ഹിസ്ബുള്ളയുടെ അടിവേരറുത്ത് ഇസ്രയേൽ; സംഘടനയുടെ ഭാവി അവതാളത്തില്‍

ലെബനൻ ത്രീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്ക്ക് വീണ്ടും തിരിച്ചടി. തെക്കൻ ബെയ്റൂട്ടിൽ വെള്ളിയാഴ്ച രണ്ടു മണിക്കൂറുകളിലേറെ നീണ്ട വ്യോമാക്രമണത്തിൽ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുമെന്ന് വിലയിരുത്തപ്പെട്ട ഹാഷിം സഫീദ്ദീനും കൊല്ലപ്പെട്ടതായി സൂചനകൾ. ഇസ്രയേൽ ആക്രമണത്തിന് ശേഷം അദ്ദേഹവുമായുള്ള ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് ഹിസ്ബുള്ള കേന്ദ്രങ്ങൾ പറഞ്ഞതായി അന്തർദേശീയ വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 27ന് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്റല്ലയുടെ പിൻഗാമിയായി സംഘനയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നയാളായിരുന്നു ഹാഷിം സഫീദ്ദീന്‍. അദ്ദേഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഹിസ്ബുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേൽ ആക്രമണത്തിന് ശേഷം സഫീദ്ദീനുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് രണ്ട് ഹിസ്ബുള്ള ഉന്നതർ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് മേധാവി ഹജ്ജ് മുർതാദയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ആസ്ഥാനം ആക്രമിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തികേന്ദ്രങ്ങളിൽ തുടർച്ചയായി 11 വ്യോമാക്രമണങ്ങളാണ് വെള്ളിയാഴ്ച നടത്തിയത്. സെപ്റ്റംബർ 23 ശേഷം ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ സംഘടനയുടെ തലവനെയടക്കം ഒരു ഡസനിറെ മുതിർന്ന ഹിസ്ബുള്ള നേതാക്കളെയാണ് ഇസ്രയേൽ കൊന്നൊടുക്കിയത്. ഇക്കാലയളവിൽ 1,110-ലധികം ആളുകൾ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
ഹിസ്ബുള്ളയുടെ ഏറ്റവും ഉന്നത സമിതിയിലുള്ള നേതാക്കളെല്ലാം മരിച്ചതായിട്ടാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹാഷിം സഫീദീനും വെളിയാഴ്ച നടത്തിയ ആക്രമണത്തിൽ കൊല്ലപെട്ടതായി ഇസ്രയേൽ പ്രതിരോധ സേനയും (ഐഡിഎഫ്) കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here