ്ദേശിച്ച പരുക്ക് ഏൽപിക്കാൻ കഴിഞ്ഞുവെന്നത് സത്യം. പോലീസിൽ എല്ലാ റാങ്കിലുമുള്ള ശത്രുക്കൾ തന്നെ അൻവറിനും കൂട്ടർക്കും വേണ്ടുവോളം വിവരങ്ങൾ എത്തിച്ചു എന്നതും വസ്തുതയാണ്. അൻവറിൻ്റെ തന്നെ ഇടപെടലിൽ പുറത്തായ സുജിത് ദാസ് എന്ന താരതമ്യേന തുടക്കക്കാരനായ ഐപിഎസുകാരനോട് കാണിച്ച പരിഗണനയും അജിത് കുമാറിന് വിനയായി.

അതേസമയം സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ പിന്നിലെ വസ്തുത അജിത് കുമാർ അടുപ്പക്കാരും ആരുമായും പങ്കുവച്ചിട്ടില്ല. ഡിജിപി റാങ്കിലേക്കുള്ള പ്രൊമോഷനുള്ള കടമ്പകൾ മറികടക്കാൻ എന്നാണ് പൊതുവിൽ പോലീസ് ഉന്നത തലത്തിലെല്ലാം ഉണ്ടായിട്ടുള്ള ധാരണ. ഇത്ര രൂക്ഷമായ വിവാദങ്ങൾ കൊണ്ട് അക്കാര്യങ്ങൾ കൂടുതൽ അപകടത്തിലാകും എന്ന പ്രതീതി ഉണ്ടായെങ്കിലും കാര്യമായ പരുക്ക് ഉണ്ടാകാത്ത വിധത്തിലാണ് പുതിയ സ്ഥാനചലനം സർക്കാർ കൈകാര്യം ചെയ്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top