100കോടിയുടെ കുതിരക്കച്ചവടം മൂടിവയ്ക്കാൻ മുഖ്യമന്ത്രി ശ്രമിച്ചോ? മോദിയെ പിന്തുണക്കുന്ന ജെഡിഎസ് ഒപ്പം തുടരുന്നതിൽ ഖേദമില്ലാതെ ഇടതുമുന്നണി
നരേന്ദ്ര മോഡി സർക്കാരിലെ ജെഡിഎസ് പ്രതിനിധി കുമാരസ്വാമി വൻകിട ഖനി വ്യവസായ മന്ത്രിയാണ്. അതേ ജെഡിഎസിൻ്റെ മന്ത്രി കൃഷ്ണൻകുട്ടി പിണറായി സർക്കാരിൽ വൈദ്യുതി മന്ത്രിയും. ഈ വൈരുദ്ധ്യം വർഷമൊന്ന് പിന്നിട്ടിട്ടും പരിഹരിക്കാൻ എൽഡിഎഫിനോ സിപിഎമ്മിനോ കഴിഞ്ഞിട്ടില്ല. എന്നു മാത്രമല്ല ലാവ്ലിൻ കേസ് അടക്കം ചൂണ്ടിക്കാട്ടിയും പോലീസിൻ്റെ ആർഎസ്എസ് പക്ഷപാതിത്വം ചൂണ്ടിക്കാട്ടിയും പിണറായിയുടെ ബിജെപിയോടുള്ള മൃദുസമീപനം പ്രതിപക്ഷം ചോദ്യം ചെയ്യുകയും ചെയ്യുന്നു.
ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടാനിരിക്കെ ഇത്തരം വിവാദങ്ങൾ പിണറായിക്കും എൽഡിഎഫിനും കടുത്ത പ്രതിസന്ധി തീർക്കുമെന്ന് ഉറപ്പായിരിക്കെയാണ് പുതിയ വിഷയങ്ങളും ചർച്ചയിലേക്ക് വരുന്നത്. എൻഡിഎയുടെ ഭാഗമായ എൻസിപിയിലേക്ക് രണ്ട് എൽഡിഎഫ് എംഎൽഎമാരെ 100 കോടി കൊടുത്ത് ചേർക്കാൻ മറ്റൊരു എൽഡിഎഫ് എംഎൽഎ തന്നെ ശ്രമിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പേ ഈ വിഷയം അറിഞ്ഞിട്ടും പിണറായി മൂടിവെച്ചുവെന്ന ആക്ഷേപം ശക്തമാണ്.
അജിത് പവാർ (എൻസിപി) വിഭാഗത്തിലേക്ക് രണ്ട് ഇടതുപക്ഷ എംഎൽഎമാരെ 100 കോടി കൊടുത്ത് ചേർക്കാൻ എൻസിപി നേതാവ് തോമസ് കെ തോമസ് ശ്രമിച്ചത് ഏഴു മാസം മുമ്പാണത്രെ. ഈ വിവരം അക്കാലത്തു തന്നെ അറിഞ്ഞെങ്കിലും കഴിഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യം മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത് എന്നാണ് വാർത്തകൾ. സാധാരണ ഇത്തരം വിഷയങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ മുഖ്യമന്ത്രിക്കും എഡിജിപിക്കും ബിജെപി ബന്ധമെന്ന ആക്ഷേപത്തെ കുറിച്ചായിരുന്നു ചർച്ചകളത്രയും. അത് ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
സംസ്ഥാന അസംബ്ലിയിൽ എൻഡിഎയ്ക്ക് ഒരംഗം പോലും ഇല്ലാതിരിക്കെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരുവോട്ട് ദ്രൗപതി മുർമുവിന് ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് പിവി അൻവർ അടുത്തിടെ മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. അതിനെല്ലാമുള്ള ഉത്തരമാണ് ഈ വിവാദത്തിലൂടെ മറനീക്കുന്നതെന്ന് വിശ്വസിക്കുന്നവരുണ്ട്. ഉപതെരഞ്ഞെടുപ്പ് പ്രചാരണ മധ്യത്തിൽ പ്രതിപക്ഷം ഈ വിവാദം പൊട്ടിച്ചേക്കുമെന്നായപ്പോൾ അതു മറികടക്കാൻ പിണറായി ഒരുമുഴം നീട്ടിയെറിഞ്ഞെന്നാണ് കോൺഗ്രസ് ഉന്നത നേതൃത്വം വിലയിരുത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here