ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; പ്രതികളെ അറസ്റ്റ് ചെയ്യാൻ നിയമോപദേശം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികളായ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് നിയമോപദേശം ലഭിച്ചു. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കാകും പോലീസ് നീങ്ങുക.

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്ന് വെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ് എന്ന ഉറച്ച നിലപാടിലാണ് പൊലീസ്. അതിനാല്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെയും, രണ്ട് നഴ്സുമാരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് തീരുമാനം.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഹർഷിനയുടെ മൂന്നാമത്തെ പ്രസവം നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം അമിതമായ വേദന അനുഭവപ്പെട്ടിരുന്നു. 2022 സെപ്റ്റംബർ 13 ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്കാൻ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി വ്യക്തമായത്. വയറ്റിൽ കുടുങ്ങിയ കത്രികയുമായി 5 വർഷമാണ് ഹർഷിന വേദന സഹിച്ചു ജീവിച്ചത്.

സെപ്റ്റംബർ 17 ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഹർഷിനയുടെ വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 26 നാണ് ഹർഷിന സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ.സുദർശന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 5 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിച്ചത്. കേസിൽ വഴിത്തിരിവായത് എംആര്‍ഐ റിപ്പോര്‍ട്ടായിരുന്നു.

വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് ദുരിതാശ്വസന നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു. നീതി തേടി മെഡിക്കല്‍ കോളജിന് മുന്‍പില്‍ ഹര്‍ഷിന തുടർന്ന സമരം ഇന്ന് 98 ദിവസങ്ങൾ പിന്നിടുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top