ടോളിനെതിരെ പറഞ്ഞതെല്ലാം വിഴുങ്ങി സിപിഎം; കിഫ്ബി റോഡുകളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തെ ന്യായീകരിച്ച് ധനമന്ത്രിയും ദേശീയ നേതൃത്വവും
കിഫ്ബി പദ്ധതി പ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ ടോൾ പിരിവ് ഏർപ്പെടുത്താൻ ഇടത് സർക്കാർ. 50 കോടിക്ക് മുകളിൽ മുതൽമുടക്കി നിർമ്മിച്ച റോഡുകളിൽ മാത്രമാണ് ടോൾ ഈടാക്കുക. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചു. നിയമ, ധന മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. വിഷയം ഉടൻ മന്ത്രിസഭയുടെ പരിഗണനയിൽ വരുമെന്നാണ് റിപ്പോർട്ട്. ടോൾ പിരിവിനായി നിയമ നിർമാണമടക്കം നടത്താനാണ് നീക്കം.
ടോൾ പിരിവ് സംബന്ധിച്ച വാർത്ത ധനമന്ത്രി കെഎൻ ബാലഗോപാൽ സ്ഥിരീകരിച്ചു. കിഫ്ബിയുടെ നിലനിൽപ്പിന് വരുമാനം ആവശ്യമാണെന്നും അതിനാൽ പല ശുപാർശകളും നടപ്പിലാക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും മന്ത്രി അറിയിച്ചു. അതിനാൽ വരുമാനം ലഭിക്കുന്ന പല പദ്ധതികളും ഭാവിയിൽ പ്രതിക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടോൾ പിരിവ് സംബന്ധിച്ച വാർത്തകൾ തള്ളാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വരും ദിനങ്ങളിൽ വിവാദമായേക്കാവുന്ന തീരുമാനത്തേ ന്യായീകിച്ച് സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മറ്റിയുടേയും കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് രംഗത്തെത്തി. തീരുമാനം സർക്കാരിൻ്റ ഭരണപരമായ തീരുമാനത്തിൻ്റെ ഭാഗമാണ്. ഓരോ സാഹചര്യങ്ങൾക്കനുസരിച്ചാണ് പാർട്ടി തീരുമാനമെടുക്കുന്നതെന്നും കാരാട്ട് പറഞ്ഞു. ആദ്യം ടോളിനെ എതിര്‍ത്ത ഇപ്പോൾ സിപിഎം നിലപാട് മാറ്റിയതിനാൽ പാർട്ടിനയപ്രശ്നമില്ലെന്ന ന്യായീകരണമാണ് പിബി അംഗം നൽകുന്നത്.
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ നിലപാടിന് മാറ്റം വരുത്തിയതായിട്ടാണ് അദ്ദേഹത്തിൻ്റെ അവകാശവാദം. ഓരോ വിഷയത്തിലും സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കോൺഗ്രസ് അംഗീകരിച്ചതാണ്. അതിന് അനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും കാരാട്ട് പറഞ്ഞു.
മുൻകാലങ്ങളിൽ സിപിഎമ്മും ഇടതുപാർട്ടികളും കേന്ദ്ര സർക്കാരിൻ്റെ ടോൾ പിരിവിനെതിരെ വ്യാപക വിമർശനവും പ്രതിഷേധങ്ങളുമായിരുന്നു നടത്തിയിരുന്നത്. ഘടകകക്ഷിയായ സിപിഐയും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടോളിനെതിരെ നിലപാട് സ്വീകരിച്ച സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ നിലപാടും രാഷ്ട്രീയ കേരളം ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്.
അതേസമയം ടോള്‍ പിരിവിനായി കിഫ്ബി പഠനം തുടങ്ങിക്കഴിഞ്ഞു. ദേശിയ പാത അതോറിറ്റിയുടെ മാതൃകയിലാണ് ടോൾ പിരിവ് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ തീരുമാനം പ്രായോഗികമായ കാര്യമല്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പ്രതികരണം. തീരുമാനവുമായി മുന്നോട്ട് പോയാൽ എതിർക്കുമെന്ന നിലപാട് യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചു കഴിഞ്ഞു.സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ യുവജന സംഘടനയുടെ നീക്കം
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here