രാജീവ് ചന്ദ്രശേഖര്‍ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്ന് എല്‍ഡിഎഫ്; 2021-22ല്‍ നികുതി അടച്ചത് വെറും 680 രൂപ; ആരോപണങ്ങള്‍ തള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്ന പരാതിയുമായി എല്‍ഡിഎഫ്. പ്രധാനകമ്പനിയായ ജൂപിറ്റര്‍ ക്യാപിറ്റലിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ ആരോപിച്ചു. എല്‍ഡിഎഫിന്‍റെ പരാതി പരാജയഭീതിയെ തുടര്‍ന്നെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. തെളിവുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും വെല്ലുവിളിച്ചുകൊണ്ടായിരുന്നു മറുപടി.
29 കോടി 9 ലക്ഷം സ്വത്ത് ഉണ്ടെന്നാണ് രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനായിരം രൂപയക്ക് വാങ്ങിയ ബൈക്കാണ് ആകെയുള്ള വാഹനമായി വെളിപ്പെടുത്തിയത്. കോടിക്കണക്കിന് സ്വത്തുക്കള്‍ ഉണ്ടായിട്ടും 2021-22 കാലഘട്ടത്തില്‍ നികുതി അടച്ചത് വെറും 680 രൂപയാണ്. ഇതെല്ലം കണക്കിലെടുത്താണ് എല്‍ഡിഎഫിന്‍റെ പരാതി.
എന്നാല്‍ എല്ലാം നിയമപരമായിട്ടാണ് ചെയ്തതെന്ന മറുപടിയിലൂടെ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. വികസന അജണ്ട പറയുന്ന തന്നെ അധിക്ഷേപിക്കാനാണ് ശ്രമം. ഇതിനു മുന്‍പ് കോണ്‍ഗ്രസും തനിക്കെതിരെ ആരോപണങ്ങളുയര്‍ത്തിയതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം രാജീവ് ചന്ദ്രശേഖറിനെതിരെ സുപ്രീംകോടതി അഭിഭാഷക വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു. സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെതിനാല്‍ പത്രിക തള്ളമെന്നായിരുന്നു ആവശ്യം. എന്നാല്‍ പത്രിക വരണാധികാരി അംഗീകരിച്ചതിനാല്‍ ഇനി ഇടപെടാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here