ആരാണീ മണ്ണുണ്ണികളെ സൃഷ്ടിക്കുന്നത്? ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെ പടച്ചു വിടുകയാണെന്ന് ഗുരുക്കള്‍
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന് പോലും മതിപ്പില്ല. മണ്ണുണ്ണികളെ സൃഷ്ടിച്ചു വിടുകയാണെന്നാണ് കൗണ്‍സില്‍ ചെയര്‍മാൻ ഡോ. രാജന്‍ ഗുരുക്കളുടെ വെട്ടിത്തുറന്ന് പറച്ചില്‍.
ചെയര്‍മാന്റെ കുമ്പസാരത്തിന് പിന്നാലെ ഇടതുപക്ഷ അധ്യാപക സംഘടനകളും ബുദ്ധിജീവികളും കട്ടക്കലിപ്പിലാണ്. നിലവിലെ സിസ്റ്റത്തോട് ചെയര്‍മാന് പുച്ഛമാണെങ്കില്‍ ഇതുവരെ വാങ്ങിയ ശമ്പളം തിരിച്ചടച്ച് സ്ഥലം കാലിയാക്കണമെന്നാണ് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെപിസിടിഎ) ഭീഷണി.
“ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നമ്മുടെ അധ്യാപകരും വിദ്യാര്‍ത്ഥികളും പുറകിലാണ്. ഇവിടെ വിദ്യാര്‍ത്ഥികള്‍ സ്വയം പഠിക്കുന്നില്ല. സ്പൂണ്‍ ഫീഡിംഗിലൂടെ അവര്‍ മണ്ണുണ്ണികളായിത്തീരുകയാണ്. ഇത്തരം വിദ്യാര്‍ത്ഥികളില്‍ നിന്നാണല്ലോ ഇവിടത്തെ അധ്യാപകരും ഉണ്ടാവുന്നത്. അവരെ എങ്ങനെ മികവുള്ള കേന്ദ്രങ്ങളിലെ അധ്യാപകരുമായി താരതമ്യം ചെയ്യും? അപൂര്‍വ്വം പേരൊഴിച്ചാല്‍ എന്തെങ്കിലും മികവ് തെളിയിച്ചവര്‍ വിദേശ സര്‍വ്വകലാശാലകളില്‍ നിന്ന് പരിശീലനം ലഭിച്ചവരാണ്”. രാജന്‍ ഗുരുക്കള്‍ ‘എഴുത്ത്’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇതിലെ മണ്ണുണ്ണി പരാമര്‍ശമാണ് അധ്യാപകരേയും ഇടത് അനുഭാവികളേയും പ്രകോപിപ്പിച്ചിരിക്കുന്നത്.
നര്‍ത്തകി സത്യഭാമ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെ മുന്നിൽനിര്‍ത്തി കറുത്ത മനുഷ്യരെ മുഴുവന്‍ നൃത്തവേദിയില്‍ നിന്ന് ഒഴിവാക്കാന്‍ പറഞ്ഞതിന് തുല്യമാണ് ഡോ. രാജന്‍ ഗുരുക്കളുടെ അഭിപ്രായം എന്നാണ് ഇടത് ബുദ്ധിജീവിയും അധ്യാപകനുമായ ഡോ. പികെ പോക്കറുടെ നിരീക്ഷണം. ഗുരുക്കളുടെ ജനാധിപത്യ ബോധമില്ലായ്മയാണ് മണ്ണുണ്ണി പരാമര്‍ശത്തിന് പിന്നിലെന്നാണ് പോക്കര്‍ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here