പേജറുകൾക്ക് പിന്നാലെ വാക്കിടോക്കി പൊട്ടിത്തെറിച്ചു; ലെബനനിൽ തികഞ്ഞ അരക്ഷിതാവസ്ഥ; ഗാഡ്ജറ്റുകളെ പേടിച്ച് ജനം

പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട തീവ്രവാദ സംഘടനയായ ഹിസ്ബുല്ല പ്രവർത്തകരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെ കാത്തിരുന്നത് സമാന വിധി. ചടങ്ങിനിടെ ഉപയോഗിച്ച വാക്കിടോക്കി / വയർലെസ് പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. 300 പേർക്കെങ്കിലും പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്.
ഇതിന് പിന്നിലും ഇസ്രായേൽ ആണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ പൊട്ടിത്തെറിച്ച പേജറുകൾ ഓർഡർ ചെയ്ത് എത്തിച്ച അതേ സമയത്ത് തന്നെയാണ് വാക്കിടോക്കികളും എത്തിച്ചത് എന്നാണ് നിഗമനം. എന്നാൽ ഈ ഉപകരണങ്ങൾ ഉപയോഗിച്ചവരാരും അഞ്ച് മാസത്തോളം ഇത് അറിഞ്ഞില്ല എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്.
ആസൂത്രിത ആക്രമണങ്ങൾക്ക് പേരെടുത്ത ഇസ്രായേൽ ചാര ഏജൻസി മൊസാദിനെ ആണ് എല്ലാവരും സംശയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു പ്രതികരണത്തിനും ഇസ്രായേൽ തയ്യാറായിട്ടില്ല. തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല പ്രതികരിച്ചിട്ടുണ്ട്. പേജറുകൾ പൊട്ടിത്തെറിച്ച് 12 പേരാണ് മരിച്ചത്. മൂവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
തായ്‌വാൻ കമ്പനിയിൽ നിന്ന് വാങ്ങിയ ഉപകരണങ്ങളാണ് അപകടം ഉണ്ടാക്കിയത്. കമ്പനിയുമായി ബന്ധപ്പെട്ടവരെ സ്വാധീനിച്ച് മൊസാദ് ഇതിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചു എന്നാണ് നിഗമനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here