‘ഗാസയെ നശിപ്പിച്ചപോലെ ലെബനനെയും ഇല്ലാതാക്കും’; വരാൻ പോകുന്ന യുദ്ധത്തിൻ്റെ ആഴം വെളിപ്പെടുത്തി നെതന്യാഹു


ലെബനന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഷിയ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയെ രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിച്ചാൽ ഗാസയ്ക്ക് സമാനമായ വിധി രാജ്യത്തിന് നേരിടേണ്ടിവരുമെന്നാണ് താക്കീത്. തെക്കൻ ലെബനനിൽ വ്യോമാക്രമണത്തിനൊപ്പം കരയാക്രമണവും ശക്തമാക്കിയ പശ്ചാത്തലത്തിലാണ് താക്കീത് ലെബനീസ് ജനതയെ നേരിട്ട് അഭിസംബോധന ചെയ്യുന്ന വീഡിയോയിലാണ് ഗാസയെ നശിപ്പിച്ചത് പോലെ തകർക്കും എന്ന ഭീഷണിയുള്ളത്.


“ലെബനനിലെ ജനങ്ങളേ, ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, ഈ യുദ്ധം അവസാനിപ്പിക്കാൻ നിങ്ങളുടെ രാജ്യത്തെ ഹിസ്ബുള്ളയിൽ നിന്ന് സ്വതന്ത്രമാക്കുക” – എന്നാണ് വീഡിയോ ആരംഭിക്കുന്നത്. തെക്കൻ ലെബനനിലേക്ക് കൂടുതൽ സൈനികരെ ന്യസിച്ചിട്ടുണ്ട്. യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ പ്രദേശം വിട്ടുപോകാൻ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.


ഗാസ നേരിട്ട നാശത്തിലേക്കും കഷ്ടപ്പാടുകളിലേക്കും നയിക്കുന്ന യുദ്ധത്തിൻ്റെ അഗാധ ഗർത്തത്തിലേക്ക് വീഴാതിരിക്കാൻ ലെബനൻ ജനതക്ക് ഇപ്പോഴും അവസരമുണ്ട്. രാജ്യത്തിൻ്റെ രക്ഷയ്ക്ക് ഹിസ്ബുള്ളയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുക. തീവ്രവാദ സംഘടനയെ ജനങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ ഗാസയുടെ അതേ ഗതി തന്നെ ലെബനനും നേരിടേണ്ടിവരുമെന്നാണ് നെതന്യാഹുവിൻ്റെ മുന്നറിയിപ്പ്.


അതേസമയം ഇസ്രയേൽ ആക്രമണത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് ഹിസ്ബുളള നടത്തുന്നത്. ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിൽ ശക്തമായ മിസൈൽ ആക്രമണമാണ് ലെബനൻ സംഘടന നടത്തിയത്. 85ഓളം മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേലും സ്ഥിരീകരിച്ചു. ലെബനൻ ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം തുടർന്നാൽ ഇസ്രയേൽ നഗരങ്ങളിലും മറ്റ് പ്രദേശങ്ങളിലും തുടരാക്രമണം നടത്തുമെന്നും ഹിസ്ബുള്ള തിരിച്ചും മുന്നറിയിപ്പ് നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top