നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 25 സീറ്റ് കടക്കില്ല; പലർക്കും കെട്ടിവച്ച കാശ് കിട്ടില്ല; പിണറായിയുടെ കീർത്തി നിലനിർത്താനാണ് ശ്രമിച്ചതെന്ന് അൻവർ

മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചതിന് പിന്നാലെ വീണ്ടും വാർത്താസമ്മേളനം വിളിച്ച് കടന്നാക്രമണം നടത്തി പിവി അൻവർ. കേരളത്തിൽ ഇടതു മുന്നണിയുടെ നില പരിതാപകരമാണ് എന്ന് നിലമ്പൂർ എംഎൽഎ തുറന്നടിച്ചു. താൻ ഇപ്പോഴും എൽഡിഎഫിനൊപ്പമാണെന്ന് വ്യക്തമാക്കിയ അൻവർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണി തകർന്നടിയുമെന്ന മുന്നറിയിപ്പും നൽകി. ഇടത് മുന്നണിക്ക് 20-25 സീറ്റുകൾ കിട്ടുന്ന സാഹചര്യമേ നിലവിലുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടിവച്ച പണം കിട്ടാത്ത സ്ഥാനാർത്ഥികൾ വരെ ഉണ്ടാകുന്ന അവസ്ഥയിലേക്ക് സിപിഎം മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആരെയും താൻ അപകീർത്തിപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെയും പാർട്ടിയുടേയും അതിൻ്റെ കീർത്തി വരും കാലങ്ങളിൽ നിലനിൽക്കാനാണ് ആഗ്രഹിച്ചത്. അതിനു വേണ്ടിയാണ് അന്വേഷണം ആവശ്യപ്പെട്ടത്. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് കത്ത് ലഭിക്കുന്നത് വരെ അതിൻ്റെ ഭാഗമാണ്. പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും എൽഡിഎഫിനൊപ്പം തന്നെയാണ്. അവിടെ നിന്ന് മാറിനിൽക്കാൻ പറഞ്ഞാൽ മാറിനിൽക്കുമെന്നും ഇടത് എംഎൽഎ അറിയിച്ചു.

തൻ്റെ ആരോപണങ്ങൾ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാൻ തയ്യാറുണ്ടോ എന്നും അൻവർ ഇന്നും ആവർത്തിച്ചു. താൻ കോടതിയെ സമീപിക്കാൻ പോകുകയാണ്. ഹൈക്കോടതി തന്നെ സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കട്ടെ ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ടാണ് കോടതിയിൽ പോകുക. തൻ്റെ പങ്കും പങ്കും അന്വേഷിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി വെട്ടിപ്പ്, സ്വർണക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവയടക്കം എഡിജി എംആർ അജിത് കുമാറും സംഘവും നടത്തിയ കാര്യങ്ങൾ കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്കും ബോധ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് മാത്രം ബോധ്യമായില്ലെന്നും നിലമ്പൂർ എംഎൽഎ കുറ്റപ്പെടുത്തി.

അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി ഡൽഹിയിൽ വച്ച് ഇന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ എന്താണ് അതിന് പിന്നിലെന്ന സംശയമുണ്ടായിരുന്നു. അത് ശരിയെന്ന് തെളിഞ്ഞുവെന്നാണ് പിണറായി പറഞ്ഞത്. ആരോപണങ്ങൾക്കെല്ലാം മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ അക്കാര്യം തുറന്നുപറഞ്ഞു. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചു. അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുന്നു. മാധ്യമങ്ങൾക്ക് ഇനിയും കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടാവുമെന്ന് അറിയാം. എന്നാൽ അതിനെല്ലാം മറുപടി പിന്നീട് പറയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പാർട്ടിക്കും സർക്കാരിനും മുന്നണിക്കും എതിരെ അൻവർ ഉന്നയിച്ച എല്ലാ കാര്യങ്ങളും തള്ളിക്കളയുന്നു. അത് പൂർണമായും എൽഡിഎഫിനേയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ആരോപണമായേ കണക്കാക്കാനാകൂ. ഈ നിലപാട് നേരത്തെ ആരോപണങ്ങളിൽ നിശ്ചയിച്ച അന്വേഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ല. ഒരു എംഎൽഎ എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച കാര്യങ്ങളിൽ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏർപ്പെടുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അത് കൃത്യമായി നിഷ്പക്ഷമായി തുടരുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top