വിവാദങ്ങള്‍ പിടിച്ചുലച്ചത് മുന്നണിയെ; നിര്‍ണായക എല്‍ഡിഎഫ് യോഗം ഇന്ന് ചേരും

ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആര്‍.അജിത്‌കുമാര്‍ നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ വിവാദമായി മാറിയിരിക്കെ നിര്‍ണായക എല്‍ഡിഎഫ് യോഗം ഇന്ന് നടക്കും. മൂന്ന് മണിക്ക് തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. വിവാദത്തിന്റെ പാശ്ചാത്തലത്തില്‍ ഘടകകക്ഷികള്‍ അഭിപ്രായം ഇന്ന് സിപിഎമ്മിനെ അറിയിക്കും.

ടി.പി.രാമകൃഷ്ണനെ ഇടതുമുന്നണി കണ്‍വീനര്‍ ആക്കിയ ശേഷമുള്ള ആദ്യയോഗമാണ് ഇന്ന് നടക്കുന്നത്. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍ കര്‍ശന നടപടി വേണം എന്ന നിലപാടാണ് സിപിഐക്ക് ഉള്ളത്. സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ തന്നെ വിവാദത്തില്‍ സംസ്ഥാന ഘടകത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ നിലപാടുകള്‍ ഇടതുമുന്നണിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നു എന്ന ആരോപണം ഈയിടെ നടന്ന സിപിഐ നിര്‍വാഹക സമിതിയോഗത്തില്‍ ഉയര്‍ന്നിരുന്നു.

ഇന്ത്യാ സഖ്യം മുന്നിലുണ്ടായിരിക്കെ സിപിഎമ്മുമായി മാത്രമാണോ സഖ്യം വേണ്ടത് എന്ന ചോദ്യമാണ് പി. സന്തോഷ്‌ കുമാര്‍ എംപി യോഗത്തില്‍ ഉയര്‍ത്തിയത്. എന്നാല്‍ സിപിഎം നിര്‍വാഹക സമിതിയോഗത്തില്‍ ഇടതുമുന്നണി വിടുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പി.അനില്‍ രംഗത്തുവരുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ നില്വവിലെ വിവാദങ്ങളില്‍ പാര്‍ട്ടിക്ക് ഉള്ള എതിര്‍പ്പ് ഇടതുമുന്നണി യോഗത്തില്‍ സിപിഐ ചൂണ്ടിക്കാണിക്കും.

ആര്‍ജെഡിയും തങ്ങള്‍ക്കുള്ള വിയോജിപ്പ്‌ യോഗത്തില്‍ അറിയിക്കും. വിവാദത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാകും യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുക. എന്തായാലും പതിവ് ഇടതുമുന്നണി യോഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ചൂടുപിടിച്ച ചര്‍ച്ചകള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top