ലെഗിൻസിന്റെ പേരിൽ വിവാദത്തിലായ അധ്യാപികയ്ക്ക് സ്ഥലംമാറ്റം; ചോദ്യം ചെയ്ത പ്രധാനാധ്യാപിക അതേ സ്കൂളില്‍ തുടരും; ലെഗിന്‍സ് വിവാദത്തിലെ പ്രശ്ന പരിഹാരം ഇങ്ങനെ

മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണരീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടർന്ന് എടപ്പറ്റ സി.കെ.എച്ച്.എം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലുണ്ടായ വിവാദത്തിൽ പരിഹാരം. യു.പി വിഭാഗം അധ്യാപിക ലെഗിൻസ് ധരിക്കുന്നതു കാരണം കുട്ടികൾ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതാണ് പരാതിക്ക് കാരണമായത്. പരാതിയിൽ പരിഹാരം കാണാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് (ഡി.ഡി ) മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു.
അധ്യാപകരുടെ വസ്ത്രധാരണ രീതിയിൽ സർക്കാർ പറഞ്ഞിരിക്കുന്ന സൗകര്യപ്രദം എന്ന വാക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്ന് ഡി.ഡി. കമ്മീഷനെ അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവുണ്ടെന്ന് അധ്യാപിക കമ്മീഷനിൽ സമർപ്പിച്ച പരാതിയിയിലും സൂചിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് അധ്യാപികയെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റി. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥിൻ്റെ ഇടപെടലിനെ തുടർന്നാണ് പരിഹാരം. സ്‌കൂളിൽ തുടരാൻ അസൗകര്യമുണ്ടെന്ന് അധ്യാപിക നേരത്തെ ഡി.ഡിയെ അറിയിച്ചിരുന്നു
സർക്കാർ ജീവനക്കാരുടെ സേവന പെരുമാറ്റ ചട്ടങ്ങൾക്കുള്ളിൽ നിന്ന് രമ്യമായും സൗമ്യമായും തീർക്കേണ്ട ഒരു വിഷയം സങ്കീർണ്ണമാക്കിയതിൽ അധ്യാപികക്കും പ്രധാനാധ്യാപികക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് ഡി.ഡിയുടെ റിപ്പോർട്ടിൽ പറയുന്നു. പത്രമാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനകൾ ചട്ടവിരുദ്ധമാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് അധ്യാപിക അറിയച്ചതായും അതിൽ ഖേദം പ്രകടിപ്പിച്ചതായും ഡി.ഡി വ്യക്തമാക്കി. എന്നാൽ ലിംഗ വിവേചനം കാണിച്ച പ്രധാനാധ്യാപികയെ സ്ഥലം മാറ്റണമെന്ന് പരാതിക്കാരി കമ്മീഷൻ മുമ്പാകെ ആവശ്യപ്പെട്ടു.
പരാതിക്കിടനൽകാത്ത വിധം പ്രവർത്തിക്കാൻ പ്രധാനാധ്യാപികക്കും നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട അധ്യാപകർ ഇത്തരത്തിൽ ബാലിശമായി പെരുമാറരുതെന്ന് താക്കീത് നൽകിയ കമ്മീഷൻ ഇങ്ങനെയുള്ള സമീപനം അപലപനീയമാണെന്നും ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here