അടിച്ചുപിരിഞ്ഞ് ലോയേഴ്‌സ് കോൺഗ്രസ് യോഗം, പ്രസിഡൻ്റിനെതിരെ കലാപം

കൊച്ചി: കോൺഗ്രസിലെ ഗ്രൂപ്പിസവും തമ്മിലടിയും പോഷകസംഘടനകളിലേക്കും വ്യാപിക്കുന്നു. പാർട്ടിയുടെ അഭിഭാഷക സംഘടനാ തെരഞ്ഞെടുപ്പു സംബന്ധിച്ചു ചർച്ചചെയ്യാൻ വിളിച്ചുകൂട്ടിയ ഉന്നതാധികാരയോഗം അടിച്ചു പിരിഞ്ഞു. തെരഞ്ഞെടുപ്പു നടത്താതെ വീണ്ടും അംഗത്വനടപടികളുമായി മുന്നോട്ടു പോകാൻ ശ്രമിച്ചതാണു കലഹത്തിനിടയാക്കിയത്. കോൺഗ്രസിന്റെ കൂടപ്പിറപ്പായ നോമിനേഷൻ സമ്പ്രദായം വക്കീലൻമ്മാരുടെ സംഘടനയിലേക്കും നടപ്പാക്കാൻ ശ്രമിച്ചതാണ് പുതിയ തർക്കത്തിനു കാരണം.

ബഹുഭൂരിപക്ഷം കോടതി സെന്ററുകളിലും തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമായിരുന്നു കെപിസിസി. പ്രസിഡന്റ് അഡ്വ. വി.എസ്.ചന്ദ്രശേഖരനെ പ്രസിഡന്റാക്കി അഡ്‌ഹോക് കമ്മിറ്റിക്ക്‌ രൂപം നൽകിയത്. തെരഞ്ഞെടുപ്പ് നടത്താനായി നിയോഗിച്ചിരുന്ന കമ്മിറ്റിയിൽ അംഗമായ ചന്ദ്രശേഖരനെ തെരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിച്ച് അഡ്‌ഹോക് കമ്മിറ്റി ചെയർമാനാക്കിയതിലുള്ള പ്രതിഷേധമാണ് ഉന്നതാധികാര സമിതി യോഗത്തിൽ ഉയർന്നത്. ഹൈക്കോടതിയിലെയും എറണാകുളം ജില്ലയിലെയും പ്രവർത്തകരാണ് പ്രതിഷേധം ഉയർത്തിയത്.

തെരഞ്ഞെടുപ്പ് നടത്താൻ നിയമിച്ച റിട്ടേണിങ് ഓഫീസർ അഡ്വ. സി.വത്സലനും അഡ്‌ഹോക് കമ്മിറ്റിയിൽ ഇടം നേടിയിരുന്നു. തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ ഇരുവർക്കും സ്ഥാനം കിട്ടില്ല എന്ന ആശങ്കയാണ് തെരഞ്ഞെടുപ്പ് പാതിവഴിക്ക്‌ നിർത്തി അഡ്‌ഹോക് കമ്മിറ്റിക്ക്‌ രൂപം നൽകുന്നതിലേക്ക്‌ നയിച്ചതെന്നാണ് പ്രതിഷേധിച്ചവരുടെ ആരോപണം.

കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേറ്റതിനു പിന്നാലെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം അഡ്വ. ടി.ആസഫലി കഴിഞ്ഞ വർഷം ജൂലായിൽ രാജിവെച്ചിരുന്നു. തുടർന്ന് സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റായിരുന്ന ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ് രാജു ജോസഫിന് നൽകിയിരുന്നു.

Logo
X
Top