ഇടത് മന്ത്രിക്ക് സമരത്തെ പുച്ഛം!! സഖാക്കള്‍ വല്ലതും അറിയുന്നുണ്ടോ; അവകാശത്തിനായി പണിമുടക്കുന്നത് പ്രാകൃതമെന്നും ഗണേഷ് കുമാര്‍

കെഎസ്ആർടിസിയിലെ ഐൻടിയുസി അനുകൂല സംഘടനയായ ടിഡിഎഫിൻ്റെ പണിമുടക്ക് പരാജയപ്പെട്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രാകൃത സമരങ്ങൾ അനുവദിക്കില്ലെന്നും പണിമുടക്കിയവർ ജനങ്ങളോടാണ് വാശി കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷന് സമരം വഴിയുണ്ടായ നഷ്ടം സമരാഹ്വാനം നടത്തിയവരിൽ നിന്നും ഈടാക്കും. സമരത്തിൽ പങ്കെടുത്തവർക്ക്. നോട്ടീസ് നൽകും. 6.3 ശതമാനത്തിൻ്റെ കുറവ് മാത്രമാണ് കെഎസ്ആർടിസി സർവീസിൽ ഉണ്ടായിട്ടുള്ളത്. പണിമുടക്കിനെ അവഗണിച്ച ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമം ജനങ്ങളും വലിയ വിഭാഗം ജീവനക്കാരും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തിയെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളെ സമരം ചെയ്ത് ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. ഇന്നത്തെ സമരം ദുഖകരമാണെന്നും പ്രതിഷേധത്തെ ജനങ്ങളും തള്ളിയെന്നും മന്ത്രി പറഞ്ഞു. സമരത്തിന്റെ മറവിൽ കെഎസ്ആർടിസി ബസ് ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പോലീസ് അന്വേഷണവും വകുപ്പുതല അന്വേഷണവും നടക്കും. വാഹനം തകർത്തതിൽ ജീവനക്കാർ ഉണ്ടെങ്കിൽ അവരെ പിരിച്ചുവിടുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം തൊഴിലാളികൾ പണിമുടക്കി സമരം ചെയ്യുന്നത് പ്രാകൃതമാണെന്ന മന്ത്രിയുടെ നിലപാടിനെതിരെ വ്യാപക എതിർപ്പാണ് ഉയരുന്നത്. തൊഴിലാളികൾ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നത് വലിയ തെറ്റാണ് എന്നാരോപിക്കുന്നത് ഇടതുപക്ഷ മുന്നണി ഭരിക്കുമ്പോഴാണ് എന്നതാണ് ശ്രദ്ധേയം. ഇത് ഭരണകക്ഷി തൊഴിലാളി സംഘടനയിലും പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.

ഇന്നലെ അർദ്ധരാത്രി മുതലാണ് ടിഡിഎഫ് പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. പന്ത്രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ശമ്പളം എല്ലാ മാസവും അഞ്ചിനകം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ​ഗതാ​ഗത മന്ത്രിയുടെയും ഉറപ്പ് പാലിക്കാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ടിഡിഎഫ് നേതൃത്വത്തിൻ്റെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top