തൂണേരി ഷിബിൻ വധക്കേസിൽ ലീഗ് പ്രവർത്തകർ കുറ്റക്കാർ; പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കി

ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ നാദാപുരം തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍വെറുതേ വിട്ട മുസ്ലിം ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. വിചാരണ നേരിട്ട 17 പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ എരഞ്ഞിപ്പാലം മാറാട് പ്രത്യേക കോടതി വിധി റദ്ദാക്കി. ഒന്നു മുതല്‍ ആറു വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാർ നൽകിയ അപ്പീലിലാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 15ന് ശിക്ഷ വിധിക്കും. അന്നേ ദിവസം പ്രതികൾ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

2015 ജനുവരി 22ന് രാത്രിയായിരുന്നു ഷിബിൻ്റെ കൊലപാതകം നടന്നത്. രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും അതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുകയാണ് എന്നുമായിരുന്നു കീഴ്‌ക്കോടതി വിധിച്ചിരുന്നത്.


കേസിലെ മൂന്നാം പ്രതിയായ കാളിയാറമ്പത്ത് അസ്‌ലമിനെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ തെയ്യമ്പാടി മീത്തലെപുനച്ചിക്കണ്ടി ഇസ്മയിൽ (28), സഹോദരന്‍ മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്‌ലം (20), വാരാങ്കിതാഴെകുനി സിദ്ദിഖ്(30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസ്സമദ് -25), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ്(20), മൊട്ടെമ്മല്‍ നാസര്‍ (36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ (മുത്തു-25), എടാടില്‍ ഹസന്‍ (24), വില്ല്യാപ്പിള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കല്ലേരിന്റവിട ഷഫീഖ് (26), പന്തീരങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ല്യാര്‍(52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി (55) എന്നിവരാണ് യഥാക്രമം പ്രതികൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top