ലഹരി ബിസിനസ് സിപിഎമ്മിന് എന്നും തലവേദന…. അന്ന് മണിച്ചൻ ബന്ധം; ഇന്ന് ലഹരിയിടപാടുകളിലെ ചെറുപ്പക്കാരുടെ പങ്ക്

സിപിഎം അധികാരത്തിലിരുന്ന കാലത്തെല്ലാം മദ്യവും ലഹരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പതിവാണ്. ഏറ്റവുമൊടുവില്‍ കളമശ്ശേരി പോളിടെക്‌നിക്കില്‍ കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതാവിനെ പിടികൂടിയതിനെച്ചൊല്ലി ചേരിതിരിഞ്ഞ് ഭരണ – പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭരണ സ്വാധീനത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥി – യുവജന നേതാക്കള്‍ ലഹരി ഇടപാടുകളിലേക്ക് ഇറങ്ങുന്നത് പാര്‍ട്ടിക്കും തലവേദന ആകുകയാണ്.

കളമശ്ശേരി ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറ്‌സ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി സ്വദേശി ആര്‍ അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍, കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. ഇതില്‍ അഭിരാജ് എസ്എഫ്‌ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു.

1995ലെ എകെ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചതിനെ തുടര്‍ന്ന് നാട്ടിലാകെ വ്യാജ മദ്യലോബി തഴച്ചുവളര്‍ന്നു. 1996ല്‍ അധികാരത്തില്‍ വന്ന ഇകെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള യുവാക്കള്‍ മഹാരാഷ്ട, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് മദ്യനിര്‍മ്മാണത്തിനായി സ്പിരിറ്റ് കടത്തി. ഇത്തരം വ്യാജ മദ്യലോബിയുമായി സിപിഎമ്മിലെ നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിൻ്റെ തെളിവുകളും പുറത്തു വന്നതാണ്. സമാനമായ സ്ഥിതി വിശേഷമാണ് ലഹരി വിപണനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയരുന്നത്.

1996- 2001 കാലത്തെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് വ്യാജമദ്യലോബിയുടെ കൈയ്യില്‍ നിന്ന് സിപിഎം നേതാക്കള്‍ മാസപ്പടി വാങ്ങിയതിന്റെ കഥകള്‍ പുറത്തു വന്നതാണ്. സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സത്യനേശന്‍, കടകംപള്ളി സുരേന്ദ്രന്‍, കോലിയക്കോട് കൃഷണന്‍ നായര്‍, സിപിഐ. നേതാവ് ഭാര്‍ഗവി തങ്കപ്പന്‍ എന്നിങ്ങനെ നിരവധി നേതാക്കളുടെ പേരുകള്‍ കല്ലുവാതില്‍ക്കല്‍ വ്യാജമദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ മാസപ്പടി ഡയറിയിൽണ്ടായിരുന്നുവെന്ന ആക്ഷേപങ്ങള്‍ നിയമസഭയിലും പാര്‍ട്ടി രേഖകളിലും വന്നതാണ്.

2000 ഒക്ടോബറില്‍ കല്ലുവാതില്‍ക്കല്‍ നടന്ന വ്യാജമദ്യദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും, അഞ്ചു്പേര്‍ക്ക് പൂര്‍ണമായി കാഴ്ച നഷ്ടപ്പെടുകയും 266 പേര്‍ക്ക് ഗുരുതരമായ അസുഖങ്ങള്‍ ബാധിക്കുകയും ചെയ്തു. വ്യാജമദ്യലോബിയെ വളര്‍ത്തി നാട്ടിൽ കൂട്ടക്കൊല നടത്തിയ പാര്‍ട്ടിയാണ് സിപിഎം എന്നായിരുന്നു അവര്‍ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന ആക്ഷേപം. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് 40 സീറ്റ് ലഭിക്കാനിടയാക്കിയതും മദ്യവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ്.

മണിച്ചൻ്റെയും കൂട്ടരുടെയും ജീവപര്യന്തം ശിക്ഷ ഉറപ്പിച്ച 2011 ഏപ്രില്‍ നാലിൻ്റെ സുപ്രീം കോടതി വിധി നായനാര്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരായുള്ള കുറ്റപത്രമായിരുന്നു. വിധിയുടെ 59 മത്തെ ഖണ്ഡികയില്‍ സര്‍ക്കാരിനെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. ‘മണിച്ചനെപ്പോലുള്ള ഒരാള്‍ക്ക് വ്യാജ മദ്യത്തിന്റെ സാമ്രാജ്യം കെട്ടിപ്പെടുക്കാന്‍ സാധിച്ചത് അന്നത്തെ ഭരണ രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ പിന്‍ബലം കൊണ്ടാണ്, എന്നാണ് സുപ്രീം കോടതി പറഞ്ഞത്.

(Here was a person who was unabashedly running his empire of spurious liquor trade and for that purpose had purchased politicians including the public representatives, police officers and other officers belonging to the Excise Department. The trade was going unabated’) -Chandran @ Manichan @ Maniyan vs State Of Kerala on 4 April, 2011

സുപ്രീം കോടതിയുടെ രൂക്ഷമായ ഈ പരാമര്‍ശത്തിൻ്റെ പേരിൽ സിപിഎമ്മില്‍ എന്തെങ്കിലും തിരുത്തല്‍ നടപടിയോ ചര്‍ച്ചയോ നടന്നതായി കേട്ടിട്ടില്ല. ഇത്തരം മാഫിയാ കച്ചവടം നടത്തിയെന്ന് പരമോന്നത നീതിപീഠം പറഞ്ഞിട്ട് സിപിഎം ജനങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന എം സത്യനേശന്‍ മണിച്ചന്റെ കയ്യില്‍ നിന്നം 45 ലക്ഷം രൂപ വാങ്ങിയത് ഗള്‍ഫില്‍ ജയിലിലായിരുന്ന മരുമകനെ പുറത്തിറക്കാൻ വേണ്ടിയാണ്. ഇത് പുറത്തു വന്നതോടെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇത്തരക്കാരില്‍ നിന്ന് പാര്‍ട്ടി വന്‍ തോതില്‍ പണം വാങ്ങിയാണ് തിരുവനന്തപുരത്ത് പാര്‍ട്ടി ഫ്‌ളാറ്റ് സമുച്ചയവും എകെജി സെന്ററില്‍ എയര്‍ കണ്ടീഷന്‍ഡ് ഹാളും പണിതതെന്ന് സിപിഎം നേതാവായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top