ഇടതുനേതാക്കൾ കുടുങ്ങുമ്പോൾ സാക്ഷികൾ മൊഴിമാറ്റുന്നത് ആദ്യമല്ല… കോഴിക്കോട് മെഡി. കോളജ് മോഡൽ തന്നെ, തലസ്ഥാനത്തെ ബാങ്ക് അക്രമത്തിലും !!

പ്രതികൾ പരാതിക്കാരെ സ്വാധീനിച്ച് കേസിൽ നിന്നൂരുന്നത് പുതിയ കാര്യമല്ല. ഭീഷണി മുതൽ സാമ്പത്തിക ഇടപാടുകൾ ഇതിന് കാരണമാകാറാണ്ട്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നിനെ സ്വാധീനിക്കാൻ ഇതിലേത് വഴിയാകും വേണ്ടിവരിക? സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) തിരുവനന്തപുരം ട്രഷറി ബ്രാഞ്ച് അടിച്ചുതകർത്ത സംഘത്തിനെതിരെ അഞ്ചുവർഷം മുൻപ് ഗുരുതര വകുപ്പുകൾ ചേർത്ത് പോലീസെടുത്ത കേസ് ആവിയായി. സാക്ഷികളായ ബാങ്ക് ജീവനക്കാർ ഒന്നടങ്കം മൊഴിമാറ്റിയതാണ് കാരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതിൽ പ്രതികളായിരുന്ന ഡിവൈഎഫ്ഐ നേതാക്കൾ, പരാതിക്കാർ മൊഴിമാറ്റിയതിനെ തുടർന്ന് കേസിൽ നിന്നൂരി പോയതിൻ്റെ പശ്ചാത്തലത്തിലാണ്, പുറത്തറിയിക്കാതെ എല്ലാവരും ചേർന്ന് മുക്കിയ മറ്റൊരു വൻ ഗൂഡാലോചനയുടെ തെളിവ് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നത്.
2019 ജനുവരി 8,9 തീയതികളിലായി നടന്ന പണിമുടക്കിൻ്റെ രണ്ടാം ദിനത്തിലാണ് തിരുവനന്തപുരത്ത് ഭരണസിരാ കേന്ദ്രത്തോട് ചേർന്ന എസ്ബിഐ ട്രഷറി ബ്രാഞ്ചിൽ ഒരുസംഘം കടന്നുകയറി അക്രമം നടത്തിയത്. കംപ്യൂട്ടറുകൾ തല്ലിത്തകർത്തു, ഫോണുകൾ എറിഞ്ഞുപൊട്ടിച്ചു, മാനേജരുടെ ക്യാബിൻ്റെ ചില്ലുകൾ തകർത്തു… ഇങ്ങനെയെല്ലാം 1,33,000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നാണ് ബാങ്ക് തന്നെ പോലീസിന് റിപ്പോർട്ട് നൽകിയത്. അക്രമിസംഘത്തിൽ ആകെ 15 പേരുണ്ടായിരുന്നു എന്നായിരുന്നു ബാങ്ക് ജീവനക്കാരുടെ ആദ്യമൊഴിയെങ്കിലും കേസായപ്പോൾ അത് എട്ടായി ചുരുങ്ങി. പോലീസ് അറസ്റ്റുചെയ്ത എട്ടുപേരും എൻജിഒ യൂണിയൻ്റെ തലസ്ഥാനത്തെ പ്രധാന നേതാക്കളായിരുന്നു.

എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് അനിൽ കുമാർ, ജില്ലാ സെക്രട്ടറി അംഗം ഹരിലാൽ, ഏരിയ കമ്മറ്റി സെക്രട്ടറി അശോക്, പി.കെ.വിനുകുമാർ, ബിജോയ് രാജ്, ശ്രീവത്സൻ, സുരേഷ് കുമാർ എന്നിവരായിരുന്നു പ്രതിപ്പട്ടികയിൽ. തുടക്കത്തിൽ ഒളിവിൽപോയ പ്രതികളെ സംരക്ഷിക്കാൻ വലിയ ശ്രമങ്ങൾ ഉണ്ടായെങ്കിലും അക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്ന് പൊതുവികാരം എതിരായതോടെ അറസ്റ്റ് ഒഴിവാക്കാനായില്ല. അറസ്റ്റ് ഉണ്ടായതോടെ എല്ലാവരും സസ്പെൻഷനിലുമായി. നഷ്ടം വരുത്തിയ തുക കെട്ടിവച്ച് ജാമ്യം നേടാൻ പ്രതികൾ ശ്രമിച്ചിട്ട് പോലും മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും പലവട്ടം അപേക്ഷ നിരസിച്ചു. നാശം വരുത്തിയതിൻ്റെ തോതിനേക്കാൾ പ്രതികൾ നടത്തിയ അക്രമത്തിൻ്റെ ഗൌരവസ്വഭാവം എടുത്ത് പരാമർശിച്ചായിരുന്നു അതെല്ലാം.
ഇങ്ങനെയെല്ലാം കോടതികൾ പരിഗണിച്ച കേസാണ് പുഷ്പംപോലെ അട്ടിമറിച്ചിരിക്കുന്നത്. അതും പ്രോസിക്യൂഷനൊപ്പം പരാതിക്കാരായി നിൽക്കേണ്ട പ്രധാനസാക്ഷികൾ കൂറുമാറിയെന്ന ഒറ്റക്കാരണം കൊണ്ട്. കൻ്റോൺമെൻ്റ് എസ്ഐ അടക്കം സാക്ഷികളായിരുന്ന പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് പ്രോസിക്യൂഷൻ വാദത്തിൽ ഉറച്ചുനിന്നത്. സ്വന്തം സംഘടനയുടെ പേരും പണിമുടക്കിൻ്റെ മുദ്രാവാക്യങ്ങളും വിളിച്ചുവന്ന സംഘം അക്രമത്തിനിടെ വിളിച്ചുപറഞ്ഞ തെറികളടക്കം മൊഴിയായി നൽകിയിരുന്ന ബാങ്ക് ജീവനക്കാർക്ക് പക്ഷെ കോടതിയിൽ എത്തിയപ്പോൾ അതൊന്നും ഓർമയില്ലാതെ പോയി. അതിലേക്ക് ലീഡ് ചെയ്യാനുള്ള ചോദ്യങ്ങൾ പലത് കോടതിയിൽ ഉന്നയിക്കപ്പെട്ടെങ്കിലും ഓർമയില്ലാ, ഓർമയില്ലാ എന്ന് മാത്രമായിരുന്നു മറുപടിയെന്ന് പ്രതികളെ വെറുതെവിട്ടു കൊണ്ടുള്ള ഉത്തരവിൽ കോടതി പറയുന്നു.

തന്നെ അസഭ്യം പറയുകയും തൻ്റെ മുന്നിൽ വച്ച് കമ്പ്യൂട്ടറും മൊബൈൽ ഫോണുകളും തകർക്കുകയും ചെയ്തുവെന്ന് സംഭവം നടന്നതിന് പിന്നാലെ തന്നെ പോലീസിന് മൊഴി കൊടുത്ത ബാങ്ക് ജീവനക്കാരൻ പിന്നീട് കോടതിയിൽ പറഞ്ഞത് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ: Some persons trespassed into the said branch and after abusing him had destroyed the computer which was kept in front of him. The said article came to an amount of Rs.1 lakh. He then stated he did not know the person who did the said act. ഇതേ ബ്രാഞ്ചിൽ ഡെപ്യൂട്ടി മാനേജരായിരുന്ന രണ്ടാം സാക്ഷിയും പറയുന്നത്, കമ്പ്യൂട്ടർ നശിപ്പിക്കുന്ന ശബ്ദം കേട്ടെങ്കിലും പ്രതികളെ ആരെയും മനസിലായില്ല എന്നാണ്: On that day some persons came to the cabin of the manager. He went there on hearing the sound of computer been broken by the accused. He further stated that he did not know the persons who did the said act.
നാലാം സാക്ഷിയായിരുന്ന ബ്രാഞ്ച് മാനേജർക്കാകട്ടെ അക്രമം നടന്ന തീയതി പോലും ഓർമയുണ്ടായിരുന്നില്ല, വിചാരണക്കായി കോടതിയിൽ ഹാജരാകുമ്പോൾ. എന്തോ പ്രശ്നം നടക്കുന്നതായി സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയെങ്കിലും ഒന്നും കണ്ടില്ല. പോലീസിന് മൊഴി നൽകിയിട്ടില്ല. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകളിൽ ഒപ്പിട്ടു കൊടുക്കുക മാത്രമാണ് ചെയ്തത്. ഇത്ര നിഷ്കളങ്കമാണ്, രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കിൻ്റെ ഏറ്റവും പ്രധാന ബ്രാഞ്ചുകളിലൊന്നിലെ മാനേജറുടെ മൊഴി: He further stated that he did not give statement to the police in this regard and also stated that he did not witnesses the incident. Police had simply asked him to sign in the mahazar. He was declared hostile by the prosecution.
സിസിടിവി ക്യാമറകളിൽ നിന്നുള്ള അക്രമത്തിൻ്റെ ദൃശ്യങ്ങൾ സംഭവത്തിന് പിന്നാലെ ബാങ്ക് തന്നെയാണ് പുറത്തുവിട്ടത്. മുദ്രാവാക്യം വിളിച്ച് അക്രമിസംഘം ഉള്ളിലേക്ക് കയറുന്നത് മുതൽ കമ്പ്യൂട്ടർ അടക്കം സാമഗ്രികൾ തല്ലിത്തകർക്കുന്നത് വരെയെല്ലാം ഓഡിയോ റെക്കോർഡിങ് അടക്കം ഇതിലുണ്ടായിരുന്നു. ലോകം മുഴുവൻ കണ്ട ഈ വീഡിയോയെക്കുറിച്ച് ഒരു പരാമർശം പോലും പ്രതികളെ വെറുതെവിട്ട് കൊണ്ടുള്ള കോടതി ഉത്തരവിൽ ഇല്ല. സാക്ഷികൾ കൂറുമാറിയിട്ടും തെളിവായി ഇതുപോലും കോടതിയിൽ ഹാജരാകാത്തതിൽ നിന്ന് പോലീസിൻ്റെയും പ്രോസിക്യൂഷൻ്റെയും ഒത്തുകളി വ്യക്തമാകും. പ്രധാന തൊണ്ടിവസ്തുവാകേണ്ട വീഡിയോക്ക് പകരം, പൊട്ടിയ രണ്ട് ചില്ലു കഷണങ്ങൾ മാത്രമാണ് മെറ്റീരിയൽ ഒബ്ജക്ട്സ് (Meterial Objects) എന്ന പേരിൽ ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്.
2022 ഓഗസ്റ്റ് 31ന് കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാർക്കെതിരെ നടന്ന അതിക്രമത്തിൻ്റെ സിസിടിവി ദൃശങ്ങളടക്കം പുറത്തുവന്ന് ലോകം മുഴുവൻ കണ്ടതാണ്. തിരുവനന്തപുരത്തെ ബാങ്ക് അതിക്രമം പോലെ തന്നെ ഇവിടെയും ഇതൊന്നും തെളിവായി കോടതിയിൽ എത്തിയില്ല. അഥവാ എത്തിയാലും മർദ്ദനമേറ്റവർ മൊഴി മാറ്റിയാൽ കാര്യമില്ല. ഒരാൾ മാത്രമാണ് പോലീസിന് നൽകിയ മൊഴിയിൽ ഉറച്ചുനിന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന കെ അരുൺ, മേഖലാ സെക്രട്ടറി എം കെ അഷിൻ, മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീർ, സിപിഎം ലോക്കൽ കമ്മിറ്റി അംഗം കെ രാജേഷ്, സജിൻ, നിഖിൽ സോമൻ, ജിതിൻലാൽ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here