റിൻസണ്‍ ചതിയില്‍ കുടുങ്ങിയത് ആകാമെന്ന് അമ്മാവന്‍; ലബനന്‍ സ്ഫോടനത്തില്‍ ബന്ധമെന്ന വാര്‍ത്തയില്‍ കുടുംബത്തിന് ഞെട്ടല്‍
ലബനനിലെ പേജർ സ്ഫോടനത്തിൽ മലയാളിക്കെതിരെ അന്വേഷണം വന്നപ്പോള്‍ ഞെട്ടിയത് കേരളമാണ്. വയനാട് സ്വദേശിയായ റിന്‍സണിന് പേജര്‍ ഇടപാടുമായി ബന്ധമുണ്ടെന്നാണ് വാര്‍ത്തകള്‍ വന്നത്. റിന്‍സന്‍റെ ബള്‍ഗേറിയയിലെ ഷെല്‍ കമ്പനി നോർട്ട ഗ്ലോബൽ ലിമിറ്റഡാണ് പ്രതിക്കൂട്ടിലായത്.
പേജറിനായുള്ള 1.3 മില്യണ്‍ പൗണ്ട് ഇടനിലക്കാരനായ ക്രിസ്റ്റ്യാന ആർസിഡിയാക്കോണോ (Cristiana Arcidiacono Barsony) എന്ന ആള്‍ക്ക് കൈമാറിയത് ഈ കമ്പനിയാണ് എന്നാണ് വാര്‍ത്ത വന്നത്. സ്ഫോടന വിവരം വന്ന ശേഷം ഇയാളെക്കുറിച്ച് വിവരമില്ല. ബിസിനസ് ടൂറിലാണ് എന്ന കാര്യം മാത്രമാണ് പുറത്തുവന്നത്. റിന്‍സണ്‍ വിവാദത്തില്‍ കുരുങ്ങിയപ്പോള്‍ അമ്മാവന്‍ തങ്കച്ചന്‍ പ്രതികരിച്ചിട്ടുണ്ട്. റിന്‍സണ്‍ തെറ്റ് ചെയ്യില്ലെന്ന ഉറച്ച വിശ്വാസമാണ് ഉള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്.
“ചതിക്കപ്പെട്ടു എന്നാണ് സംശയിക്കുന്നത്. ഫോണില്‍ വിളിക്കാൻ ശ്രമിച്ചപ്പോൾകിട്ടിയിട്ടില്ല. ഭാര്യയുമൊത്താണ് അവിടെ താമസിക്കുന്നത്. വിവാദം വന്നതിന് ശേഷം ഇരുവരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ല. റിന്‍സന്‍റെ ഇരട്ട സഹോദരൻ കഴിഞ്ഞയാഴ്ച നാട്ടിൽ വന്ന് പോയതാണ്.” – തങ്കച്ചന്‍ പറഞ്ഞു.
അതേസമയം റിന്‍സന്‍റെ വയനാട്ടിലെ വീട്ടിലെത്തി സ്പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. റിന്‍സണ് നോര്‍വീജിയന്‍ പൗരത്വമാണ് ഉള്ളത്. പേജര്‍ വാങ്ങാനുള്ള പണം നല്‍കിയത് റിന്‍സന്‍റെ കമ്പനിയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നങ്കിലും പേജറുകളില്‍ എവിടെ വച്ചാണ് സ്ഫോടകവസ്തുക്കള്‍ നിറച്ചതെന്ന കാര്യം അജ്ഞാതമായി തുടരുകയാണ്. സ്ഫോടനത്തിന് ലബനന്‍ കുറ്റപ്പെടുത്തുന്നത് ഇസ്രയേലിനെയാണ്.
ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയുമായാണ് പേജര്‍-വാക്കിടോക്കി സ്ഫോടനങ്ങള്‍ നടന്നത്. ലബനന്‍ ആസ്ഥാനമായ ഹിസ്‌ബുല്ലയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. നടന്നത്. ആയിരക്കണക്കിന് പേജറുകള്‍ ആണ് ഒരേസമയം പൊട്ടിത്തെറിച്ചത്. 37 പേരാണ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. 3000ത്തോളം പേർക്ക് പരിക്കേറ്റു.
പേജര്‍ നിര്‍മ്മിച്ച തായ്‌വാന്‍ കമ്പനി കൈകഴുകിയതോടെയാണ് ഇവരുടെ ബ്രാന്‍ഡില്‍ പേജര്‍ നിര്‍മ്മിച്ച ബള്‍ഗേറിയന്‍ കമ്പനിയെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. ഈ കമ്പനിയുമായി ബന്ധപ്പെട്ടാണ് മലയാളി റിന്‍സണെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here