മജിസ്ട്രേറ്റിനെതിരെ ‘പോടീ പുല്ലേ’ വിളിയുമായി അഭിഭാഷകർ; കോട്ടയം സിജെഎം കോടതിയിൽ സ്ഥിതി രൂക്ഷം

കോട്ടയം: ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള പോര് പരസ്യ യുദ്ധത്തിലേക്ക്. ജാമ്യത്തിനായി വ്യാജരേഖ ചമച്ചു എന്നാരോപിച്ച് മുതിർന്ന അഭിഭാഷകൻ എം പി നവാബിനെതിരെ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ കോടതി മുറിയിലേക്ക് പ്രകടനം നടത്തി. കേസെടുത്തത് ശിരസ്തദാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ്. പരാതി നൽകിയത് മജിസ്ട്രേറ്റിൻ്റെ നിർദേശപ്രകാരമാണ് എന്നും അഭിഭാഷകർ ആരോപിച്ചു. അഭിഭാഷകന് യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത കാര്യത്തിലാണ് കേസെന്നും, മജിസ്ട്രേറ്റ് തുടർച്ചയായി പലരോടും മോശമായി പെരുമാറുകയാണെന്നും ആരോപിച്ചാണ് അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്ക്കരിച്ച് മുദ്രാവാക്യം വിളിയുമായി തള്ളിക്കയറിയത്. അതേസമയം പ്രതിഷേധക്കാർ തനിക്കെതിരെ ‘പോ പുല്ലേ, പോടി പുല്ലേ’ എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചുവെന്ന് കോടതി നടപടികൾ ഔദ്യോഗികമായി രേഖപ്പെടുത്തുന്ന ഇ കോടതി സൈറ്റിൽ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയതോടെ തർക്കത്തിന് പുതിയൊരു മാനം കൈവരികയാണ്.

2013-ൽ വിധി വന്ന കേസിൽ കോടതിയിൽ ഹാജരാക്കിയ ജാമ്യക്കാരൻ വ്യാജനാണെന്ന കാരണത്താൽ അഭിഭാഷകനെ രണ്ടാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തതാണ് പ്രതിഷേധത്തിന് കാരണമായത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രമേശൻ എന്നയാൾ ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി അപ്പീൽ നൽകി. അപ്പീൽ തള്ളിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് ജാമ്യക്കാരായ ബിജു വിജെയേയും വത്സമ്മയേയും കഴിഞ്ഞ മാസം 25 ന് കോടതി വിളിച്ചു വരുത്തി. എന്നാൽ താൻ ജാമ്യം നിന്നിട്ടില്ലെന്നാണ് ബിജു കോടതിയെ അറിയിച്ചത്.

ഇടുക്കി സ്വദേശിയായ തൻ്റെ തിരിച്ചറിയൽ രേഖകൾ പത്ത് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടതായും ജാമ്യക്കാരൻ മൊഴി നൽകി. കോടതി ജാമ്യരേഖകൾ പരിശോധിച്ചപ്പോൾ തിരിച്ചറിയൽ രേഖ കൃത്യമായിരുന്നു. എന്നാൽ ബിജുവിന്റെ പേരിലുള്ള കരമടച്ച രസീത്‌ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിലെ ശിരസ്തദാർ വി സിന്ധു സംഭവം ചൂണ്ടിക്കാട്ടി കോട്ടയം ഈസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പ്രതി രമേശനെ ഒന്നാം പ്രതിയാക്കിയും അഭിഭാഷകനായ നവാബിനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തത്. നിലവിൽ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിലാണ്.

സാധാരണ ഇത്തരം സംഭവങ്ങളിൽ അഭിഭാഷകനെതിരെ കേസെടുക്കാറില്ലെന്നാണ് അഭിഭാഷകർ പറയുന്നത്. പ്രതിയാണ് ജാമ്യക്കാരനെ കൊണ്ടുവരുന്നത്. അയാളെ അഭിഭാഷകൻ കോടതിയിൽ സാക്ഷ്യപ്പെടുത്തുക മാത്രമാണ് പതിവ്‌. അയാൾ ഹാജരാക്കുന്ന രേഖകളുടെ ആധികാരികത എങ്ങനെ തങ്ങൾക്ക് ഉറപ്പ് വരുത്താൻ കഴിയുമെന്നാണ് അഭിഭാഷകർ ഉയർത്തുന്ന ചോദ്യം. മുമ്പും അഭിഭാഷകർക്കെതിരെ മോശമായ നടപടികൾ മജിസ്ട്രേറ്റിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കോട്ടയം കോടതിയിലെ തന്നെ ഹരീഷ് എന്ന അഭിഭാഷകൻ്റെ പരാതിയിൽ ഹൈക്കോടതി രണ്ട് മാസം മുമ്പ് ശാസിച്ച വ്യക്തിയാണ് മജിസ്ട്രേറ്റ്‌ എന്നും അഭിഭാഷകർ പറയുന്നു.

എം.പി. നബാബിനെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ ആസ്ഥാനത്തെ കോടതി നടപടികളെല്ലാം ഇന്ന് ബാർ അസോസിയേഷൻ്റെ നിർദേശപ്രകാരം ബഹിഷ്ക്കരിച്ചു. ഇതൊരു സൂചന മാത്രമാണെന്നും ഏഴ് ദിവസത്തിനുള്ളിൽ അഭിഭാഷകനെതിരായ നടപടി പിൻവലിച്ചില്ലെങ്കിൽ അനിശ്‌ചിതകാലത്തേക്ക്‌ കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുമെന്നും അഭിഭാഷകർ അറിയിച്ചു.

.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top