‘കാലിനേറ്റ പരിക്ക് നിസാരം, പ്രേക്ഷകരുടെ സ്നേഹത്തിനു നന്ദി’; കേരളത്തിൽ തിരികെ വരുമെന്ന് ലോകേഷ് കനകരാജ്
വിജയ് നായകനായ തമിഴ് ചിത്രം ‘ലിയോ’യുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ ഉണ്ടായ തിരക്കിനിടയിൽ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. കാലിനാണ് പരിക്കേറ്റത്. എന്നാൽ അദ്ദേഹത്തിന്റെ പരിക്ക് നിസാരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഗോകുലം മൂവീസ് പൂർണ സജീകരണങ്ങളോടെ നടത്തിയ വിജയഘോഷ പരിപാടികളിൽ ഗോകുലം എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയും പങ്കെടുത്തിരുന്നു. ലോകേഷിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നും പ്രാഥമിക ചികിത്സ നേടിയ ശേഷം അദ്ദേഹം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങുകയും ചെയ്തെന്ന് കൃഷ്ണമൂർത്തി അറിയിച്ചു.
പരിപാടിക്ക് ശേഷം ഇനിയും കേരളത്തിലേക്ക് തിരിച്ചെത്തുമെന്ന് ലോകേഷ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
“നിങ്ങളുടെ സ്നേഹത്തിന് നന്ദി കേരളം. പാലക്കാടെത്തി നിങ്ങളെ എല്ലാവരെയും കണ്ടതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആൾക്കൂട്ടത്തിനിടയിൽ ഒരു ചെറിയ പരിക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താൻ കഴിഞ്ഞില്ല. നിങ്ങളെ എല്ലാവരെയും കാണാൻ ഞാൻ തീർച്ചയായും കേരളത്തിലേക്ക് മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക.”
മികച്ച അഭിപ്രായങ്ങളും ഹൗസ്ഫുൾ ഷോകളുമായി റെക്കോർഡ് കലക്ഷനിലേക്ക് കുതിക്കുകയാണ് ‘ലിയോ’. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ‘ലിയോ’യിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മലയാളി താരം മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിച്ചത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ വിതരണ പങ്കാളി. മനോജ് പരമഹംസ ഛായാഗ്രഹണവും, അൻപറിവ് ആക്ഷനും ഫിലോമിൻ രാജ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here