കേസ് നടത്തിപ്പിൽ സർക്കാരിന് ഉദാസീനത; ഉദ്യോഗസ്ഥർ വ്യക്തിപരമായി പിഴയൊടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി

കേസുകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിന് ഉദാസീനത എന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ ആവശ്യപ്പെടുന്നത് മൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നു. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുകയാണെന്ന് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിൻ്റെ ബഞ്ച് ചൂണ്ടിക്കാട്ടി.

മൂവാറ്റുപുഴ എറണാകുളം പാതയുടെ ദേശസാൽക്കരണവുമായി ബന്ധപ്പെട്ട കേസിൽ ആണ് സർക്കാരിൻ്റെ അനാസ്ഥക്കെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്. 2018 മുതൽ പരിഗണനയിലുള്ള കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ നാളിതുവരെ സമർപ്പിക്കപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ ജൂൺ 11ന് കേസ് പരിഗണിച്ചപ്പോൾ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹാജരായി നടപടികൾ വിശദീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്നലെ വിഷയം പരിഗണിച്ചപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ച് സെക്രട്ടറി കെ.വാസുകി അപേക്ഷ നൽകി. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കേസുകളുടെ നടത്തിപ്പിലും കോടതി നടപടികളിലും തികഞ്ഞ ഉദാസീനതയാണ് സർക്കാർ പുലർത്തുന്നത്. കോടതിയോടുള്ള ഈ അനാദരവ് വേദനയുളവാക്കുന്നതാണ്. പല തവണ ആവശ്യപ്പെട്ടിട്ടും സത്യവാങ്മൂലങ്ങൾ സമർപ്പിക്കുന്നില്ല. കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ ആവശ്യപ്പെടുന്നത് മൂലം പല വ്യവഹാരങ്ങളും തീർപ്പാക്കാനാകാത്ത അവസ്ഥയാണെന്നും ഹൈക്കോടതി വിമർശിച്ചു.

ജൂലൈ നാലിന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. അന്ന് കേസ് പരിഗണിക്കുമ്പോൾ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ പകരം ചുമതലയുള്ള ഉദ്യോഗസ്ഥനോ ഹാജരായില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് മുന്നറിയിപ്പ് നൽകി. എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻ വ്യക്തിപരമായി അരലക്ഷം രൂപ പിഴയൊടുക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top