ഓരോ പേജറിലും 3 ഗ്രാം സ്ഫോടകവസ്തു; ഹിസ്ബുല്ലയെ വിറപ്പിച്ച സ്ഫോടനങ്ങള്‍; ഇസ്രയേലിന്റേത് ഏറ്റവും ആസൂത്രിത ആക്രമണം
ലബനനില്‍ ഇന്നലെ നടന്ന തുടര്‍ പേജര്‍ സ്ഫോടനങ്ങള്‍ ലോകത്തെ നടുക്കിയിരിക്കുകയാണ്. പതിനൊന്നു മരണങ്ങള്‍ക്കും 2800 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും ഇടവരുത്തിയ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ വലിയ ആസൂത്രണമാണ് നടന്നതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ തെളിയിക്കുന്നത്.
ഇന്നലത്തെ സ്ഫോടനങ്ങള്‍ക്ക് ഒരു മാസം മുന്‍പ് 5000 തായ്‌വാൻ നിര്‍മിത പേജറുകള്‍ക്ക് ഹിസ്‌ബുല്ല ഓര്‍ഡര്‍ ചെയ്തിരുന്നു. ഈ പേജറുകളില്‍ ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദ് ചെറിയ അളവില്‍ സ്ഫോടകവസ്തുക്കള്‍ നിഗൂഡമായി സ്ഥാപിച്ചിരുന്നുവെന്നാണ് ലബനീസ് അധികൃതര്‍ നല്‍കുന്ന വിവരം. ഹിസ്‌ബുല്ലയുടെ എല്ലാ സുരക്ഷാസംവിധാനങ്ങളും തകിടം മറിച്ചാണ് ഈ പേജറുകള്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനം കടുത്ത ആഘാതമേല്‍പിച്ചിരിക്കെ ഇസ്രയേലിനെതിരെ തിരിച്ചടിക്കുമെന്നാണ് ഹിസ്ബുല്ല പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ഹിസ്ബുല്ലകൾ പേജർ ഉപയോഗിക്കാൻ കാരണമെന്ത്? കാലഹരണപ്പെട്ട ഉപകരണം ലബനനിൽ വന്നതിൻ്റെ പിന്നിലെ രഹസ്യം
ഹിസ്‌ബുല്ല ഓര്‍ഡര്‍ ചെയ്ത ഗോൾഡ് അപ്പോളോയുടെ 5,000 പേജറുകള്‍ ഈ വർഷത്തിന്റെ തുടക്കത്തിലാണ് ലബനനില്‍ എത്തിയത്. എന്നാല്‍ സ്ഫോടനം നടന്നപ്പോള്‍ ഗോള്‍ഡ് അപ്പോളോ കൈകഴുകയാണ് ചെയ്തത്. പേജറുകള്‍ കമ്പനിയുടേത് അല്ലെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. ഗോള്‍ഡ് അപ്പോളോ ബ്രാന്‍ഡ് ഉപയോഗിക്കാന്‍ ഒരു യൂറോപ്യന്‍ കമ്പനിക്ക് അനുമതി നല്‍കിയിരുന്നു. ഈ കമ്പനിയുടേതാണ് ഉത്പന്നങ്ങള്‍. പേജറുകള്‍ ഗോള്‍ഡ് അപ്പോളോയുടെത് അല്ലെന്നും ബ്രാന്‍ഡ് മാത്രമാണ് അതിലുള്ളതെന്നും കമ്പനി തറപ്പിച്ചു പറയുകയും ചെയ്യുന്നു.
Also Read: ഹിസ്‌ബുല്ലക്ക് എത്തുംമുന്‍പ് പേജറുകള്‍ മൊസാദിന് ലഭിച്ചോ; ലബനനിലേത് ഇതുവരെ ലോകം കാണാത്ത സ്ഫോടന പരമ്പര
ലൊക്കേഷൻ ഇസ്രയേല്‍ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് ഹിസ്‌ബുല്ല ആശയവിനിമയത്തിനായി പേജറുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മൊസാദ് അതീവ രഹസ്യമായി പേജറില്‍ സ്ഫോടകവസ്തു അടക്കം ചെയ്യുകയായിരുന്നു. ഒരു പ്രത്യേക ബോര്‍ഡ് വച്ചതിനാല്‍ പരിശോധനയില്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. സ്ഫോടക വസ്തുക്കള്‍ സജീവമാക്കിയ ശേഷം കോഡ് ചെയ്ത സന്ദേശം അയച്ചപ്പോഴാണ് മൂവായിരത്തോളം പേജറുകള്‍ ഒരേ സമയം പൊട്ടിത്തെറിച്ചത് എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ഓരോ പേജറിലും ചുരുങ്ങിയത് മൂന്നു ഗ്രാമോളം സ്ഫോടകവസ്തു അടക്കം ചെയ്തിരുന്നു. പേജറുകള്‍ കൈവശം വച്ചിട്ടും മൂന്ന് മാസത്തോളം ഹിസ്ബുള്ളക്ക് പതിയിരിക്കുന്ന അപകടം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ഒരേസമയം മരണവും രക്തവും ചിന്തിയ ആക്രമണം ഹിസ്‌ബുല്ലയെ വിറപ്പിക്കുക തന്നെ ചെയ്തു. ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ സംഘർഷം ഒക്ടോബർ 7ന് ആരംഭിച്ച ശേഷം ഹിസ്‌ബുല്ലയ്ക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് പേജര്‍ ആക്രമണം. ഹിസ്ബുല്ല നേരിട്ട ഏറ്റവും വലിയ ഇന്റലിജന്‍സ് പരാജയം കൂടിയാണിത്.
ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഹിസ്‌ബുല്ലയുടെയും ഹമാസിന്റെയും നേതൃനിരയില്‍ നിന്നും 170 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ഇന്റലിജന്‍സ് പദ്ധതി ഹമാസ് ആസൂത്രണം ചെയ്തിരുന്നു. ഹിസ്‌ബുല്ല നേതാവ് ജനറല്‍ ഹസൻ നസ്‌റല്ല അനുയായികള്‍ക്ക് മൊബൈല്‍ ഫോണിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഇസ്രയേലി ചാരന്മാരെക്കാള്‍ അപകടകാരികളാണ് മൊബൈല്‍ ഫോണ്‍ എന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്. അവ ഒഴിവാക്കാനാണ് ആഹ്വാനം ചെയ്തത്. ആശയവിനിമയത്തിനായി പകരം പേജറുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
പേജര്‍ സ്ഫോടനങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പരുക്കുകള്‍ വളരെ ഗുരുതരമാണ്. ഞങ്ങള്‍ക്ക് ശരിക്കും അടിയേറ്റു എന്നാണ് ലബനന്‍ വക്താവ് വെളിപ്പെടുത്തിയത്. ഗാസ സംഘർഷത്തില്‍ ഇസ്രയേലും ഹിസ്ബുല്ലയും മുഖാമുഖം വന്നത് പശ്ചിമേഷ്യയില്‍ ആശങ്ക പരത്തിയിരുന്നു. ഇതിനിടയിലാണ് പേജർ സ്ഫോടനങ്ങളും നടന്നത്. ഇസ്രയേലും ഹിസ്‌ബുല്ലയും തമ്മില്‍ നിരന്തരം മിസൈല്‍ ആക്രമണം നടക്കുന്നുണ്ട്. ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ നേരിട്ട് ആക്രമണം നടത്തി വന്‍നാശം വിതച്ചിരുന്നു. ഇസ്രയേല്‍-ലബനന്‍ നേരിട്ടുള്ള യുദ്ധത്തിനുള്ള ഒരു സാധ്യത ഇപ്പോഴും ഉരുത്തിരിഞ്ഞു വന്നിട്ടില്ലെന്നാണ് പ്രതിരോധ വിദഗ്ധരുടെ നിഗമനങ്ങള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here