എംഎല്‍എയെ പോലും അധിക്ഷേപിക്കുന്ന പിണറായി പോലീസ്; സിപിഐയില്‍ അമര്‍ഷം പുകയുന്നു

ഒരു എസ്എച്ച്ഒക്കെതിരെ സംസ്ഥാന സെക്രട്ടറി തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിലാണ് സിപിഐയില്‍ അമര്‍ഷം പുകയുന്നത്. എംഎല്‍എയെ രണ്ട് മണിക്കൂര്‍ സ്റ്റേഷനില്‍ കാത്തുനിര്‍ത്തിച്ചിട്ടും പരസ്യമായി അധിക്ഷേപിച്ചിട്ടും എസ്എച്ച്ഒക്ക് സംരക്ഷണം ലഭിക്കുന്നതിലാണ് പ്രതിഷേധം. അവകാശ ലംഘനത്തിന് എംഎല്‍എ സ്പീക്കര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് സ്റ്റഷന്‍ മാര്‍ച്ച് അടക്കമുളള സമരപരിപാടികളും സിപിഐ തുടങ്ങിയിട്ടുണ്ട്.

എംഎല്‍എ സികെ ആശയും വൈക്കം സ്റ്റേഷനിലെ എസ്എച്ച്ഒ കെജെ തോമസും തമ്മിലുളള തര്‍ക്കമാണ് ഇപ്പോള്‍ മറ്റൊരു തലത്തിലേക്ക് മാറികൊണ്ടിരിക്കുന്നത്.
വൈക്കം നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിലാണ് തര്‍ക്കം തുടങ്ങിയത്. ഒഴിപ്പിക്കല്‍ നടപടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ സിപിഐ, എഐടിയുസി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് സ്‌റ്റേഷനിലേക്ക് മാറ്റി. ഇതറിഞ്ഞ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായതെന്നാണ് സികെ ആശയുടെ പരാതി. എസ്എച്ച്ഒയെ ഫോണില്‍ വിളിച്ച് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിട്ടും എത്തിയില്ല. മാത്രമല്ല ‘അവള്‍ അവിടെ ഇരിക്കട്ടെ, എനിക്കിപ്പോള്‍ സൗകര്യമില്ല’ എന്ന് സംഘര്‍ഷസ്ഥലത്തു നിന്ന എസ്എച്ച്ഒ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതായും എംഎല്‍എ ആരോപിക്കുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെ മുഴുവന്‍ തള്ളുകയാണ് എസ്എച്ചഒ. സ്റ്റേഷനിലെത്തി എംഎല്‍എ ഡിവൈഎസ്പിയുമായി സംസാരിക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായാണ് എസ്എച്ച്ഒ പറയുന്നത്. എംഎല്‍എയെ അധിക്ഷേപിച്ച സംഭവം സിപിഐ ഗൗരവമായാണ് കാണുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു സ്‌റ്റേഷന്‍ എസ്എച്ച്ഒക്കെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതുകൂടാതെയാണ് സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് എംഎല്‍എ പരാതി നല്‍കിയത്. ഗവര്‍ണര്‍ക്കടക്കം പരാതി നല്‍കുമെന്ന് എംഎല്‍എ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം സര്‍ക്കാരിന്റെ പോലീസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കേണ്ട അവസ്ഥയുണ്ടായതില്‍ സിപിഐയില്‍ ഇപ്പോള്‍ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

നിലവില്‍ തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും സിപിഎമ്മിന്റേയും എസ്എഫ്‌ഐയുടേയും പ്രവര്‍ത്തനങ്ങളിലും സിപിഐക്കുളളില്‍ വലിയ എതിര്‍പ്പുണ്ട്. വിവിധഘട്ടങ്ങളില്‍ ഇക്കാര്യം തുറന്ന് തന്നെ പറയുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് ഇപ്പോള്‍ എംഎല്‍എയെ തന്നെ പിണറായി വിജയന്റെ പോലീസ് അധിക്ഷേപിക്കുന്ന സ്ഥിതിയുണ്ടായത്. ഇങ്ങനെ അപമാനം സഹിച്ച് മുന്നേട്ട് പോകേണ്ടെന്ന അഭിപ്രായം സിപിഐക്കുളളില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top