വിശ്വസ്തന് പേരിനൊരു സ്ഥാനചലനം മാത്രം; മുഖ്യമന്ത്രിക്കെന്ത് കരുതലെന്ന് ചോദ്യം; മുന്നണിയില്‍ മുറുമുറുപ്പ്
നിരവധി വിവാദങ്ങള്‍ ഉയരുകയും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും എഡിജിപി അജിത് കുമാറിനെതിരെ മുഖ്യമന്ത്രിയെടുത്തത് പേരിനൊരു നടപടി മാത്രം. ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കി ബറ്റാലിയന്‍ എഡിജിപിയായി തുടരാന്‍ അജിത് കുമാറിനെ അനുവദിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്തൊരു കരുതലാണ് മുഖ്യമന്ത്രിക്കെന്ന വിമര്‍ശനമാണ് ഉയരുന്നത്. കടുത്ത നടപടി എടുക്കേണ്ട വിഷയങ്ങള്‍ ഒട്ടേറെയുണ്ടായിട്ടും പേരിന് ഒരു നടപടി സ്വീകരിച്ച് വിശ്വസ്തനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി എന്നാണ് ആരോപണം
അജിത് കുമാറിനെതിരെ ആരോപണം ഉയര്‍ന്ന് 35 ദിവസത്തിന് ശേഷമാണ് ഒരു നടപടിയുണ്ടായിരിക്കുന്നത്. അതിനിടയില്‍ ഉണ്ടായത് നിരവധി സംഭവങ്ങള്‍. ഭരണകക്ഷി എംഎല്‍എയായ പിവി അന്‍വര്‍ സിപിഎമ്മിനെ തളളിപ്പറഞ്ഞ് സ്വതന്ത്രനായി. മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ ആവര്‍ത്തിച്ച് അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എകെജി സെന്റര്‍ കയറിയിറങ്ങി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന സാങ്കേതികത്വം പറഞ്ഞ് മുഖ്യമന്ത്രി നടപടി വൈകിപ്പിച്ചു. ഒടുവില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ ഇനിയും നീട്ടാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ഞായറാഴ്ച ദിവസം രാത്രി നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തി നടപടി സ്വീകരിച്ചുളള ഫയലില്‍ ഒപ്പിട്ടത്. അവിടേയും തീര്‍ന്നില്ല മുഖ്യമന്ത്രിയുടെ കരുതല്‍. അജിത് കുമാറിനെതിരെ എന്തിന് നടപടിയെടുത്തു, ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച എന്തെല്ലാം… ഇതൊന്നും പറയാതെ ഒതുക്കത്തില്‍ ഒരു വാര്‍ത്താക്കുറിപ്പ് മാത്രമാണ് പുറത്തിറക്കിയത്.
മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ ഇടതു മുന്നണിയില്‍ തന്നെ എതിര്‍പ്പുണ്ട്. ഈ നടപടിക്കാണോ ഒരു മാസത്തോളം സമയമെടുത്തതെന്ന ചോദ്യമാണ് ഉയരുന്നത്. തൃശൂര്‍ പൂരം അലങ്കോലമാക്കിയ വിവാദത്തോടെ കട്ടകലിപ്പില്‍ നിന്ന സിപിഐയെ നിശബ്ദമാക്കാനായി മാത്രം മുഖ്യമന്ത്രി എടുത്ത തീരുമാനമാണ് നടപടിയെന്നാണ് വിമര്‍ശനം. രാഷ്ട്രീയ വിജയം എന്ന് പുറമേ പറയുമ്പോഴും സിപിഐയും അതൃപ്തിയിലാണ്. എല്ലാവര്‍ക്കും വിജയം പറയാനും അജിത്കുമാറിനെ അധികം നോവിക്കാതെയും തലയൂരുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നാണ് അഭിപ്രായങ്ങള്‍.
എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ കടുത്ത വിമര്‍ശനമാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഡിജിപി പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി കേന്ദ്ര പിന്തുണ ഉറപ്പാക്കാനാണ് ആര്‍എസ്എസ് നേതാക്കളെ കണ്ടെതെന്ന സംശയമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതൊന്നും മിണ്ടാതെയാണ് മുഖ്യമന്ത്രി മുന്നോട്ടു പോകുന്നത്. ഈ നിലപാട് ഇനിയും തുടരാകാനാകില്ലെന്ന് മുന്നണിയില്‍ തന്നെ വിമര്‍ശനമുണ്ട്. ഇത് എവിടെ എങ്ങനെ ഉന്നയിക്കുമെന്ന ആലോചനയാണ് നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here