തൊടുപുഴയിലും പുലി ഇറങ്ങി; രണ്ടാഴ്ച ഭീതി പടർത്തിയ അജ്ഞാതജീവി പുള്ളിപ്പുലിയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്; ഉടൻ കൂട് സ്ഥാപിക്കും, നാട്ടുകാർ ജാഗ്രത പാലിക്കണം

തൊടുപുഴ: ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖല കടുത്ത വന്യജീവി ആക്രമണ ഭീതിയിൽ തുടരുമ്പോള്‍ ലോറേഞ്ചായ തൊടുപുഴയിലും പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. രണ്ടാഴ്ചയിലേറെ ആയി വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നത് പതിവായതോടെ കരിങ്കുന്നം പ്രദേശത്ത് നാട്ടുകാർ ഭീതിയിലായിരുന്നു. വനംവകുപ്പ് സ്ഥാപിച്ച നാല് ക്യാമറകളില്‍ രണ്ടെണ്ണത്തിൽ കഴിഞ്ഞ ദിവസം പുലി പെട്ടതോടെയാണ് സ്ഥിരീകരിക്കാനായതെന്ന് തൊടുപുഴ റേഞ്ച് ഓഫീസര്‍ സിജോ സാമുവല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇതാദ്യമായാണ് ഈ മേഖലയില്‍ പുലിയിറങ്ങുന്നത്.

പുലിയാണെന്ന് തിരിച്ചറിഞ്ഞതോടെ കൂടുവച്ച് പിടിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള അനുമതി ലഭിച്ചു. പുലിയുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 15 ഹെക്ടർ വരുന്ന ഇല്ലിചാരി റിസര്‍വ് ഫോറസ്റ്റ് കരിങ്കുന്നത്തിന് സമീപത്തുണ്ട്. പാറക്കൂട്ടം നിറഞ്ഞ ഈ പ്രദേശത്താണ് പകൽ പുലി തങ്ങുന്നതെന്നാണ് കരുതുന്നത്. ഇതിന് ചുറ്റും ജനവാസമേഖലയാണ്. ഇവിടെയാരും ഇതുവരെ പുലിയെ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇടുക്കി വനമേഖലയിൽ നിന്നെത്തിയതാണ് എന്നാണ് അനുമാനം; റേഞ്ച് ഓഫീസര്‍ വിശദീകരിച്ചു. പുത്തന്‍പ്ലാവിലും കരിങ്കുന്നം ഇല്ലിചാരിയിലും വച്ച ക്യാമറകളിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കൂടാതെ പുലിയുടെ കാൽപാടുകളും തിരിച്ചറിഞ്ഞിട്ടുണ്ട്.

വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതിനാല്‍ നാട്ടുകാർ ആശങ്കയിലായിരുന്നു. രണ്ട് ആടുകള്‍, കോഴികള്‍, നായകള്‍ തുടങ്ങി പലതും കൊല്ലപ്പെട്ടു. രാത്രി പുറത്തിറങ്ങാന്‍ പോലും ആളുകള്‍ പേടിച്ചിരിക്കെയാണ് അജ്ഞാതജീവി പുള്ളിപ്പുലിയാണെന്ന് തിരിച്ചറിയുന്നത്. പുലിയാണെന്ന് സംശയം ഉണ്ടായെങ്കിലും ഈ പ്രദേശത്ത് മുൻപ് വന്യജീവി ശല്യമൊന്നും ഉണ്ടായിട്ടില്ല എന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാർ പലരും. വന്യജീവി സാന്നിധ്യമുള്ള വനമൊന്നും അടുത്തെങ്ങുമില്ല. തൊടുപുഴ ടൗണിനോട് ചേർന്ന പ്രദേശമാണ് ഇതെല്ലാം. ഒരുഭാഗത്ത് തൊടുപുഴ-പാലാ റോഡും മറുവശത്ത് തൊടുപുഴ-മൂലമറ്റം റോഡും, ഇതിനിടയിൽ വരുന്ന ഏതാനും കിലോമീറ്റർ പ്രദേശത്താണ് ഇപ്പോൾ പുലിയുള്ളത്.

മുൻപെങ്ങുമില്ലാത്ത വിധം വന്യജീവികൾ നാട്ടിലിറങ്ങുകയും സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്യുന്നത് ആവർത്തിക്കുന്നതോടെ സർക്കാരിനും തലവേദനയായിരിക്കുകയാണ്. ഇടുക്കിയിൽ മാത്രമല്ല, പത്തനംതിട്ടയിലും വയനാടിലും കണ്ണൂരിലുമെല്ലാം വന്യജീവി ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടതോടെ ഇവിടെയെല്ലാം ഇത് തിരഞ്ഞെടുപ്പിലും വിഷയമായിട്ടുണ്ട്. 13 വര്‍ഷത്തിനിടെ ഇടുക്കിയില്‍ മാത്രം വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 60 ലധികം പേരാണ്.

മുന്‍പ് വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് വന്യജീവി ആക്രമണം നടന്നതെങ്കില്‍ ഇപ്പോള്‍ ഇവ തൊടുപുഴ പോലെ ജനനിബിഡമായ നഗരപ്രദേശങ്ങളിലേക്കും എത്തുകയാണ്. കാര്യക്ഷമമായ ഇടപെടൽ നടത്താൻ സർക്കാരിന് കഴിയുന്നില്ല എന്നത് കൊണ്ട് തന്നെ ജനരോഷം ശക്തമാണ്. ആക്രമണം ഉണ്ടാകുന്നയിടങ്ങളിൽ ധനസഹായം കാര്യക്ഷമമായി എത്തിച്ച് പ്രതിഷേധം പിടിച്ചുനിർത്താനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top