“അന്ന് പറ്റിയത് നാക്കുപിഴ”; അവിശ്വാസത്തിന് മുമ്പേ തൊടുപുഴ നഗരസഭാ ചെയർമാൻ രാജിവെച്ചു
തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് രാജിവെച്ചു. കൈക്കൂലി കേസിൽ പ്രതിയായതിനെ തുടർന്ന് സിപിഎം രാജി ആവശ്യപ്പെട്ടെങ്കിലും സനീഷ് വഴങ്ങിയിരുന്നില്ല. തിങ്കളാഴ്ച എൽഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കവേയാണ് രാജി.
അവിശ്വാസ നീക്കവുമായി എൽഡിഎഫ് വന്നാൽ തനിക്കും ചില കാര്യങ്ങൾ പറയാനുണ്ടെന്ന് സനീഷ് നേരത്തേ വെല്ലുവിളിച്ചിരുന്നു. അന്നത്തെ സംസാരത്തിൽ നാക്കു പിഴ പറ്റിയെന്നും ഇതുവരെ ആരോടും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ഇന്ന് ഇടുക്കി പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സനീഷ് പറഞ്ഞു.
സമരങ്ങളെ തുടർന്നല്ല രാജി. സ്വതന്ത്ര കൗൺസിലറായി തുടരും. ഒരു രീതിയിലും അഴിമതിക്ക് കൂട്ട് നിന്നിട്ടില്ല. വിജിലൻസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇന്നു തന്നെ രാജിക്കത്ത് നൽകുമെന്നും സനീഷ് ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുമ്മംകല്ല് ബിടിഎം എൽപിസ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് സനീഷ് പ്രതിയായത്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാൻ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻ്റ് സിവിൽ എൻജിനീയർ സി.ടി. അജിയും ഇടനിലക്കാരനായ റോഷനും കഴിഞ്ഞ ജൂൺ 25നാണ് പിടിയിലായിരുന്നു. കേസിലെ രണ്ടാം പ്രതിയായ സനീഷ് നിലവില്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിലാണ്.
കാരൂപ്പാറ വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായ സനീഷിനെ എല്‍ഡിഎഫ് പിന്തുണ നൽകിയാണ് ചെയർമാനാക്കിയത്. 35 അംഗ നഗരസഭാ കൗൺസിലിൽ എൽഡിഎഫ്- 14 സീറ്റാണുള്ളത്. യുഡിഎഫ്-12, ബിജെപി- 8 എന്നിങ്ങനെയാണ് കക്ഷി നില.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പെട്ടേനാട് വാർഡിൽ നിന്നും മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും സനീഷിനെയും ഒപ്പം ചേർത്താണ് എൽഡിഎഫ് നഗരസഭാ ഭരണം പിടിച്ചെടുത്തത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ജെസി ജോണിയെ അയോഗ്യയാക്കിയതിനെ തുടർന്ന് ജൂലൈ 30ന് പെട്ടേനാട് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് നഗരസഭാ ചെയർമാൻ്റെ രാജി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here