ഫറോക്ക് എസ്ഐക്ക് ഹൈക്കോടതി നോട്ടീസ്; വക്കീലിനെ തല്ലിയ കേസിൽ നടപടി

കൊച്ചി: രാത്രി നടക്കാനിറങ്ങിയ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ അഭിഭാഷകൻ പി ജഗദീഷിനെ പോലീസ് അകാരണമായി മർദിച്ചെന്ന പരാതിയിൽ എസ് ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഫറോക്ക് എസ്ഐ സൈഫുള്ള പിടി, സിവിൽ പോലീസ് ഓഫീസർമ്മാരായ ശ്യാം രാജ്, ദിവ്യേഷ് എന്നിവർക്കാണ് ഹൈക്കോടതിയുടെ നിർദേശം. കേസിന്റെ ആവശ്യത്തിന് നോട്ടീസ് നൽകി മാത്രമേ പരാതിക്കാരനെ സ്റ്റേഷനിൽ വിളിപ്പിക്കാവുന്നുവെന്ന് ജസ്റ്റിസ് എൻ നഗരേഷ് ഉത്തരവിട്ടു.

ഈമാസം ഒമ്പതിനായിരുന്നു സംഭവം. വളർത്തു നായയുമായി രാത്രി ഫറോക്കിൽ പൊതുവഴിയിൽ നടക്കാനിറങ്ങിയ അഭിഭാഷകൻ പി ജഗദീഷിനെ എസ്ഐ സൈഫുള്ള പുറകിലൂടെ എത്തി ലാത്തി വീശി അടിക്കുകയായിരുന്നു. സിസിടിവി ദൃശ്യത്തിൽ ഇത് വ്യക്തമായി കാണാം. ആരോഗ്യാവസ്ഥ മോശമാണെന്ന് പറഞ്ഞിട്ടും പോലീസ് മർദിച്ചെന്നാണ് അഭിഭാഷകന്റെ പരാതി. എന്നാൽ നായയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ലാത്തി വീശിയതാണ് എന്നാണ് പോലീസിന്റെ വിശദീകരണം.
ഡിജിപിക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകൻ പി ജഗദീഷ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
ഇതിന് ഏതാണ്ട് ഒന്നരയാഴ്ച മുൻപ് ഫറോക്ക് സ്റ്റേഷൻ ലിമിറ്റിൽ ഒരു വീട്ടിൽ സ്വത്ത് തർക്കത്തിൽ വഴക്ക് ഉണ്ടായെന്നും അതിൽ ഇടപെട്ട വക്കീലിനെ പിടിക്കാൻ എത്തിയപ്പോൾ പോലീസിനെ ആക്രമിച്ചെന്നും ഉള്ള കുറ്റങ്ങൾ ചുമത്തി രണ്ടു കേസുകൾ നേരത്തെ പോലീസ് അഭിഭാഷകനെതിരെ എടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here