ഇനി മത്സരിക്കാനില്ലെന്ന് കെടി ജലീല്‍; അസ്വസ്ഥരാകുന്ന മലപ്പുറത്തെ സിപിഎം സഹയാത്രികര്‍
പിവി അന്‍വറിന് പിന്നാലെ കെടി ജലീലും നിര്‍ണ്ണായക നീക്കത്തില്‍. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് തവനൂര്‍ എംഎല്‍എ കെടി ജലീല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വ്യക്തമാക്കി. സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും ജലീല്‍ കുറിച്ചിട്ടുണ്ട്. ഇനി ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് ഇടത് എംഎല്‍എയുടെ പ്രഖ്യാപനം.
മലുപ്പുറം ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ ഇടത് എംഎല്‍എയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഭരണ മുന്നണിയിലെ എംഎല്‍എമാര്‍ക്ക് ഉദ്യോഗസ്ഥരില്‍ ഒരു സ്വാധീനവുമില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. സിപിഎമ്മിന് വലിയ സ്വാധീനമില്ലാതിരുന്ന മലപ്പുറം ജില്ലയില്‍ പല മണ്ഡലങ്ങളും ചുവന്നത് ഇത്തരം സഹയാത്രികരിലൂടെയായിരുന്നു. കെടി ജലീല്‍, പിവി അന്‍വര്‍, വി അബ്ദുറഹ്‌മാന്‍, കാരാട്ട് റസാഖ് എന്നിവരായിരുന്നു ഈ സഹയാത്രികരില്‍ പ്രമുഖര്‍. ഇതില്‍ മന്ത്രിയായ അബ്ദുറഹ്‌മാന്‍ സിപിഎമ്മില്‍ അംഗത്വമെടുത്തിട്ടുണ്ട്. മറ്റുള്ളവരെല്ലാം ഇപ്പോഴും ഇടത് സഹയാത്രികരായി തന്നെ മുന്നോട്ടു പോവുകയാണ്.
പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് പിവി അന്‍വറും കാരാട്ട് റസാഖും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഉന്നയിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാറിന് സ്വര്‍ണക്കടത്ത് അടക്കമുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പി ശശി സഹായം നല്‍കിയെന്ന് ആരോപണം അതീവ ഗുരുതരമാണ്. ശശിക്കെതിരായ ആരോപണമായി ഉന്നയിക്കുന്നതെങ്കിലും പ്രതികൂട്ടിലാകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.
പി ശശിയേയും എഡിജിപിയേയും ആരോപണ നിഴലിലാക്കുക മാത്രമാണോ ഈ ഇടത് സഹയാത്രികരുടെ പടനീക്കം എന്നതില്‍ ചര്‍ച്ച നടക്കുകയാണ്. ഇതിനു പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടോയെന്നും സിപിഎം സംശയിക്കുന്നണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here