ഹിസ്‌ബുല്ലക്ക് എത്തുംമുന്‍പ് പേജറുകള്‍ മൊസാദിന് ലഭിച്ചോ; ലബനനിലേത് ഇതുവരെ ലോകം കാണാത്ത സ്ഫോടന പരമ്പര
ലോകത്ത് ഇതുവരെ നടന്നിട്ടില്ലാത്തത്ര ആസൂത്രിതവും ഭീകരവുമായ സ്ഫോടന പരമ്പരയാണ് ലബനനിലേത്. ആശയവിനിമയത്തിനു ഉപയോഗിക്കുന്ന പേജറുകളാണ് ഇന്നലെ വ്യാപകമായി പൊട്ടിത്തെറിച്ചത്. പതിനൊന്ന് പേരെങ്കിലും മരിക്കുകയും 2800 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഇസ്രയേല്‍ കണ്ടെത്തുന്നു എന്ന് മനസിലാക്കിയാണ് ആശയവിനിമത്തിന് പേജറുകള്‍ ഹിസ്‌ബുല്ല ഉപയോഗിക്കാന്‍ തുടങ്ങിയത്.
ഹമാസിന്റെ ബോംബ് നിര്‍മാതാവായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രയേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഹിസ്‌ബുല്ല പേജറുകളിലേക്ക് തിരിഞ്ഞത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാണ് 1996ല്‍ യഹ്യ കൊല്ലപ്പെട്ടത്. എന്നാലിപ്പോൾ ഇതേ പേജറുകൾ ബോംബിനു തുല്യമായി മാറുന്ന അതിവിചിത്രമായ അവസ്ഥയാണ് ഹിസ്ബുല്ല നേരിടുന്നത്.
ലബനനില്‍ നടന്ന പേജര്‍ ആക്രമണത്തിന് ശേഷം പ്രതികരണവുമായി ഹിസ്‌ബുല്ല രംഗത്തുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ എന്നാണ് ഹിസ്‌ബുല്ല ആരോപിച്ചത്. ഇസ്രയേലിന് തിരിച്ചടി നേരിടേണ്ടി വരുമെന്നും പറയുന്നു. ഹിസ്ബുല്ലയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ ലക്ഷ്യങ്ങൾ വിപുലീകരിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പേജർ ആക്രമണം ഉണ്ടായത് എന്നതാണ് ശ്രദ്ധേയം.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് അനുസരിച്ച് പേജറുകളില്‍ സ്ഫോടക വസ്തു ഒളിപ്പിച്ച് വയ്ക്കുകയും ബാറ്ററിയോട് ചേര്‍ന്ന് റിമോട്ട് കണ്‍ട്രോള്‍ സ്വിച്ച് ഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയാണ് സ്ഫോടനം നടത്തിയത്. പേജര്‍ ഉപയോഗിച്ചവര്‍ മാത്രമാണ് ആക്രമിക്കപ്പെട്ടത്. തൊട്ടടുത്തുള്ള ആളുകള്‍ക്ക് പരുക്ക് പറ്റിയിട്ടില്ല. ഇതുകൊണ്ട് തന്നെ പേജര്‍ ഉപയോഗിക്കുന്നവരെ മാത്രം ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നു ഇതെന്ന് വ്യക്തമാണ്.
ലബനീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് പേജറുകൾ ബീപ്പ് ശബ്ദം പുറപ്പെടുവിച്ചു. അതില്‍ നിന്നും പുക ഉയരുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇതോടെ പേജറുകള്‍ വലിച്ചെറിയാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
തായ്‌വാൻ നിര്‍മിതമാണ് സ്ഫോടനമുണ്ടാക്കിയ ഗോള്‍ഡ് അപ്പോളോ പേജറുകള്‍. എന്നാല്‍ തായ്‌വാൻ കമ്പനി ഇത് നിഷേധിക്കുകയാണ്. യൂറോപ്പിലെ ഒരു കമ്പനിക്ക് ബ്രാന്‍ഡ് ഉപയോഗിക്കാന്‍ അനുമതി നല്കിയിരുന്നെന്നും ഗോള്‍ഡ് അപ്പോളോ ബ്രാന്‍ഡിലുള്ള പേജറുകള്‍ യൂറോപ്യന്‍ കമ്പനിയാണ് നിര്‍മിച്ചത് എന്നുമാണ് ഇവരുടെ വെളിപ്പെടുത്തല്‍. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. യൂറോപ്പിലെ കമ്പനിയിലേക്കാണ് അന്വേഷണം നീളുന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹിസ്‌ബുല്ലയ്ക്കുള്ള പേജറുകള്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന് ആദ്യം ലഭിച്ചോ എന്ന സംശയമാണ് ഉയരുന്നത്. സ്ഫോടനത്തില്‍ മൊസാദിനെയും ഇസ്രയേലിനെയും ഹിസ്ബുല്ല കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ഒരു പ്രതികരണത്തിനും ഇസ്രയേല്‍ തയ്യാറായിട്ടില്ല. എന്നാല്‍ സ്ഫോടനത്തില്‍ പങ്കില്ലെന്നും ഇതുമായി ഒരു ബന്ധവുമില്ലെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്രമണ പരമ്പരയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ലെന്നാണ് യുഎസ് പ്രതികരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here