തട്ടിപ്പുകാരെ സിപിഎം അരിയിട്ട് വാഴിക്കുന്നു; അഴിമതി സംരക്ഷകര്‍ക്കൊപ്പം പാര്‍ട്ടിയില്‍ തുടരില്ലെന്ന് ലോക്കല്‍ കമ്മറ്റി അംഗം
തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ സിപിഎമ്മില്‍ അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും. അഴിമതി സംരക്ഷകര്‍ക്കൊപ്പം തുടരനാവില്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ലോക്കല്‍ കമ്മറ്റി അംഗം. പത്തനംതിട്ട സിപിഎം ജില്ല നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ് അടൂര്‍- ഏനാത്ത് ലോക്കല്‍ കമ്മറ്റി അംഗമായ അരുണ്‍ കിഴക്കുപുറം.
‘അഴിമതി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന നേതാക്കളോടൊപ്പം ഇനി വയ്യ. 13 വയസില്‍ തുടങ്ങിയ സിപിഐഎം ബന്ധം ഉപേക്ഷിക്കുന്നു’ എന്നായിരുന്നു അരുണിന്റെ പോസ്റ്റ്.
‘ഒന്നര മാസം മുമ്പ് ഞാന്‍ പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. അതിനുശേഷം ജില്ലാസെക്രട്ടറി ഉദയഭാനു വീട്ടിലെത്തി ചര്‍ച്ച നടത്തി. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അവരെല്ലാം ഇപ്പോഴും പാര്‍ട്ടിയില്‍ സസുഖം വാഴുകയാണ്. ഈ പാര്‍ട്ടി നയത്തില്‍ പ്രതിഷേധിച്ചാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്’ അരുണ്‍ കിഴക്കുപുറം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ഏനാത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കില്‍ നടക്കുന്ന കൊള്ളയെക്കുറിച്ച് വിശദമായ പരാതി നല്‍കിയിരുന്നു. പാര്‍ട്ടി ഒരന്വേഷണവും നടത്തിയില്ലെന്ന് അരുണ്‍ ആരോപിക്കുന്നു പ്രാദേശിക സിപിഎം നേതാക്കളും നടത്തുന്ന അഴിമതിയെക്കുറിച്ച് നേതൃത്വത്തിന് അറിയാമായിട്ടും നടപടി ഉണ്ടാവുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതെല്ലാം പ്രതിഫലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടിക്കുവേണ്ടി 13 കേസില്‍ പ്രതിയായി. രണ്ട് തവണ പോലീസ് വീട്ടില്‍ തേര്‍വാഴ്ച നടത്തി പിടിച്ചു കൊണ്ടു പോയി. രാഷ്ട്രീയ കാരണങ്ങളാല്‍ പലവട്ടം വീടിന് നേരെ ആക്രമണ ശ്രമങ്ങളുണ്ടായി. വീട്ടില്‍ വരാതെയും വീട്ടുകാരെ നോക്കാതെയും പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ താന്‍ നേതാക്കളുടെ അഴിമതികള്‍ തെളിവു ചൂണ്ടിക്കാട്ടിയാല്‍ നടപടിയേ ഇല്ല. നേതാക്കളുടെ അഴിമതി ചൂണ്ടിക്കാട്ടിയാല്‍ പാര്‍ട്ടിക്കുള്ളില്‍ ജാതിയും ബന്ധുത്വവും കടന്നു വരും. കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ പറയുന്നില്ല’ എന്നിങ്ങനെ അതിരൂക്ഷമായ മറുപടികളാണ് പോസ്റ്റിന് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കമന്റിന് അരുണ്‍ നല്‍കിയിട്ടുള്ളത്.
അടുരിലും പരിസര പ്രദേശങ്ങളിലും പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ അരുണിന്റെ രാജി വലിയ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുകയാണെന്ന് ലോക്കല്‍ കമ്മറ്റി അംഗം ചൂണ്ടിക്കാണിച്ചിട്ടു പോലും നടപടി ഇല്ലാത്ത ഗുരുതര പ്രതിസന്ധി ജില്ലാ നേതൃത്വത്തേയും വെട്ടിലാക്കിയിരിക്കയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here